ഗസ്സയെ വീണ്ടും ചോരക്കളമാക്കി ഇസ്രായേൽ; മരണസംഖ്യ 300 കടന്നു, ഗസ്സയിലുടനീളം വ്യോമാക്രമണം

ജനുവരി 19ന് വെടിനിർത്തൽ നിലവിൽ വന്നതിനു ശേഷം ഗസ്സയിലുണ്ടായ ഏറ്റവും വലിയ ആക്രമണ പരമ്പരയാണ് തിങ്കളാഴ്ച രാത്രി ആരംഭിച്ചത്

Update: 2025-03-18 09:07 GMT
Editor : rishad | By : Web Desk

ഗസ്സസിറ്റി: വെടിനിർത്തൽ അവസാനിപ്പിച്ച് ഗസ്സയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ. ഗസ്സയിലുടനീളം നടത്തിയ ബോംബാക്രമണത്തിൽ 300ലധികം പേർ കൊല്ലപ്പെട്ടു. ആയിരത്തോളം പേർക്ക് പരിക്കേറ്റു. അമേരിക്കയുടെ അറിവോടെയാണ് വംശഹത്യ തുടരുന്നത്. ഇതിനിടെ അമേരിക്കയും യമനിലെ ഹൂതികളും തമ്മിലുള്ള സംഘർഷവും കനക്കുകയാണ്.

ജനുവരി 19ന് വെടിനിർത്തൽ നിലവിൽ വന്നതിനു ശേഷം ഗസ്സയിലുണ്ടായ ഏറ്റവും വലിയ ആക്രമണ പരമ്പരയാണ് ഇന്നലെ രാത്രി ആരംഭിച്ചത്. രാത്രി ടെന്റുകളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളും സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. ദൈറുൽ ബലാ, ഗസ്സ സിറ്റി, ഖാൻ യൂനിസ്, റഫ എന്നിവിടങ്ങളിലെല്ലാം ബോംബ് വർഷിച്ചു.

Advertising
Advertising

ഇസ്രായേൽ ഏകപക്ഷീയമായി വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഹമാസ് ആരോപിച്ചു. വെടിനിർത്തൽ നീട്ടാനുള്ള യുഎസ് നിർദേശം ഹമാസ് നിരസിച്ചതിനെത്തുടർന്നാണ് ഗസ്സയിൽ ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചതെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.

മൂന്ന് ഘട്ടങ്ങളായി വെടിനിർത്തൽ നടപ്പാക്കണമെന്നായിരുന്നു കരാർ. ഇതേതുടർന്ന് ഇസ്രായേലും ഹമാസും തമ്മില്‍ ആദ്യഘട്ടത്തിൽ ബന്ദികളെ കൈമാറിയിരുന്നു.

ആറ് ആഴ്ച നീണ്ടുനിന്ന ആദ്യ ഘട്ട വെടിനിർത്തലിന് ശേഷം ആരംഭിക്കേണ്ടിയിരുന്ന രണ്ടാം ഘട്ട വെടിനിർത്തൽ കരാറിലേക്ക് പ്രവേശിക്കാൻ ഇസ്രായേൽ സമ്മതിച്ചില്ല. ഇതിനു പിന്നാലെയാണ് മേഖലയെ അശാന്തമാക്കി വീണ്ടും ഇസ്രായേൽ സൈന്യത്തിന്റെ കൂട്ടക്കൊല. ആക്രമണത്തിന് അമേരിക്കയുടെ സമ്മതം വാങ്ങിയതായും ഇസ്രായേൽ അറിയിക്കുന്നു.

ഇതിനിടെ അമേരിക്കയും യമനിലെ ഹൂതികളും തമ്മിലെ സംഘർഷവും കനക്കുകയാണ്. നിരവധി ഹൂതി നേതാക്കളെ വധിച്ചതായി പെന്‍റഗൺ അറിയിച്ചു. ഗസ്സയിലെ ഇസ്രായേൽ ക്രൂരത അവസാനിപ്പിക്കും വരെ പോരാട്ടം തുടരുമെന്ന് ഹൂതികളും പ്രഖ്യാപിച്ചു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News