ഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ;ബഹുനില കെട്ടിടങ്ങളും താമസ കേന്ദ്രങ്ങളും തകർത്തു

വംശഹത്യ അവസാനിപ്പിച്ച്​ ഇസ്രായേൽ സൈന്യം പിൻവാങ്ങിയാൽ മുഴുവൻ ബന്ദികളെയും കൈമാറുമെന്ന്​ ഹമാസ്​

Update: 2025-09-07 01:57 GMT
Editor : Lissy P | By : Web Desk

ഗസ്സ സിറ്റി: ഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. ബഹുനില കെട്ടിടങ്ങളും താമസ കേന്ദ്രങ്ങളും ഇസ്രായേൽ തകർത്തു. ഇന്നലെമാത്രം 67 പേരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗസ്സ സിറ്റി കീഴടക്കാൻ കൂടുതൽ ശക്​തമായ ആക്രമണങ്ങൾക്ക്​ ഒരുങ്ങുകയാണെന്ന്​ ഇസ്രായേൽ സേന അറിയിച്ചു.

ആക്രമണം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ലക്ഷക്കണക്കിന്​ ഫലസ്തീനികളോട്​ തെക്കൻ ഗസ്സയിലേക്ക്​ ഒഴിഞ്ഞു പോകാനാണ്​ സേന നിർദേശിച്ചിരിക്കുന്നത്​. ഗസ്സ സിറ്റിയിലെ മറ്റൊരു ബഹുനില കെട്ടിടം കൂടി ഇസ്രായേൽ ബോംബിട്ട്​ തകർത്തു. ഇവിടെയുള്ള താമസക്കാരോട്​ ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ട്​ മണിക്കൂറുകൾക്കകമാണ്​ ബോംബിങ്​ നടന്നത്​. 67 പേരെയാണ്​ ഇന്നലെ ഇസ്രായേൽ കൊന്നുതള്ളിയത്​. ഇവരിൽ പകുതിയിലേറെ പേരും ഗസ്സ സിറ്റിയിലുള്ളവരാണ്​.

Advertising
Advertising

സഹായം തേടിയെത്തിയവർക്ക്​ നേരെ നടന്ന വെടിവെപ്പിൽ 20 പേരാണ്​ കൊല്ലപ്പെട്ടത്​. വാസകേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും തകർത്ത്​ ജനങ്ങളെ പുറന്തള്ളാനുള്ള ആസൂത്രിത നീക്കമാണ്​ അരങ്ങേറുന്നത്​. ഇസ്രായേൽ നടത്തുന്ന ആക്രമണം ഫലസ്തീനികൾക്കിടയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ മുന്നറിയിപ്പ് നൽകി.

അതിനിടെ, അമേരിക്ക ഹമാസുമായി വളരെ തീവ്രമായ ചർച്ചയിലാണെന്നും എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് പറഞ്ഞു. ബന്ദികളെ പിടിച്ചുവെക്കുന്നത് തുടർന്നാൽ സ്ഥിതി ദുഷ്കരവും മോശവുമാകുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ഗസ്സയിൽ നടത്തുന്ന വംശഹത്യ അവസാനിപ്പിച്ച്​ ഇസ്രായേൽ സൈന്യം പിൻവാങ്ങിയാൽ മുഴുവൻ ബന്ദികളെയും കൈമാറുമെന്ന്​ ഹമാസ്​ ആവർത്തിച്ചു. ബന്ദികളുടെ ജീവൻ അപകടത്തിലാക്കുന്ന ആക്രമണ പദ്ധതി ഉപേക്ഷിച്ച്​ ഹമാസുമായി ഉടൻ കരാറിൽ എത്തണം എന്നാവശ്യപ്പെട്ട്​ ഇസ്രായേൽ നഗരങ്ങളിൽ വൻ പ്രതിഷേധ റാലികൾ നടന്നു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി തുനീഷ്യയിൽ സംഗമിച്ച 'ഗ്ലോബൽ സുമുദ് ഫ്ലോട്ടില'യെന്ന ചെറുകപ്പൽവ്യൂഹം ഇന്ന്​ തുനീഷ്യയിൽ നിന്ന്​ ഗസ്സയിലേക്ക്​ പുറപ്പെടും. ഗസ്സയിലേക്ക് ഭക്ഷണവും മാനുഷിക സഹായവുമായി പുറപ്പെടുന്ന സംഘത്തെ തടയാൻ വിപുലമായ ഒരുക്കങ്ങളാണ്​ ഇസ്രായേൽ നടത്തുന്നത്​.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News