രണ്ടു വർഷത്തിനിടെ ഗസ്സയിൽ ഇസ്രായേൽ കൊന്നൊടുക്കിയത് 70,100 ഫലസ്തീനികളെ; പരിക്കേറ്റത് ഒന്നേമുക്കാൽ ലക്ഷത്തിലധികം പേർക്ക്

തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന്​ ഇപ്പോഴും നിരവധി മൃതദേഹങ്ങളാണ്​ രക്ഷാപ്രവർത്തകർ പുറത്തെടുക്കുന്നത്​

Update: 2025-11-30 04:05 GMT
Editor : Lissy P | By : Web Desk

ഗസ്സ സിറ്റി:രണ്ടു വർഷത്തിനിടെ, ഗസ്സയിൽ ഇസ്രായേൽ കൊന്നൊടുക്കിയ ഫലസ്​തീനികളുടെ എണ്ണം എഴുപതിനായിരം കടന്നു. 2023 ഒക്​ടോബർ മുതൽ ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 70,100 ആയി. ഇവരിൽ നല്ലൊരു പങ്ക്​ സ്ത്രീകളും കുട്ടികളുമാണ്​. ഗസ്സ ആരോഗ്യ മന്ത്രാലയമാണ്​ കണക്കുകൾ പുറത്തുവിട്ടത്​​. 1,70,900 പേർക്കാണ്​ രണ്ടു വർഷത്തിലേറെ നീണ്ട ആക്രമണങ്ങളിൽ പരിക്കേറ്റത്​.

ഒക്​ടോബർ പത്തിന്​ പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ച്​ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 360ൽ അധികം പേരാണ്​ കൊല്ലപ്പെട്ടത്​. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന്​ ഇപ്പോഴും നിരവധി മൃതദേഹങ്ങളാണ്​ രക്ഷാപ്രവർത്തകർ പുറത്തെടുക്കുന്നത്​. കിഴക്കൻ ഖാൻ യൂനുസിലെ ബനീ സുഹൈലയിൽ ഇന്നലെ ഇസ്രായേൽ നടത്തിയ ഡ്രോൺ ​ആക്രമണത്തിൽ രണ്ട്​ കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു. റഫയിൽ യെല്ലോ ലൈൻ മറികടന്ന്​ സൈന്യത്തിന്​ ഭീഷണി ഉയർത്തിയ മൂന്നുപേരെ വധിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു.

Advertising
Advertising

ഗസ്സയുടെ വിവിധ ഭാഗങ്ങളിലായി ഇസ്രായേൽ വ്യോമാക്രമണവും നടത്തി. അധിനിവിഷ്ട വെസ്റ്റ്​ ബാങ്കിലും ഇസ്രായേൽ അതിക്രമങ്ങൾക്ക്​ ഒരു മാറ്റവുമില്ല. വെസ്റ്റ് ബാങ്കിലെ ഗവർണറേറ്റായ തുബാസിൽ ഇസ്രായേൽ സൈന്യം നടത്തിയ ​ആക്രമണങ്ങളിൽ ഇതിനകം 200 ലധികം ഫലസ്തീനികൾക്കാണ്​ പരിക്കേറ്റത്​. കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ തുബയിൽ നിന്ന് മാത്രം സൈന്യം 200 ഫലസ്തീനികളെയെങ്കിലും കസ്റ്റഡിയിലെടുത്തു.

ഖൽഖില്യ, ജെനിൻ, നബുലസ് എന്നിവിടങ്ങളിലും ഇസ്രായേൽ റെയ്ഡ്​ നടത്തി നിരവധി പേരെ കസ്റ്റഡിയിലെടുത്തു. ഗസ്സക്കും വെസ്റ്റ്​ ബാങ്കിനും പിന്നാലെ ലബനാൻ, സിറിയ രാജ്യങ്ങൾക്ക്​ നേരെയും ഇസ്രായേൽ നടത്തുന്ന കടന്നുകയറ്റം ഗുരുതര സാഹചര്യം രൂപപ്പെടുത്തിയതായി സൗദി അറേബ്യ ഉൾപ്പെടെ അറബ്​ ലീഗ്​ കുറ്റപ്പെടുത്തി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News