' വീട്ടിലേക്ക് പോകുക, അല്ലെങ്കിൽ ആത്മഹത്യ ചെയ്യുക': ഇസ്രായേൽ സൈന്യത്തിലെ 'മാനസിക പീഡനം' വെളിപ്പെടുത്തി സൈനികര്‍

മതിയായ മാനസിക പിന്തുണ ലഭിക്കുന്നില്ലെന്ന പരാതി ഉന്നയിച്ച കെഫിർ ബ്രിഗേഡിലെ ഒരു സൈനികന് 10 ദിവസത്തെ ജയിൽ ശിക്ഷയാണ് മേലധികാരി വിധിച്ചത്

Update: 2025-07-01 15:18 GMT
Editor : rishad | By : Web Desk

തെൽ അവിവ്: ഇസ്രായേൽ സൈന്യത്തിനുള്ളിലെ കടുത്ത മാനസിക പീഡനം വെളിപ്പെടുത്തി സൈനികര്‍. മതിയായ മാനസിക പിന്തുണ ലഭിക്കുന്നില്ലെന്ന പരാതി ഉന്നയിച്ച കെഫിർ ബ്രിഗേഡിലെ ഒരു സൈനികന് 10 ദിവസത്തെ ജയിൽ ശിക്ഷയാണ് മേലധികാരി വിധിച്ചത്.  ഇസ്രായേല്‍ മാധ്യമമായ ഹാരെറ്റ്സാണ് സൈന്യത്തിനുള്ളിലെ 'പീഡനം' വെളിപ്പെടുത്തുന്നത്.

കമാൻഡർ ലെഫ്റ്റനന്റ് കേണൽ യോയൽ ഗ്ലിക്ക്മാനെതിരായാണ് സൈനികര്‍ തിരിഞ്ഞിരിക്കുന്നത്. പ്രതികാര നടപടിയുടെ ഭാഗമായാണ് ശിക്ഷ വിധിച്ചതെന്നാണ് ബറ്റാലിയനിലെ ഒരു ഉദ്യോഗസ്ഥനെയും സൈനികനെയും ഉദ്ധരിച്ച് ഹാരെറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Advertising
Advertising

കെഫിർ ബ്രിഗേഡിന്റെ നാച്ചോൺ ബറ്റാലിയനില്‍ സേവനമനുഷ്ഠിച്ചിരുന്ന സൈനികനിപ്പോള്‍ സൈന്യത്തിന്റെ മാനസികാരോഗ്യ ചികിത്സാ കേന്ദ്രത്തിലാണ്. ഗസ്സയിലെ 'ഡ്യൂട്ടിക്കിടെ' കടുത്ത മാനസിക പ്രശ്നങ്ങളാണ് ഇയാള്‍ അനുഭവിച്ചത്. വിചാരണക്കിടെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയപ്പോള്‍ ഗ്ലിക്ക്മാന്‍ തന്നെ പരിഹസിക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. 

തങ്ങൾക്ക് മാനസിക ചികിത്സ ലഭിക്കുന്നത് ഗ്ലിക്ക്മാൻ തടയാൻ ശ്രമിച്ചതായും പ്രതികാര നടപടികളെ ഭയന്ന് പരാതി നൽകിയില്ലെന്നും ബറ്റാലിയനിലെ മറ്റ് സൈനികരും ഹാരെറ്റ്സിനോട് വെളിപ്പെടുത്തുന്നു. അതേസമയം റിപ്പോര്‍ട്ടുകളോട് ഐഡിഎഫ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ഹാരെറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കടുത്ത മാനസിക പ്രയാസങ്ങൾ അനുഭവിക്കുമ്പോഴും വിമർശനം ഉന്നയിച്ചതിനൊക്കെ ഒരു സൈനികനെ ജയിലിലടക്കുക എന്നത് അസാധാരണ നടപടിയാണെന്നാണ് ഉന്നത സൈനികർ പറയുന്നത്.

ഐഇഡി സ്‌ഫോടനം നടത്തിയതുൾപ്പെടെ ഗസ്സയിൽ പാവപ്പെട്ട ജനങ്ങൾക്ക് നേരെ നടത്തിയ പല ആക്രമണങ്ങളിലും പങ്കാളിയാണ് ഈ സൈനികൻ. തന്റെ അടുത്ത് സുഹൃത്തായ മറ്റൊരു സൈനികൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു. അന്നുമുതൽ, ഉറങ്ങാനും ഭക്ഷണം കഴിക്കുന്നതിനുമൊക്കെ കടുത്ത ബുദ്ധിമുട്ടുകൾ നേരിടുന്നതായി  അദ്ദേഹം തന്റെ കമാൻഡർമാരോടും മാനസികാരോഗ്യം ഉറപ്പുവരുത്തുന്ന ഉദ്യോഗസ്ഥരോടും ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു. 

അതേസമയം മാനസിക പരിചരണത്തെയും അതിന്റെ പ്രാധാന്യത്തെയും പരിഹസിക്കുന്ന നിരവധി ഉദ്യോഗസ്ഥര്‍ സൈന്യത്തിലുണ്ടെന്ന് മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സ നല്‍കുന്ന ഡോക്ടര്‍ പറയുന്നു. കഴിഞ്ഞ മെയില്‍ തങ്ങൾക്ക് മാനസിക പരിചരണം ലഭിക്കുന്നത് തടയാൻ ഗ്ലിക്ക്മാൻ ശ്രമിച്ചുവെന്ന് ബറ്റാലിയനിലെ നാല് സൈനികർ, പറഞ്ഞിരുന്നതായും അദ്ദേഹം വെളിപ്പെടുത്തുന്നു. മാനസിക പ്രശ്നങ്ങളുണ്ടെങ്കില്‍, നിങ്ങൾക്ക് മുന്നില്‍ രണ്ട് വഴികളേയുള്ളൂ, അതിലൊന്ന് വീട്ടിലേക്ക് ഓടിപ്പോകുക, അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുക എന്ന നിലപാടാണ് അദ്ദേഹത്തിനുള്ളതെന്ന് ഇതിലൊരു സൈനികന്‍ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News