ഇറാനുമായുള്ള ചര്‍ച്ച പരാജയപ്പെട്ടാല്‍ ബോംബിടല്‍ യുഎസ് തുടരും -ട്രംപ്

ഹോര്‍മുസ് വിഷയത്തിലും യുദ്ധം അവസാനിപ്പിക്കുന്നതിലും പ്രഖ്യാപിത നിലപാടില്‍ മാറ്റമില്ലെന്ന് ഇറാന്‍

Update: 2026-03-23 17:32 GMT

വാഷിങ്ടണ്‍ ഡിസി: ഇറാനുമായുള്ള ചര്‍ച്ച പരാജയപ്പെട്ടാല്‍ ബോംബിടല്‍ യുഎസ് തുടരുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ 15 വിഷയങ്ങളില്‍ ചര്‍ച്ച നടത്തും. ഇതിന്റെ ഭാഗമായി അഞ്ച് ദിവസം ഇറാന് നേരെ ആക്രമണം നടത്തില്ല. ആണവായുധ വിഷയമാകും ചര്‍ച്ചകളിലെ മുഖ്യവിഷയമെന്നും ട്രംപ് പറഞ്ഞു.

'ഇറാന് ആണവായുധം ഉണ്ടായാല്‍ അവര്‍ പശ്ചിമേഷ്യയില്‍ പിടിമുറുക്കും. 47 വര്‍ഷമായി ഇറാന്‍ ഭീഷണിയാണ്. ലോക രാജ്യങ്ങള്‍ക്ക് അതറിയാം. ബി2 ബോംബര്‍ വിമാനം ഉപയോഗിച്ച് യുഎസ് ആക്രമണം നടത്തിയിരുന്നില്ലെങ്കില്‍ ഇറാന്‍ ആഴ്ചകള്‍ക്കുള്ളില്‍ ആണവായുധം സ്വന്തമാക്കിയേനെ. ആണവായുധം സ്വന്തമാക്കില്ലെന്ന കരാറാണ് യാഥാര്‍ഥ്യമാകേണ്ടത്. 15 കാര്യങ്ങളിലാണ് ചര്‍ച്ച. ഇതില്‍ ചിലതില്‍ ധാരണയായി. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം അതില്‍ ഒന്നാണ്. നയതന്ത്രം വിജയിച്ചാല്‍ ഹോര്‍മുസ് ഉടന്‍ തുറക്കും. അവര്‍ക്ക് ഈ സാഹചര്യത്തില്‍ നിന്ന് പുറത്തുകടക്കല്‍ പ്രയാസമാണ്. നല്‍കിയിരിക്കുന്ന അഞ്ച് ദിവസത്തിനുള്ളില്‍ ചര്‍ച്ച നടത്തി എങ്ങനെ ഇത് പരിഹരിക്കുമെന്ന് നോക്കാം. പരിഹരിച്ചില്ലെങ്കില്‍ ഞങ്ങള്‍ ബോംബിടല്‍ തുടരും' -ട്രംപ് പറഞ്ഞു.

Advertising
Advertising

അമേരിക്കയും ഇറാനും തമ്മില്‍ കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ചര്‍ച്ചകള്‍ 'വളരെ മികച്ചതും ഫലപ്രദവുമാണെ'ന്നാണ് ട്രംപ് പറഞ്ഞത്. ഈ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ഇറാന്റെ ഊര്‍ജ, പശ്ചാത്തല സൗകര്യങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തിവന്ന എല്ലാ ആക്രമണങ്ങളും അഞ്ച് ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചുവെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഹോര്‍മുസ് 48 മണിക്കൂറിനുള്ളില്‍ തുറന്നില്ലെങ്കില്‍ ഊര്‍ജകേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന മുന്‍ ഭീഷണി റദ്ദാക്കിക്കൊണ്ടായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

അതേസമയം, ഹോര്‍മുസ് വിഷയത്തിലും യുദ്ധം അവസാനിപ്പിക്കുന്നതിലും പ്രഖ്യാപിത നിലപാടില്‍ മാറ്റമില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. അമേരിക്കയുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ധനകാര്യ, എണ്ണ വിപണിയെ സ്വാധീനിക്കാന്‍ അമേരിക്കയും ഇസ്രായേലും വ്യാജവാര്‍ത്ത സൃഷ്ടിക്കുന്നതായും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഖാലിബാഫ് ആരോപിച്ചു. കടന്നുകയറ്റക്കാരെ കര്‍ശനമായി ശിക്ഷിക്കുക എന്നതാണ് ഇറാന്‍ ജനത ആഗ്രഹിക്കുന്നത്. ഈ ലക്ഷ്യം നേടാന്‍ നേതാവിനൊപ്പം എല്ലാവരും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനു നേരെയുള്ള ആക്രമണം യുഎസ് പൂര്‍ണമായും അവസാനിപ്പിച്ച് പിന്‍വാങ്ങിയാല്‍ മാത്രമേ ഹോര്‍മുസ് തുറക്കൂവെന്നും യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കൂവെന്നും ഇറാന്‍ പ്രഖ്യാപിച്ചിരുന്നു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News