വിട്ടയക്കുന്നതിന് മുമ്പ് ഹമാസ് പോരാളികളുടെ നെറ്റിയിൽ ചുംബിച്ച് ഇസ്രായേലി ബന്ദി
അഞ്ച് ബന്ദികളെയാണ് ഇന്ന് ഹമാസ് വിട്ടയച്ചത്.
ഗസ്സ: മോചിപ്പിക്കുന്നതിന് മുമ്പ് ഹമാസ് പോരാളികളുടെ നെറ്റിയിൽ ചുംബിച്ച് ഇസ്രായേലി ബന്ദി. സെൻട്രൽ ഗസ്സയിലെ അൽ-നുസൈറത്ത് ക്യാമ്പിൽ മൂന്ന് ബന്ദികളെ കൈമാറുന്നതിനിടെയാണ് ഒരാൾ ഹമാസ് പോരാളികളുടെ നെറ്റിയിൽ ചുംബിച്ചത്. വളരെ സന്തോഷവാൻമാരായാണ് ബന്ദികൾ വേദിയിലെത്തിയത്.
അഞ്ച് ബന്ദികളെയാണ് ഇന്ന് ഹമാസ് വിട്ടയച്ചത്. മൂന്ന് ബന്ദികളെ റെഡ്‌ക്രോസ് തങ്ങൾക്ക് കൈമാറിയതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. കോഹൻ, വെങ്കർട്ട്, ഷെം ടോവ് എന്നിവരെയാണ് റെഡ്‌ക്രോസ് ഇസ്രായേൽ സൈന്യത്തിന് കൈമാറിയത്. ഇവരെ ഉടൻ ഇസ്രായേലിലെത്തിച്ച് മെഡിക്കൽ പരിശോധന നടത്തുമെന്ന് സൈന്യം അറിയിച്ചു. വിട്ടയച്ച ബന്ദികൾക്ക് പകരമായി 602 ഫലസ്തീൻ തടവുകാരെയാണ് ഇസ്രായേൽ മോചിപ്പിക്കുക.
സ്ഥിരമായ വെടിനിർത്തൽ, ഫലസ്തീൻ മണ്ണിൽ നിന്നുള്ള പൂർണമായ പിൻമാറ്റം, ഫലസ്തീൻ തടവുകാരെ പൂർണമായും വിട്ടയക്കുക തുടങ്ങിയ നിബന്ധനകൾ പാലിക്കാൻ തയ്യാറായാൽ മുഴുവൻ ബന്ദികളെയും ഒറ്റഘട്ടമായി മോചിപ്പിക്കാൻ തയ്യാറാണെന്ന് ഹമാസ് വ്യക്തമാക്കി.
ബന്ദിയായിരിക്കെ കൊല്ലപ്പെട്ട ഇസ്രായേലി വനിത ഷിറി ബീബസിന്റെ യഥാർഥ മൃതദേഹം വെള്ളിയാഴ്ച റെഡ്‌ക്രോസിന് കൈമാറിയിരുന്നു. ഹമാസിന്റെ കസ്റ്റഡിയിലിരിക്കെ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് ഷിറി മരിച്ചത്. ഇവരുടെ മൃതദേഹത്തിന്റെ ഭാഗങ്ങൾ ഇസ്രായേൽ വ്യോമാക്രമണത്തിൽ ചിതറി മറ്റു മൃതദേഹ ഭാഗങ്ങളുമായി കൂടിച്ചേർന്നതാണ് മൃതദേഹം മാറിനൽകാൻ കാരണമായതെന്ന് ഹമാസ് വ്യക്തമാക്കി.