ജറുസലെം: ഗസ്സയിൽ ഫലസ്നീകൾക്കെതിരായ വംശഹത്യ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പിനെ നേരിടുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു. ഇസ്രായേൽ പാർലമെന്റായ നെസെറ്റിലെ 120 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയും നേതൃത്വം നൽകുന്ന തീവ്രവലതുപക്ഷ മുന്നണിയും ഭരണത്തുടർച്ച ലക്ഷ്യമിടുമ്പോൾ മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ട് നയിക്കുന്ന 'യാഷാർ' പാർട്ടി ഉൾപ്പെടുന്ന പ്രതിപക്ഷ സഖ്യം വൻവെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ സ്വന്തം വോട്ടർമാരെ പോളിങ് ബൂത്തുകളിലേക്ക് എത്തിക്കാൻ നെതന്യാഹു സോഷ്യൽമീഡിയയിലൂടെ നിരന്തരം അഭ്യര്‍ഥിച്ചുകൊണ്ടിരിക്കുകയാണ്.
"എന്‍റെ സഹോദരീ സഹോദരന്മാരെ, വലതുപക്ഷ വോട്ടർമാരെ, നമ്മൾ വോട്ട് ചെയ്യാൻ ഇറങ്ങിയില്ലെങ്കിൽ, മുസ്‍ലിം ബ്രദർഹുഡിന്‍റെ ഒരു ഭരണകൂടമായിരിക്കും നമുക്ക് ലഭിക്കുക'' നെതന്യാഹു എക്സിൽ കുറിച്ചു.
"നമ്മുടെ നാടിനു വേണ്ടിയുള്ള യുദ്ധത്തിലാണ് നമ്മൾ. മുസ്‍ലിം ബ്രദർഹുഡ് അനുഭാവികൾ പോളിങ് ബൂത്തുകൾ വളയുകയും തെരഞ്ഞെടുപ്പ് തട്ടിയെടുക്കുകയും ചെയ്യുകയാണ്. പുറത്തിറങ്ങി വോട്ട് ചെയ്യൂ, അത് വീണ്ടെടുക്കൂ'' മറ്റൊരു പോസ്റ്റിൽ അദ്ദേഹം കുറിക്കുന്നു. ''പ്രതീക്ഷ കൈവിടരുത്, എല്ലാവരും വോട്ട് ചെയ്യൂ, ഇപ്പോൾ വോട്ട് ചെയ്തില്ലെങ്കിൽ പിന്നീട് പശ്ചാത്തപിക്കേണ്ടി വരും'' നെതന്യാഹുവിന്‍റെ മറ്റൊരു പോസ്റ്റ്.
പ്രാദേശിക സമയം വൈകിട്ട് നാല് വരെ 55.7 ശതമാനം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മിറ്റിയെ ഉദ്ധരിച്ച് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022ലെ തെരഞ്ഞെടുപ്പിൽ ഈ സമയത്ത് പോളിങ് ശതമാനം 47.5 ശതമാനമായിരുന്നു. ഇതുവരെ 4,085,075 വോട്ടർമാർ വോട്ട് ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മിറ്റി മേധാവി ഡാൻ ലിവ്‌നെ പറഞ്ഞു.
അതിനിടെ ഹോളോണിൽ ലിബറൽ പാർട്ടിയുടെ രണ്ട് പ്രവർത്തകർക്ക് മർദനമേറ്റതുൾപ്പെടെ ഡെമോക്രാറ്റുകളുടെ അംഗങ്ങൾക്കെതിരെയും കയ്യേറ്റമുണ്ടായതായുള്ള റിപ്പോര്‍ട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ഇസ്രായേലിലെ അറബ് കക്ഷികൾ ഈ തെരഞ്ഞെടുപ്പിൽ നിർണായക പങ്കാണ് വഹിക്കുന്നത്. ആർക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തിൽ ആരുഭരിക്കാം എന്ന് അറബ് പാർട്ടികൾക്ക് തീരുമാനിക്കാനാകും. വോട്ടെടുപ്പ് പൂർത്തിയായി വോട്ടെണ്ണൽ ആരംഭിച്ചു കഴിഞ്ഞാൽ, രാത്രിയോടെ തന്നെ പ്രാരംഭ ഫലങ്ങൾ പുറത്തുവന്നു തുടങ്ങും. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാൻ ആർക്കും കഴിയാത്തതിനാൽ ആഴ്ചകളോ മാസങ്ങളോ നീളുന്ന വിലപേശലുകൾക്കും സഖ്യ ചർച്ചകൾക്കും ശേഷമേ സർക്കാർ രൂപീകരണം സാധ്യമാകൂ.