ഇസ്രായേല്‍ തെരഞ്ഞെടുപ്പ്: വിദേശ ഇടപെടല്‍ തള്ളി തെര. കമ്മീഷന്‍, ഫലം ഔദ്യോഗികമായി പ്രസിഡൻ്റിന് കൈമാറി
തെരഞ്ഞെടുപ്പിനെ സംശയ നിഴലില്‍ നിര്‍ത്തുന്നത് ജനാധിപത്യത്തിന് അപകടകരമാണെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ നോം സോള്‍ബര്‍ഗ് പറഞ്ഞു
തെല്‍ അവിവ്: ഇസ്രായേല്‍ തെരഞ്ഞെടുപ്പില്‍ വിദേശ ഇടപെടലുണ്ടായെന്ന പ്രസിഡന്റ് ബിന്യമിന്‍ നെതന്യാഹുവിന്റെ ഉള്‍പ്പെടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഫലം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന് കൈമാറി. തെരഞ്ഞെടുപ്പിനെ സംശയ നിഴലില്‍ നിര്‍ത്തുന്നത് ജനാധിപത്യത്തിന് അപകടകരമാണെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ നോം സോള്‍ബര്‍ഗ് പറഞ്ഞു.
നെതന്യാഹുവും ലിക്കുഡ് പാര്‍ട്ടിയുമാണ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് ഘട്ടത്തിലും അതിന് ശേഷവും അറബ് സമൂഹത്തിനെതിരെയുണ്ടായ വംശീയ പരാമര്‍ശങ്ങളെ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് അപലപിച്ചു. തെരഞ്ഞെടുപ്പിലെ അട്ടിമറി ആരോപണങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സികളില്‍ തനിക്ക് 'പൂര്‍ണ്ണ ആത്മവിശ്വാസമുണ്ടെന്ന്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ക്കും കേവല ഭൂരിപക്ഷം നേടാനാകാത്തത് ചൂണ്ടിക്കാട്ടിയ പ്രസിഡന്റ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്നത് ഒഴിവാക്കാന്‍ പാര്‍ട്ടികള്‍ വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ടെന്നും പറഞ്ഞു.
വിദേശ ഇടപെടലില്‍ അന്വേഷണം വേണമെന്ന ആവശ്യം ഇസ്രായേല്‍ അറ്റോര്‍ണി ജനറല്‍ തള്ളി. അറബ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തില്ലെന്നും ജനപ്രതിനിധികള്‍ക്കെതിരേയും വോട്ടര്‍മാര്‍ക്കെതിരേയും തെളിവില്ലാതെ അന്വേഷണം നടത്താനാകില്ലെന്നും എജി പറഞ്ഞു.