ഫ്രീഡം ഫ്ലോട്ടില കപ്പലിൽ നിന്ന് തട്ടിക്കൊണ്ടുപോയ സന്നദ്ധപ്രവർത്തകരെ തടവിലാക്കാൻ ഇസ്രായേൽ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

ഗ്രേറ്റ തുംബർഗ് അടക്കമുള്ളവരെ ഇസ്രായേലിലെ ഗിവോൺ ജയിലിലെ പ്രത്യേക സെല്ലുകളിൽ പാർപ്പിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.

Update: 2025-06-09 14:01 GMT
Editor : rishad | By : Web Desk

ഗസ്സസിറ്റി: ഫ്രീഡം ഫ്ലോട്ടില കപ്പലിൽ നിന്ന് തട്ടിക്കൊണ്ടുപോയ സന്നദ്ധപ്രവർത്തകരെ ഇസ്രായേൽ ജയിലിലിടക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഗസ്സയിലേക്ക് സഹായവുമായി പോയ കപ്പൽ തിങ്കളാഴ്ച പുലർച്ചെയാണ് ഇസ്രായേൽ പിടിച്ചെടുത്തത്. കപ്പലിൽ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുംബർഗ് അടക്കം 12സന്നദ്ധ പ്രവർത്തകരാണ് ഉണ്ടായിരുന്നത്. 

ഗ്രേറ്റ തുംബർഗ് അടക്കമുള്ളവരെ ഇസ്രായേലിലെ ഗിവോൺ ജയിലിലെ പ്രത്യേക സെല്ലുകളിൽ പാർപ്പിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ഇസ്രായേലിലെ അതിതീവ്ര വലതുപക്ഷ മന്ത്രി ഇറ്റാമർ ബെൻഗവിറാണ് ജയിൽ അധികൃതർക്ക്  ഇതുസംബന്ധിച്ച പ്രത്യേക നിർദേശം നൽകിയത്. ജയിലുകളിൽ ആശയവിനിമയ ഉപകരണങ്ങൾ, റേഡിയോകൾ, ടെലിവിഷനുകൾ എന്നിവ നിരോധിക്കാനും ഫലസ്തീൻ അടയാളങ്ങള്‍ നിരോധിക്കാനും ഉത്തരവിട്ടതായി ഇസ്രായേലി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Advertising
Advertising

തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ഫ്രീഡം ഫ്ലോട്ടില കപ്പൽ യാത്ര, ഇസ്രായേൽ കമാൻഡോകൾ തടഞ്ഞത്. ഇസ്രായേലിന്റെ ഉപരോധം ലംഘിച്ച് ഗസ്സയിൽ കടക്കുകയെന്ന ലക്ഷ്യത്തോടെ പുറപ്പെട്ട കപ്പൽ തടയുമെന്ന് നേരത്തെ തന്നെ ഇസ്രായേൽ ഭീഷണി മുഴക്കിയിരുന്നു. ലൈഫ് ജാക്കറ്റ് ഇട്ട് കൈകൾ ഉയർത്തി സംഘം കപ്പലിൽ ഇരിക്കുന്ന ചിത്രം യാത്രാസംഘാഗവും യൂറോപ്യൻ യൂണിയൻ എംപിയുമായ റിമ ഹസ്സൻ ഉൾപ്പെടെയുള്ളവര്‍ എക്സിൽ പങ്കുവച്ചിട്ടുണ്ട്.

ഇതിനിടെ സംഘത്തെ ഇസ്രായേല്‍ തട്ടിക്കൊണ്ടുപോയി തടവില്‍ വച്ചെന്ന ഗ്രേറ്റയുടെ സന്ദേശവും പുറത്തുവന്നു. 12 പേരെയും ഇസ്രായേലിലെ അഷ്ദോദ് തുറമുഖത്ത് എത്തിച്ച ശേഷം, അടച്ചിട്ട വാഹനങ്ങളിലാണ് തടങ്കൽ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയത്.  അതേസമയം ആക്ടിവിസ്റ്റുകളെ ഉടൻ വിട്ടയക്കണമെന്ന് യുഎന്നും സ്പെയിന്‍, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും ആവശ്യപ്പെട്ടു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News