ഹമാസിനെ പൂര്‍ണമായും നശിപ്പിക്കുന്നത് വരെ ഗസ്സയില്‍ ആക്രമണം തുടരും; ഇസ്രായേല്‍ പ്രതിരോധ മന്ത്രി

ഗസ്സയിലും ലബനാനിലും ആക്രമണം തുടരുകയാണ്​ ഇസ്രായേൽ

Update: 2025-11-07 03:39 GMT

ഇസ്രയേല്‍ കാറ്റ്‌സ് Photo| Facebook

തെൽ അവിവ്: ഹമാസിനെ പൂര്‍ണമായും നശിപ്പിക്കുന്നത് വരെ ഗസ്സയില്‍ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. ഗസ്സയിലും ലബനാനിലും ആക്രമണം തുടരുകയാണ്​ ഇസ്രായേൽ. ഗസ്സയിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ അടക്കം ചെയ്ത ഫലസ്തീനികളുടെ എണ്ണം പതിനായിരത്തിന്​ മുകളിലെന്നാണ്​ റിപ്പോർട്ട്​.

ഒക്ടോബർ പത്തിന്​ നിലവിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ചുള്ള ആക്രമണ നടപടികൾ അവസാനിപ്പിക്കില്ലെന്ന്​ ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് വ്യക്​തമാക്കി. ഗസ്സയിൽ ഇസ്രായേൽ നിയന്ത്രണത്തിലുള്ള മേഖലയിൽ ഹമാസ് നിർമിച്ച തുരങ്കങ്ങൾ പൂർണമായി നശിപ്പിക്കുമെന്നും കാറ്റ്‌സ് പറഞ്ഞു. ഗസ്സ മുനമ്പിൽ ഇസ്രായേൽ അധിനിവേശ മേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഹമാസ് പ്രവർത്തകരെ സുരക്ഷിതരായി തിരിച്ചയക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് കാറ്റ്സിന്‍റെ പ്രതികരണം.

Advertising
Advertising

റഫ മേഖലയിലുള്ള തുരങ്കങ്ങളിൽ 200ഓളം സായുധ ഹമാസ് അംഗങ്ങൾ ഒളിഞ്ഞിരിക്കുന്നതായാണ്​ ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തി​ന്‍റെ കണക്കുകൂട്ടൽ. ഇസ്രായേലിന്‍റെ നിയന്ത്രണമുളള, മഞ്ഞ വരയ്ക്കുളളില്‍ ആക്രമണം തുടരുമെന്നാണ്​ പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്. എല്ലാ ബന്ദികളുടെ മൃതദേഹങ്ങളും തിരിച്ചെത്തിക്കുന്നതോടൊപ്പം ഹമാസിനെ നീരായുധികരിക്കുക എന്നതും ഇസ്രായേല്‍ ലക്ഷ്യമാണെന്ന്​ മന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞമാസം 10ന് വെടിനിർത്തൽ നിലവിൽ വന്നശേഷം 22 ബന്ദികളുടെ മൃതദേഹങ്ങളാണ് ഹമാസ്​ വിട്ടുനൽകിയത്. ആറ്​ പേരുടെ മൃതദേഹങ്ങൾ ഇനിയും ലഭിക്കാനുണ്ട്. 45 ഫലസ്തീനികളുടെ മൃതദേഹങ്ങൾ ഇസ്രായേൽ കൈമാറിയതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെക്കൻ ഗസ്സക്ക്​ നേരെയും മറ്റും ഇന്നലെ ഇസ്രയേൽ ആക്രമണം തുടർന്നു. ദക്ഷിണ ലബനാനിലെ ഹിസ്​ബുല്ല കേന്ദ്രങ്ങളിലും വ്യാപക വ്യോമാക്രമണം നടത്തി.

അതിനിടെ, ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തെ തുടർന്ന്​ തകർന്ന കെട്ടിടങ്ങൾക്കടിയിൽ ചുരുങ്ങിയത്​ പതിനായിരം മൃതദേഹങ്ങൾ അടക്കം ചെയ്യപ്പെട്ടതായി ഗസ്സ അധികൃതർ വെളിപ്പെടുത്തി. ഗസ്സയിലേക്ക്​ സഹായവസ്​തുക്കളുമായി കൂടുതൽ ട്രക്കുകൾ അനുവദിക്കണമെന്ന അഭ്യർഥന ഇസ്രായേൽ നിരന്തരം തള്ളുന്നതായി യുഎൻ ഏജൻസികൾ കുറ്റപ്പെടുത്തി. ഗസ്സയിലെ ദുരിതബാധിതരുടെ അവസ്ഥ ഇത്​ കൂടുതൽ സങ്കീർണമാക്കുമെന്നും ഏജൻസികൾ മുന്നറിയിപ്പ്​ നൽകി. അതിനിടെ, പുതുതായി കസാകിസ്താൻ കൂടി അബ്രഹാം കരാറിന്‍റെ ഭാഗമാകുമെന്ന്​ അമേരിക്കൻ ഉദ്യോഗസ്​ഥർ അറിയിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News