ഇസ്രായേലിനെതിരെ ആക്രമണം കടുപ്പിച്ച് ഇറാൻ; ഹൈഫ പവർ പ്ലാന്റിൽ തീപടർന്നു, തെൽ അവിവിലെ കെട്ടിടത്തിൽ മിസൈൽ പതിച്ചു
25 ലധികം ഇസ്രായേൽ പൗരന്മാർക്ക് പരിക്കേറ്റു
തെൽ അവിവ്: ഇസ്രായേലിന് നേരെ ആക്രമണം തുടർന്ന് ഇറാൻ. കിഴക്കൻ ജെറുസലേം, തെൽ അവിവ്, ഹൈഫ, ബെൻഗുരിയോൻ എയർപോർട്ട് പരിസരം എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയത്. ഹൈഫ പവർപ്ലാന്റിൽ തീ പടർന്നു. ഹൈഫയിലെ മൂന്നിടങ്ങളിലാണ് ഇറാന്റെ ആക്രമണമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
തെൽ അവിവിലെ കെട്ടിടത്തിൽ മിസൈൽ നേരിട്ട് പതിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു.തെൽ അവിവ് നഗരത്തിൽ നാല് മിസൈലുകൾ നേരിട്ട് പതിച്ചെന്നും തെൽ അവിവിൽ കനത്ത നാശനഷ്ടമെന്ന് ഇസ്രായേൽ ആർമി റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ 25 ലധികം ഇസ്രായേൽ പൗരന്മാർക്ക് പരിക്കേറ്റു.
ജറുസലേമിൽ മിസൈൽ പതിച്ച് തീപിടിത്തമുണ്ടായി. നൂറിനടുത്ത് മിസൈലുകൾ എത്തിയതായി ഇസ്രായേൽ അറിയിച്ചു. പ്രതിരോധ സംവിധാനം പ്രവർത്തിക്കുന്നതായി ഇസ്രായേൽ വ്യക്തമാക്കി.മിസൈലുകള്‍ ഭൂരിഭാഗവും പ്രതിരോധിച്ചെന്നും ചിലത് കെട്ടിടത്തിൽ നേരിട്ട് പതിച്ചെന്നും ഇസ്രായേൽ ആർമി റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. നാശനഷ്ടം പരിശോധിക്കും വരെ സുരക്ഷിത സ്ഥാനത്ത് തുടരാനും നിർദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ, ഇസ്രായേൽ ആക്രമണത്തിൽ ഇറാന്‍റെ ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ മുഹമ്മദ് കാസിമി, ഡപ്യൂട്ടി ജനറൽ ഹസ്സൻ മുഹഖിക് എന്നിവർ കൊല്ലപ്പെട്ടു . വടക്കന്‍ ഇസ്രായേലിലെ ഹൈഫക്ക് നേരെയുണ്ടായ ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റു. മൂന്നിടങ്ങളില്‍ ആക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
അതേസമയം, ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ വിദ്യാർഥികളെ രാജ്യത്തിനുള്ളിലെ തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 'തെഹ്റാനിലെ ഇന്ത്യൻ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുക്കുകയും ചെയ്യുന്നുണ്ട്. എംബസിയുടെ സൗകര്യത്തോടെ വിദ്യാർഥികളെ ഇറാനിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ട്. മറ്റ് സാധ്യമായ മാർഗങ്ങൾ പരിഗണനയിലാണെന്നും തിങ്കളാഴ്ച പുലർച്ചെ പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കി.