അൽ ജസീറ റിപ്പോർട്ടറുടെ 22 അംഗ കുടുംബം ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

അൽ ജസീറ അറബിക് ചാനലിന്റെ റിപ്പോർട്ടർ മോമിൻ അൽ ഷറഫിയുടെ മാതാപിതാക്കളും ബന്ധുക്കളുമാണ് കൊല്ലപ്പെട്ടത്.

Update: 2023-12-07 02:13 GMT
Advertising

ഗസ്സ: അൽ ജസീറ അറബിക് ചാനലിന്റെ റിപ്പോർട്ടർ മോമിൻ അൽ ഷറഫിയുടെ 22 അംഗ കുടുംബം ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ കുടുംബം താമസിച്ചിരുന്ന കെട്ടിടത്തിന് മേൽ ഇസ്രായേൽ സൈന്യം ബോംബിടുകയായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു ആക്രമണം.

മോമിൻ അൽ ഷറഫിയുടെ പിതാവ് മഹ്മൂദ്, മാതാവ് ആമിന, സഹോദരങ്ങൾ, മരുമക്കൾ തുടങ്ങിയവരാണ് കൊല്ലപ്പെട്ടത്. വീടിന്റെ സ്ഥാനത്ത് കൂറ്റൻ ഗർത്തമാണ് അവശേഷിക്കുന്നതെന്ന് അൽ ഷറഫി പറഞ്ഞു. മൃതദേഹങ്ങൾക്ക് അടുത്തെത്താൻ സിവിൽ ഡിഫൻസിന് കഴിയാത്ത അവസ്ഥയാണ്. പ്രിയപ്പെട്ടവർക്ക് വിടനൽകാനോ അന്ത്യകർമങ്ങൾ ചെയ്യാനോ പോലും അനുവദിക്കുന്നില്ലെന്നും അൽഷറഫി പറഞ്ഞു.

അതിനിടെ മാതാവ് ആമിന കൊല്ലപ്പെടുന്നതിന് മുമ്പ് തനിക്കയച്ച ശബ്ദസന്ദേശം അൽ ഷറഫി പുറത്തുവിട്ടു.

''അസ്സലാമു അലൈക്കും. ഗുഡ്‌മോർണിങ് മോമിൻ. നിനക്ക് സുഖമെന്ന് കരുതുന്നു. നിന്റെ ഭാര്യയും മക്കളും എന്ത് പറയുന്നു? നിന്റെ ആരോഗ്യം എങ്ങനെയുണ്ട്? ഈ യുദ്ധഭൂമിയിൽനിന്ന് നിന്നെ അല്ലാഹു സുരക്ഷിതമായി പുറത്തെത്തിക്കട്ടെ...നീ വളരെയധികം ശ്രദ്ധിക്കണം. നിന്നെ എനിക്ക് വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്. നിനക്കുവേണ്ടി എല്ലാ ദിവസവും ഞാൻ പ്രാർഥിക്കാറുണ്ട്. അല്ലാഹു നിന്നെ കാത്തുരക്ഷിക്കട്ടെ''-മാതാവ് ആമിന ശബ്ദ സന്ദേശത്തിൽ പറയുന്നു.

ഇസ്രായേൽ ആക്രമണത്തെ അൽ ജസീറ അപലപിച്ചു. കുറ്റവാളികളെ നിയമനത്തിന് മുന്നിൽ കൊണ്ടുവരാൻ ഏതറ്റം വരേയും പോകുമെന്ന് അൽ ജസീറ പ്രസ്താവനയിൽ വ്യക്തമാക്കി. ഒക്ടോബർ 25ന് അൽ ജസീറ അറബിക് ചീഫ് റിപ്പോർട്ടർ വാഇൽ അൽദഹ്ദൂഹിന്റെ കുടുംബത്തെ ഇസ്രായേൽ കൊലപ്പെടുത്തിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News