തെക്കൻ ഗസ്സയിൽ ഇസ്രായേൽ ആക്രമണം ശക്തം; പതിനാറായിരം കടന്ന് ആകെ മരണസംഖ്യ
ഖാൻയൂനിസിലെ വ്യോമാക്രമണത്തിൽ നൂറുകണക്കിന് ഫലസ്തീനികൾ കൊല്ലപ്പെട്ടു
ഗസ്സ സിറ്റി: തെക്കൻ ഗസ്സയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ. ഖാൻ യൂനിസിലെ ഇസ്രായേൽ വ്യോമാക്രമണത്തിൽ നൂറുകണക്കിന് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ആകെ മരണസംഖ്യ 16,248 ആയി ഉയർന്നു. ഉന്നത ഓഫീസർമാർ ഉൾപ്പെടെ ഇന്നലെ മാത്രം 7 പേർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. അടിയന്തര വെടിനിർത്തൽ വേണമെന്ന് ദോഹയിൽ ചേർന്ന ജി.സിസി നേതാക്കളുടെ ഉച്ചകോടി ആവശ്യപ്പെട്ടു.
പതിനായിരങ്ങൾ പലായനംചെയ്യുന്ന റിപ്പോർട്ടുകൾക്കിടയിലും ഖാൻ യൂനുസ് ഉൾപ്പെടെ തെക്കൻ ഗസ്സയിൽ ആക്രമണം ശക്തമാക്കുകയാണ് ഇസ്രായേൽ സൈന്യം. ജബാലിയ, ശുജാഇയ, ഖാൻ യൂനുസ് എന്നിവിടങ്ങളിൽ ഹമാസുമായി നേർക്കുനേരെയുള്ള യുദ്ധമാണ് നടക്കുന്നതെന്ന് സൈനിക വക്താവ് അറിയിച്ചു.
സിവിലിയൻ ജനതയെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളും വ്യാപകമാണ്. മധ്യ ഗസ്സയിലെ നുസൈറാത്ത്അഭയാർഥി ക്യാമ്പിനുനേരെ നടന്ന ആക്രമണങ്ങളിൽ ചുരുങ്ങിയത് 50 പേർ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിൽ കമാൽ അദ്വാൻ ആശുപത്രി, ജബലിയ അഭയാർഥി ക്യാമ്പ്എന്നിവിടങ്ങളിലും നിരവധിപേർ കൊല്ലപ്പെട്ടു. യു.എൻ സ്കൂളിനുനേരെയും ആക്രമണം നടന്നു. മധ്യമേഖലയിലെ ദെയ്ർ അൽബലഹിൽ 20ലേറെയാണ് മരണം. ഗസ്സയിൽ സ്ഥിതി അതിഗുരുതരമായിമാറിയെന്ന് ലോകാരോഗ്യ സംഘടന. ചെറുത്തുനിൽപ്പ് അജയ്യമായി തുടരുന്നതായി ഹമാസ് നേതാവ് ഒസാമ ഹംദാൻ. ഇന്നലെ മാത്രം ഇസ്രായേലിന്‍റെ 24 സൈനിക വാഹനങ്ങൾ തകർത്തു.
നിരവധി സൈനികരെ കൊലപ്പെടുത്തിയെന്നും ഹമാസ് പറഞ്ഞു. രണ്ട് ഓഫീസർമാർ ഉൾപ്പെടെ 7 സൈനികർ ഇന്നലെ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ഇതോടെ യുദ്ധത്തിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 409 ആയി. ഹമാസിനെ അമർച്ച ചെയ്ത് ബന്ദികളെ മോചിപ്പിക്കുകയെന്ന ലക്ഷ്യം നേടുക തന്നെ ചെയ്യുമെന്ന് നെതന്യാഹുവും പ്രതിരോധ മന്ത്രി ഗാൻറ്സും അറിയിച്ചു.
അവശ്യ സഹായവസ്തുക്കളുമായി എത്തുന്ന ട്രക്കുകൾപോലും റഫ അതിർത്തി കടത്തിവിടാൻ വിസമ്മതിക്കുകയാണ് ഇസ്രായേൽ. ഇന്ധനം ലഭിക്കാത്തതിനാൽ ആംബുലൻസുകൾ അധികവും പ്രവർത്തിക്കാത്ത സാഹചര്യമുണ്ട്. നേരത്തെ വടക്കൻമേഖലയിൽ നടത്തിയതിന്സമാനമായ കനത്ത ആക്രമണമാണിപ്പോൾ തെക്കൻ ഗസ്സയിലും. ഗസ്സയിലെ 35 ആശുപത്രികളിൽ 26ഉം നിലവിൽ പ്രവർത്തനരഹിതമാണ്.
വെസ്റ്റ് ബാങ്കിൽ ഫലസ്തീൻ ജനതക്കു നേരെ അതിക്രമം നടത്തുന്ന കുടിയേറ്റക്കാർക്ക് വിസ നിഷേധിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിൻകൻ പറഞ്ഞു. കുടിയേറ്റക്കാരിൽ ചിലരുടെ അക്രമത്തിന് ഇസ്രായേൽ ജനതയെ കുറ്റപ്പെടുത്തരുതെന്ന് അമേരിക്കയോട് പ്രതിരോധ മന്ത്രി ഗാൻറ്സ് പറഞ്ഞു. സമഗ്ര വെടിനിർത്തലും ഫലസ്തീൻ രാഷ്ട്രീയ പ്രശ്നപരിഹാരവും ആവശ്യപ്പെട്ട് ഖത്തറിൽ ചേർന്ന ജി.സി.സി നേതാക്കളുടെ യോഗവും നടന്നു.