ഇസ്രായേല്‍ ആക്രമണം: അലി ഖാംനഇയുടെ മുതിർന്ന ഉപദേഷ്ടാവിന് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ട്
വ്യോമാക്രമണത്തിൽ ഇറാൻ റവല്യൂഷണറി ഗാർഡ് കമാൻഡർ-ഇൻ-ചീഫ് ഹുസൈൻ സലാമി കൊല്ലപ്പെട്ടു
തെഹ്റാന്‍: ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഉപദേഷ്ടാവായ അലി ഷംഖാനിക്ക് ഗുരുതര മായി പരിക്കേറ്റെന്ന് റിപ്പോര്‍ട്ട്. സർക്കാർ വാർത്താ ഏജൻസിയായ നൂർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാൻ റവല്യൂഷണറി ഗാർഡ് കമാൻഡർ-ഇൻ-ചീഫ് ഹുസൈൻ സലാമി കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
ഇറാനിലെ തസ്‌നിം വാർത്താ ഏജൻസിയും ടെഹ്റാൻ ടൈംസ് പത്രവുമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആക്രമണത്തില്‍ ഇറാനിയൻ സൈന്യത്തിന്റെ ഡെപ്യൂട്ടി കമാൻഡർ ജനറൽ ഘോലം അലി റാഷിദ്, ഇറാൻ്റെ രണ്ട് പ്രമുഖ ആണവ ശാസ്ത്രജ്ഞരായ ഫെറെയ്ദൂൻ അബ്ബാസി, മുഹമ്മദ് മഹ്ദി എന്നിവരും കൊല്ലപ്പെട്ടതായി സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇറാൻ തലസ്ഥാനത്തെ റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ സ്ത്രീകളും കുട്ടികൾ ഉൾപ്പെടെ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
തെഹ്റാന് ചുറ്റുമുള്ള പ്രദേശത്തെ സൈനിക കേന്ദ്രങ്ങളും ഇറാന്റെ പ്രധാന ടെഹ്‌റാന്റെ തെക്ക് ഭാഗത്തുള്ള നതാൻസ്,തബ്രിസ് ,ഇസ്ഫഹാൻ,അരാക്,കെർമൻഷാ തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും ഇസ്രായേലിന്‍റെ ആക്രമണങ്ങള്‍ നടന്നിട്ടുള്ളത്. കെട്ടിടങ്ങള്‍ക്ക് നേരെ നടക്കുന്ന വ്യോമാക്രമണങ്ങളുടെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം, ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പിന്തുണ നല്‍കിയിട്ടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഇസ്രായേൽ ഏകപക്ഷീയമായി പ്രവർത്തിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഇറാനെതിരായ ആക്രമണങ്ങളിൽ ഞങ്ങൾ ഉൾപ്പെട്ടിട്ടില്ലെന്ന് റൂബിയോ പ്രസ്താവനയിൽ പറഞ്ഞു. ഇറാനെതിരെയുള്ള ആക്രമണങ്ങളിൽ ഞങ്ങൾക്ക് പങ്കില്ലെന്നും മേഖലയിലെ അമേരിക്കൻ സേനയെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന മുൻഗണനയെന്നും റൂബിയോ അറിയിച്ചു.
യു.എസ് - ഇറാൻ ആണവ ചർച്ച നടക്കാനിരിക്കെയാണ് ഇസ്രായേലിന്‍റെ ആക്രമണം നടത്തിയത്. ഞായറാഴ്ച ഒമാനിൽ വെച്ചാണ് അമേരിക്കയും ഇറാനും തമ്മില്‍ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ നടത്താനിരുന്നത്. അതേസമയം, അമേരിക്കയുടെ അറിവോടെയാണ് ഇറാനെ ഇസ്രായേല്‍ ആക്രമിച്ചതെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.