Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ഗസ്സ: ഗസ്സ സിറ്റിക്ക് നേരെ ഇസ്രായേൽ ആക്രമണം കടുപ്പിച്ചിരിക്കെ സ്ഥിതി അത്യന്തം ആപൽക്കരമെന്ന് യുഎൻ. ബന്ദികളുടെ ജീവൻ അപകടത്തിലാകുമെന്ന് ഇസ്രായേൽ ഇനന്‍റലിജൻസ് വിഭാഗം ബന്ധുക്കളെ അറിയിച്ചു. 9 കുട്ടികൾ ഉൾപ്പെടെ 59 പേരാണ് ഇന്നലെ കൊല്ലപ്പെട്ടത്. ഗസ്സയിലേക്ക് മാനുഷിക സഹായവുമായി പുറപ്പെട്ട ഗ്ലോബൽ സുമുദ് ഫ്ലോട്ടിലയെ തടയാനൊരുങ്ങിയിരിക്കുകയാണ് ഇസ്രായേൽ നാവിക സേന.
ഗസ്സ സിറ്റി പിടിച്ചടക്കാൻ ആക്രമണം ശക്തമാക്കി ഇസ്രായേൽ. നഗരത്തിലെ മുഴുവൻ കെട്ടിടങ്ങളും ഇടിച്ചു നിരപ്പാക്കാനാണ് നീക്കം. ഗസ്സ സിറ്റിയിലെ പതിനാറ് നില കെട്ടിടത്തിൽ നിന്ന് താമസക്കാരോട് ഒഴിയാൻ ഇസ്രായേൽ ആവശ്യപ്പെട്ടു. ഗസ്സയിൽ നരകവാതിൽ തുറക്കുകയാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒഴിയാനുള്ള ഭീഷണി.
സ്ഥിതി അങ്ങേയറ്റം ആപൽക്കരമെന്ന് വിവിധ യുഎൻ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഉടൻ വെടിനിർത്തൽ ഉണ്ടായില്ലെങ്കിൽ ഹൃദയഭേദക രംഗങ്ങൾക്കാവും ലോകം സാക്ഷ്യം വഹിക്കുകയെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി. ബന്ദികളുടെ ജീവൻ കൂടുതൽ അപകടത്തിലേക്കാണ് നീങ്ങുന്നതെന്ന് ഇസ്രായേൽ ഇന്‍റലിജൻസ് വിഭാഗം ബന്ധുക്കളെ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 9 കുട്ടികൾ ഉൾപ്പെടെ 59 പേരാണ് ഇന്നലെ കൊല്ലപ്പെട്ടത്. ഭക്ഷണത്തിന് വരിനിന്ന 15 പേരും കൊല്ലപ്പെട്ടു.
അതിനിടെ ഗസ്സയിലേക്ക് ഭക്ഷണവും മാനുഷിക സഹായവുമായി പുറപ്പെട്ട 'ഗ്ലോബൽ സുമുദ് ഫ്ലോട്ടില'യെ തടയാൻ എല്ലാ നടപടികളും സ്വീകരിച്ചു വരുന്നതായി ഇസ്രയേൽ സേന അറിയിച്ചു. നാൽപതിലേറെ രാജ്യങ്ങളിൽ നിന്നായി ചെറുകപ്പലുകളിൽ എത്തുന്ന ആക്റ്റിവിസ്റ്റുകളെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ഗസ്സ വംശഹത്യയിൽ ഫലസ്തീനികൾ നേരിടുന്നത് കറുത്ത വർഗ്ഗക്കാർ അനുഭവിച്ചതിനേക്കാൾ ഭീകരമായ വംശീയവിവേചനമെന്ന് നെൽസൻ മണ്ടേലയുടെ ചെറുമകൻ മൻഡ്‍ല മണ്ടേല പറഞു. ഗസ്സക്ക് ഐക്യദാഢ്യം പ്രഖ്യാപിക്കുന്ന ഫ്രീഡം ഫ്ലോട്ടിലയിൽ ഇദ്ദേഹവും അണിചേരുന്നുണ്ട്.