കൊടും പട്ടിണിക്കിടയിലും ഗസ്സയ്ക്കുമേൽ ക്രൂരത അഴിച്ചുവിട്ട് ഇസ്രായേൽ; 24 മണിക്കൂറിനിടെ 75 മരണം
അതിനിടെ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ബന്ദിയുടെ ചിത്രം ഹമാസ് പുറത്തുവിട്ടു
തെൽ അവിവ്: കൊടും പട്ടിണിയുടെ പിടിയിലമർന്ന ഗസ്സക്കുമേൽ ക്രൂരതാണ്ഡവം തുടർന്ന് ഇസ്രായേൽ സേന. ഇന്നലെ കൊല്ലപ്പെട്ടത് 75 ഫലസ്തീനികളാണ്. ഭക്ഷണം തേടിയെത്തിയവർക്ക് നേരെ നടന്ന വെടിവെപ്പിൽ 5പേരാണ് കൊല്ലപ്പെട്ടത്. അതിനിടെ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ബന്ദിയുടെ ചിത്രം ഹമാസ് പുറത്തുവിട്ടു.
അന്തർദേശീയ സമൂഹത്തിന്‍റെ എതിർപ്പും പ്രതിഷേധവും വകവെക്കാതെ ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 75 ഫലസ്തീനികളാണ് ഇന്നലെ കൂട്ടക്കുരുതിക്കിരയായത്. താൽക്കാലിക ഭക്ഷ്യവിതരണത്തിനായി ഇസ്രായേലും അമേരിക്കയും ആരംഭിച്ച ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ കേന്ദ്രത്തിനു മുന്നിലെത്തിയ ഫലസ്തീനികൾക്കു നേരെ നടന്ന വെടിവെപ്പിൽ 5 പേർ കൊല്ലപ്പെട്ടു. ഭക്ഷ്യവിതരണം നിർത്തിവെച്ചത് അറിയാതെ ഇവിടേക്കെത്തിയതായിരുന്നു ഈ പട്ടിണിപ്പാവങ്ങൾ. കഴിഞ്ഞ ആഴ്ച നടന്ന വെടിവെപ്പ് സംഭവങ്ങളിൽ 110 പേർ കൊല്ലപ്പെടുകയും ആയിരത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.അതിനിടെ, ആക്രമണത്തിൽ പരിക്കേറ്റ ഇസ്രായേൽ ബന്ദി മതാൻ സൻഗോക്കറിന്‍റെ ചിത്രം ഹമാസ് പുറത്തുവിട്ടു.
ഇയാളെ രക്ഷിക്കാനുള്ള ഇസ്രായേൽ സേനയുടെ നീക്കമാണ് പരിക്കേൽക്കാൻ കാരണമെന്ന് ഹമാസ് അറിയിച്ചു. നെതന്യാഹു തുടരുന്ന ആക്രമണ നടപടികൾ ബന്ദികളുടെ ജീവൻ കൂടുതൽ അപകടത്തിലാക്കിയതായി ബന്ധുക്കൾ കുറ്റപ്പെടുത്തി. ബന്ദികളുടെ മോചനത്തിന് ഉടൻ വെടിനിർത്തൽ കരാർ വേണമെന്ന് ഇസ്രായേൽ ഡമോക്രാറ്റിക് അലയൻസ് നേതാവ് യായിർ ഗൊലാൻ ആവശ്യപ്പെട്ടു. ഹമാസിനെ അമർച്ച ചെയ്യാനും ബന്ദികളുടെ മോചനത്തിനും ഇസ്രായേലിനൊപ്പം നിലയുറപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ പറഞു.
ഇസ്രായേൽ ഉപരോധം ലംഘിക്കാൻ ഫ്രീഡം ഫ്ളോട്ടിലയുടെ ഭാഗമായി ഇറ്റലിയിൽ നിന്ന് പുറപ്പെട്ട പ്രതീകാത്മക സഹായ കപ്പൽ മെഡ്ലീൻ ഗസ്സ തീരത്തോട് അടുക്കുന്നതായി സംഘാടകർ അറിയിച്ചു. പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുംബർഗ് ഉൾപ്പെടെ 12 ആക്റ്റിവിസ്റ്റുകളാണ് കപ്പലിലുള്ളത്. ബലം പ്രയോഗിച്ച് കപ്പൽ തടയാൻ ഇസ്രായേൽ സേന തയാറെടുക്കുന്നതായും റിപ്പോർട്ടുണ്ട്.