ജറുസലേം: ഇസ്രായേൽ അധിനിവേശത്തിന് കീഴിൽ ക്രിസ്ത്യാനികൾ അഭൂതപൂർവമായ വെല്ലുവിളികളാണ് നേരിടുന്നതെന്ന് ജറുസലേം ആർച്ച് ബിഷപ്പ് ഹോസാം നൗം. പ്രമുഖ അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനും അവതാരകനുമായ ടക്കർ കാൾസണുമായി നടത്തിയ അഭിമുഖത്തിലാണ് ഇസ്രായേലിലെയും ഫലസ്തീന്‍ പ്രദേശങ്ങളിലേയും ക്രിസ്ത്യാനികളുടെ ദുരവസ്ഥ അദ്ദേഹം പങ്കുവെച്ചത്.
സഞ്ചാര സ്വാതന്ത്ര്യം, പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനം എന്നിവയിലൊക്കെ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ്, പുറത്തുനിന്നുള്ള ഫണ്ടിംഗിലുണ്ടാകുന്ന കുറവ് സാഹചര്യം കൂടുതൽ വഷളാക്കുന്നുണ്ടെന്നും ഹോസാം നൗം വ്യക്തമാക്കി.
'എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ക്രിസ്ത്യാനികൾ ഇവിടെയുണ്ട്, ഘട്ടം ഘട്ടമായതാണ് സമൂഹം അഭിവൃദ്ധി പ്രാപിച്ചത്. പക്ഷേ ഇപ്പോൾ നമ്മൾ ചുരുങ്ങുകയാണ്. നസറെത്ത്, ബെത്‌ലഹേം തുടങ്ങിയ പ്രധാന നഗരങ്ങളിലെ ക്രിസ്ത്യൻ ജനസംഖ്യ ഗണ്യമായി കുറഞ്ഞു. ബെത്‌ലഹേമിൽ മുമ്പ് ഒരു ലക്ഷത്തോളം ക്രിസ്ത്യാനികൾ ഉണ്ടായിരുന്നിടത്ത് ഇന്ന് അത് മുപ്പതിനായിരത്തിൽ താഴെയായി"- അദ്ദേഹം വിശദീകരിച്ചു.
'പ്രാദേശിക ക്രിസ്ത്യൻ സമൂഹങ്ങള്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ക്കാണ് ചില അമേരിക്കൻ ക്രിസ്ത്യൻ സംഘടനകൾ നല്‍കുന്നത്. സഹക്രിസ്ത്യൻ സമൂഹത്തിന്റെ ഉന്മൂലനത്തിനാണ് അമേരിക്കൻ ക്രിസ്ത്യാനികൾ സഹായിക്കുന്നത്'- അദ്ദേഹം പറഞ്ഞു.
ഇസ്രായേലിലെ രാഷ്ട്രീയ-സുരക്ഷാ സംവിധാനങ്ങൾ ക്രിസ്ത്യാനികളോട് വിവേചനം കാണിക്കുന്നുണ്ട്. ഇത് ചരിത്രപരമായ ക്രൈസ്തവ നഗരങ്ങളിൽ നിന്ന് പോലും ക്രിസ്ത്യാനികളുടെ പലായനം വേഗത്തിലാക്കുന്നു. ശത്രുതാപരമായ സമീപമനാണ് തീവ്ര ജൂത വിഭാഗം ക്രിസ്ത്യാനികളോട് സ്വീകരിക്കുന്നത്. ക്രിസ്ത്യൻ പുരോഹിതർക്ക് നേരെ തുപ്പുക, പള്ളികൾ നശിപ്പിക്കുക എന്നിവയൊക്കെ ഇവിടെ സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജെറുസലേമിനെ ക്രിസ്ത്യാനികളില്‍ നിന്ന് ശുദ്ധീകരിക്കണമെന്ന് വരെ ചിലര്‍ പരസ്യമായി ആവശ്യപ്പെടുന്നുണ്ടെന്നും പ്രകോപനപരമായ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ക്രിസ്ത്യൻ ആഘോഷങ്ങള്‍ക്ക് ഇസ്രായേല്‍ പൊലീസുകാര്‍ നിയന്ത്രണമേര്‍പ്പെടുത്തുകയാണ്. പലവട്ടം ചര്‍ച്ച നടത്തിയിട്ടൊക്കെയാണ് വിശ്വാസികളടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കുന്നത്. അധിനിവേശ വെസ്റ്റ് ബാങ്കിൽ, മുസ്‌ലിം സമുദായങ്ങൾക്ക് പുറമെ ക്രിസ്ത്യൻ ഗ്രാമങ്ങൾക്ക് നേരെയും ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നും കുടിയേറ്റക്കാരുടെ അക്രമം വർധിച്ചതായും ഹോസാം നൗം പറയുന്നു.