ഇനി എങ്ങോട്ടാണ് പോകേണ്ടത്? എവിടെയാണ് സുരക്ഷിതം?

സുരക്ഷിതമെന്ന് ഇതുവരെ തോന്നിയിരുന്ന ഇടങ്ങളിലെല്ലാം ചോരക്കളമൊരുക്കുകയാണ് ഇസ്രായേൽ

Update: 2023-12-04 16:08 GMT
Editor : banuisahak | By : Web Desk

ബോംബാക്രമണം തുടരുന്നതിനിടെ തെക്കൻ ഗസ്സയിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇസ്രായേൽ. രണ്ട് മാസം മുമ്പ് യുദ്ധം ആരംഭിച്ചപ്പോൾ സുരക്ഷിത മേഖലയായി പ്രഖ്യാപിക്കപ്പെട്ട ഗസ്സ മുനമ്പിന്റെ തെക്കുഭാഗത്ത് ബോംബാക്രമണം ശക്തമാക്കാനാണ് ഇസ്രായേൽ നീക്കം. ചുരുക്കത്തിൽ ജീവൻ കയ്യിൽ പിടിച്ച് നീങ്ങാൻ ഗസ്സയിൽ ഫലസ്തീനികൾക്ക് ഒരു സ്ഥലവും ഇനി ബാക്കിയില്ല. 

ഇസ്രായേലിന്റെ തീരുമാനത്തെ ഫലസ്തീനികളും മനുഷ്യാവകാശ സംഘടനകളും ചോദ്യംചെയ്തു. ഒക്‌ടോബർ 13-ന് 24 മണിക്കൂറിനുള്ളിൽ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ ഉത്തരവിട്ടതിനെ തുടർന്ന് വടക്കൻ ഗസ്സയിൽ നിന്ന് ഒരു ദശലക്ഷത്തിലധികം ഫലസ്തീനികളാണ് തെക്കൻ ഗസ്സയിലേക്ക് പാലായനം ചെയ്തത്. സ്വന്തം മണ്ണുവിട്ട് പോകാൻ മനസ്സില്ലാതെ വടക്കൻ ഗസ്സയിൽ തുടർന്നവരെ ഇസ്രായേൽ കൊന്നൊടുക്കുകയും ചെയ്തു. നിരന്തരമായ ബോംബാക്രമണത്തിൽ 15,500ലധികം ആളുകൾക്ക് ജീവൻ നഷ്ടമായി കഴിഞ്ഞു. 

Advertising
Advertising

ഐക്യരാഷ്ട്രസഭയുടെ മാനുഷിക ഏജൻസിയായ OCHA കണക്ക് പ്രകാരം കുടിയൊഴിപ്പിക്കപ്പെട്ട 958,000 ഫലസ്തീനികൾ ഗാസയുടെ മധ്യഭാഗത്തും തെക്കുമുള്ള 99 UNRWA ഷെൽട്ടറുകളിൽ കഴിയുന്നുണ്ട്. ഇതിൽ 70 കേന്ദ്രങ്ങൾ തെക്കൻ ഗസ്സയിലെ റഫയിലും ഖാൻ യൂനിസിലുമാണുള്ളത്. 191,000 പേർ പൊതുവിദ്യാലയങ്ങൾ, ആശുപത്രികൾ, കല്യാണമണ്ഡപങ്ങൾ, ഓഫീസുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവിടങ്ങളിലാണ് അഭയം തേടിയിരിക്കുന്നത്. ശേഷിക്കുന്നവർ ബന്ധുക്കൾക്കൊപ്പം കഴിയുന്നു. 

 UNRWA അഭയാർത്ഥി കേന്ദ്രങ്ങളുടെ അവസ്ഥ അതിദാരുണമാണ്. ആളുകൾ ഇവിടെ തിങ്ങിപ്പാർക്കുകയാണ്. വൃത്തിഹീനമായ അവസ്ഥയിലാണ് ഭൂരിഭാഗം അഭയാർത്ഥി കേന്ദ്രങ്ങളും. ഇതുമൂലം അണുബാധകളും ഹെപ്പറ്റൈറ്റിസ് എ പോലുള്ള രോഗങ്ങളും ആളുകളിൽ പടർന്നുപിടിക്കുന്നു. 

സുരക്ഷിതമെന്ന് ഇതുവരെ തോന്നിയിരുന്ന ഇടങ്ങളിലെല്ലാം ചോരക്കളമൊരുക്കുകയാണ് ഇസ്രായേൽ. അപകടകരമായ പോരാട്ട മേഖലയായി ഖാൻ യൂനിസിനെ ഇസ്രായേൽ പ്രഖ്യാപിച്ചുകഴിഞ്ഞു. 430,000 ആളുകളാണ് ഇവിടെ വസിക്കുന്നത്. ഞായറാഴ്ച, ഖാൻ യൂനിസിലെ 20 ശതമാനം പേരെ ഉടൻ ഒഴിപ്പിക്കാൻ ഇസ്രായേൽ സൈന്യത്തെ നിയോഗിച്ചുകഴിഞ്ഞു. 21 അഭയാർത്ഥി കേന്ദ്രങ്ങളും 50,000ത്തിലേറെ കുടിയൊഴിപ്പിക്കപ്പെട്ടവരും വസിക്കുന്നയിടം കൂടിയാണ് ഖാൻ യൂനിസ്. 

വെടിനിർത്തൽ പിൻവലിച്ച ശേഷം കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ഗസ്സയിൽ 800-ലധികം ഫലസ്തീനികളെ കൊലപ്പെടുത്തിയ നരനായാട്ട് ഫലസ്തീനിലുടനീളം വ്യാപിപ്പിക്കുന്ന സാഹചര്യത്തിലാണ് ഇസ്രായേലിന്റെ പുതിയ ഉത്തരവ്. റഫയിലേക്ക് മാറാൻ ഇസ്രായേൽ ഉത്തരവിട്ടിരുന്നെങ്കിലും അവിടെയും രക്ഷയില്ലാത്ത അവസ്ഥയാണെന്നാണ് ജനങ്ങൾ പറയുന്നത്. 

പലായനം ചെയ്യുന്നവർക്ക് നേരെയും വെടിയുതിർക്കുന്നു, ബോംബാക്രമണം നടത്തുന്നു. ജീവൻ രക്ഷിക്കാൻ ഓരോ സ്ഥലത്തേക്ക് മാറുമ്പോഴും അവിടെയും ആക്രമണം തുടരുകയാണ്. ഇനി എങ്ങോട്ടാണ് പോകേണ്ടത് എന്ന ചോദ്യം മാത്രമാണ് ബാക്കിയാകുന്നത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News