ഗസ്സയില്‍ ഇസ്രായേലിന് വലിയ വില നല്‍കേണ്ടിവന്നു: നെതന്യാഹു

ഹമാസ് പ്രചാരണത്തിൽ പല രാജ്യങ്ങളും വീണുപോയത് തിരിച്ചടിയായെന്നും നെതന്യാഹു

Update: 2025-10-14 00:54 GMT
Editor : rishad | By : Web Desk

ഇസ്രായേല്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്ന നെതന്യാഹു  Photo-AP

തെല്‍അവിവ്: ഗസ്സയില്‍ ഇസ്രായേലിന് വലിയ വില നല്‍കേണ്ടിവന്നുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

നിരവധി സൈനികരെ നഷ്ടമായി എന്നു മാത്രമല്ല ഹമാസ് പ്രചാരണത്തിൽ പല രാജ്യങ്ങളും വീണുപോയത് തിരിച്ചടിയായെന്നും നെതന്യാഹു വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇസ്രായേൽ പാർലമെന്റിന് വേണ്ടി സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേലിന്റെ പരമോന്നത പുരസ്കാരത്തിനും ട്രംപിനെ നെതന്യാഹു നോമിനേറ്റ് ചെയ്തു.

സൈനികരുടെ ആത്മാവിനും ശരീരത്തിനും ഗുരുതര പരിക്കുകളേറ്റു. പക്ഷെ അവര്‍ ശത്രുവിനോട് കീഴടങ്ങിയില്ല. ഇസ്രായേലിന്റെ നിശ്ചയാദാര്‍ഢ്യം ശത്രുവിന് മനസിലായെന്നും ഹമാസിനും ഇറാനുമെതിരെ വിജയം നേടിയെന്നും നെതന്യാഹു അവകാശപ്പെട്ടു.

Advertising
Advertising

തങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ടാണ് അമേരിക്ക 20 ഇന നിർദേശങ്ങള്‍ മുന്നോട്ടുവെച്ചത്. ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് എല്ലാം മാറി മറിഞ്ഞത്. ഇത്രവേഗം ലോകത്തെ മാറ്റിമറിക്കാൻ കഴിഞ്ഞ മറ്റൊരു അമേരിക്കൻ പ്രസിഡന്റ് ഉണ്ടായിട്ടില്ലെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം ഗസ്സയിൽ ജീവനോടെ ഉണ്ടായിരുന്ന മുഴുവൻ ഇസ്രായേലി ബന്ദികളെയും ഹമാസ് കൈമാറി.  രണ്ട് ഘട്ടങ്ങളായാണ് ഹമാസ് ബന്ദികളെ കൈമാറിയത്. ആദ്യഘട്ടത്തിൽ 7 പേരെയും രണ്ടാം ഘട്ടത്തിൽ 13 പേരെയും റെഡ് ക്രോസിന് കൈമാറുകയായിരുന്നു. ഖാൻ യൂനിസ്, നെത്സരിം എന്നിവിടങ്ങളിൽ വെച്ചായിരുന്നു ബന്ദി കൈമാറ്റം. മോചിതരായവരെ റെഡ് ക്രോസ് ഇസ്രയേൽ സൈനിക ക്യാമ്പിൽ എത്തിച്ചു. ഇസ്രായേലി ബന്ദികളെ ഹമാസ് കൈമാറിയതോടെ ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന 250 ഫലസ്തീൻ ബന്ദികളെ ഇസ്രായേലും വിട്ടയച്ചു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News