ഇസ്രായേൽ വെടിനിർത്തൽ ലംഘിച്ചത് 738 തവണ; ആശങ്ക പ്രകടിപ്പിച്ച് ഹമാസ്
ഇതിനകം 377 ഫലസ്തീനികൾ കൊല്ലപ്പെടുകയും 987 പേർക്ക് പരിക്കേൽക്കുകയും ചെയ്തു
ഗസ്സ: വെടിനിർത്തൽ നിരന്തരം ലംഘിക്കുന്ന സാഹചര്യത്തിൽ, ഇസ്രായേലുമായുള്ള രണ്ടാംഘട്ട ചർച്ചയുടെ പ്രസക്തി ചോദ്യംചെയ്ത് ഹമാസ്. കരാർ പാലിക്കാൻ ഇസ്രയേലിനുമേൽ സമ്മർദം വേണമെന്നും മധ്യസ്ഥ രാജ്യങ്ങളോട് ഹമാസിന്റെ ആവശ്യം. പോഷകാഹാര കുറവ് മൂലം ഗസ്സയിൽ ആയിരക്കണക്കിന് കുഞ്ഞുങ്ങൾ നരകിക്കുന്നതായി യുനിസെഫ്. ഗസ്സയിലെ പ്രഖ്യാപിത സമാധാന ഭരണസമിതിയിൽ നിന്ന് ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ ഒഴിഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.
രണ്ടു മാസം പിന്നിടുന്ന ഗസ്സ വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം 738 തവണയാണ് ഇസ്രായേൽ ലംഘിച്ചതെന്ന് ഗസ്സ സർക്കാർ മാധ്യമ ഓഫീസ് അറിയിച്ചു. ഇതിനകം 377 ഫലസ്തീനികൾ കൊല്ലപ്പെടുകയും 987 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കരാർ ലംഘനം പതിവായിരിക്കെ വെടിനിർത്തലിന്റെ രണ്ടാം ഘട്ട ചർച്ചയിൽ പുരോഗതിക്ക് സാധ്യതയില്ലെന്ന് ഹമാസും പ്രതികരിച്ചു. കരാർ വ്യവസ്ഥകൾ മാനിക്കാൻ മധ്യസ്ഥ രാജ്യങ്ങൾ ഇസ്രയേലിനുമേൽ സമ്മർദം ചെലുത്തണം. ഇസ്രായേൽ സൈനിക പിൻമാറ്റത്തോടൊപ്പം ഗസ്സയിലേക്ക് വിലക്കുകളില്ലാതെ സഹായം ഉറപ്പാക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ഈ മാസം 29ന് വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ച നടത്താനിരിക്കെയാണ് ഹമാസിന്റെ പ്രതികരണം.
യുദ്ധാനന്തര ഗസ്സയിൽ ഇടക്കാല സർക്കാറിനെ ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ നയിക്കുമെന്ന യുഎസ് കണക്കുകൂട്ടലിനും തിരിച്ചടിയേറ്റു. ബ്ലെയർ ദൗത്യത്തിൽ നിന്ന് പിൻമാറിയതായി 'ഫിനാൻഷ്യൽ ടൈംസ്' റിപ്പോർട്ട് ചെയ്തു. ഇറാഖ് യുദ്ധത്തിൽ പങ്കുവഹിച്ച ടോണിബ്ലെയറിൻറെ നിയോഗത്തിൽ അറബ്, മുസ്‌ലിം രാജ്യങ്ങൾ നേരത്തെ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
ഗസ്സയിൽ ഇന്നലെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി ഫലസ്തീനികൾക്ക് പരിക്കേറ്റു. ഗസ്സയിൽ വെടിനിർത്തൽ വേളയിലും കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ് ഗുരുതരമായി തുടരുന്നതായി യുനിസെഫ് അറിയിച്ചു. പതിനായിത്തോളം കുട്ടികളാണ് പോഷകാഹാര കുറവ് മൂലമുള്ള പ്രയാസങ്ങൾ നേരിടുന്നതെന്നും യുനിസെഫ് ചൂണ്ടിക്കാട്ടി. ഗസ്സയിലേക്കുള്ള ചരക്കു വാഹനങ്ങൾക്കായി അധിനിവിഷ്ട വെസ്റ്റ് ബാങ്കിനും ജോർദാനും ഇടയിലെ ക്രോസിങ് തുറക്കാൻ സന്നദ്ധത അറിയിച്ച് ഇസ്രായേൽ രംഗത്തുവന്നു. സെപ്റ്റംബർ മുതൽ ഈ ക്രോസിങ് അടച്ചിട്ടിരിക്കുകയാണ്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ലയിലെ വിവിധ വാഴ്‌സിറ്റികളിൽ ഇസ്രായേൽ സേന റെയിഡ് നടത്തി. കിഴക്കൻ ജറൂസലമിൽ 'യുനർവ' ഓഫീസിൽ സുരക്ഷാസേന നടത്തിയ അതിക്രമം അന്താരഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ ആൻറണിയോ ഗുട്ടറസ് പറഞു.