'ഇസ്രായേലിനെതിരെ ഉപരോധം വേണം'; യുഎന്നിനും ലോകനേതാക്കൾക്കും ജൂത ഉദ്യോഗസ്ഥരും ഓസ്കർ ജേതാക്കളുമടക്കം 450ലേറെ പ്രമുഖരുടെ കത്ത്

'ഫലസ്തീനികളോടുള്ള ഞങ്ങളുടെ ഐക്യദാർഢ്യം ജൂതമതത്തോടുള്ള വഞ്ചനയല്ല, മറിച്ച് അതിന്റെ പൂർത്തീകരണമാണ്'- ഒപ്പിട്ടവർ ചൂണ്ടിക്കാട്ടി.

Update: 2025-10-23 09:13 GMT

Photo| Special Arrangement

വാഷിങ്ടൺ: ​ലോകമനഃസാക്ഷിയെ ഞെട്ടിച്ച ഗസ്സ വംശഹത്യയിൽ ഇസ്രായേലിനെതിരെ ഉപരോധം ഏർപ്പെടുത്താൻ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയ്ക്ക് 450ലേറെ ജൂത പ്രമുഖരുടെ കത്ത്. ഇസ്രായേലി ഉദ്യോഗസ്ഥർ, ഓസ്കർ ജേതാക്കൾ, എഴുത്തുകാർ, ബുദ്ധിജീവികൾ എന്നിവരുൾപ്പെടെയുള്ളവരാണ് തുറന്ന കത്തിൽ ഒപ്പിട്ടിരിക്കുന്നത്. ​ഗസ്സ വംശഹത്യയെ 'മനഃസാക്ഷിക്ക് നിരക്കാത്ത പ്രവൃത്തി' എന്ന് വിശേഷിപ്പിച്ച അവർ ഇസ്രായേലിനെതിരെ ശക്തമായ നടപടി വേണമെന്നും യുഎന്നിനോടും ലോക നേതാക്കളോടും ആവശ്യപ്പെട്ടു.

ഇസ്രായേലി നെസെറ്റ് മുൻ സ്പീക്കർ അവ്രഹാം ബർഗ്, മുൻ ഇസ്രായേലി സമാധാന ചർച്ചാ പ്രതിനിധി ഡാനിയേൽ ലെവി, ബ്രിട്ടീഷ് എഴുത്തുകാരൻ മൈക്കൽ റോസൻ, കനേഡിയൻ എഴുത്തുകാരി നവോമി ക്ലീൻ, ഓസ്കർ ജേതാവായ ചലച്ചിത്ര നിർമാതാവ് ജോനാഥൻ ഗ്ലേസർ, യുഎസ് നടൻ വാലസ് ഷോൺ, എമ്മി ജേതാക്കളായ ഇലാന ഗ്ലേസർ, ഹന്ന ഐൻബിൻഡർ, പുലിറ്റ്‌സർ സമ്മാന ജേതാവ് ബെഞ്ചമിൻ മോസർ എന്നിവർ കത്തിൽ ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു. വ്യാഴാഴ്ച ബ്രസ്സൽസിൽ യൂറോപ്യൻ യൂണിയൻ യോഗം ചേരുന്നതിനിടെയാണ് കത്ത് പ്രസിദ്ധീകരിച്ചത്.

Advertising
Advertising

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെയും അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടേയും വിധികൾ ഉയർത്തിപ്പിടിക്കുക, ആയുധ കൈമാറ്റം നിർത്തിവയ്ക്കുകയും ഉപരോധം ഏർപ്പെടുത്തുകയും ചെയ്ത് അന്താരാഷ്ട്ര നിയമലംഘനങ്ങളിൽ പങ്കാളിയാകുന്നത് ഒഴിവാക്കുക, ഗസ്സയ്ക്ക് മതിയായ മാനുഷിക സഹായം ഉറപ്പാക്കുക, സമാധാനത്തിനും നീതിക്കും വേണ്ടി വാദിക്കുന്നവർക്കെതിരായ വ്യാജ ജൂതവിരുദ്ധ ആരോപണങ്ങൾ തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങളും ഇവർ ലോക നേതാക്കളോട് ഉന്നയിച്ചു.

ഇസ്രായേലി കണ്ടക്ടർ ഇലൻ വോൾക്കോവ്, നാടകകൃത്ത് ഈവ് എന്‍സ്‌ലര്‍, അമേരിക്കൻ ഹാസ്യനടൻ എറിക് ആൻഡ്രെ, ദക്ഷിണാഫ്രിക്കൻ നോവലിസ്റ്റ് ഡാമൺ ഗാൽഗട്ട്, ഓസ്കാർ ജേതാവായ പത്രപ്രവർത്തകനും ഡോക്യുമെന്ററി പ്രവർത്തകനുമായ യുവാൽ എബ്രഹാം, ടോണി അവാർഡ് ജേതാവ് ടോബി മാർലോ, ഇസ്രായേലി തത്ത്വചിന്തകൻ ഒമ്രി ബോഹം എന്നിവരും കത്തിൽ ഒപ്പിട്ടിട്ടുണ്ട്.

'ഫലസ്തീനികളോടുള്ള ഞങ്ങളുടെ ഐക്യദാർഢ്യം ജൂതമതത്തോടുള്ള വഞ്ചനയല്ല, മറിച്ച് അതിന്റെ പൂർത്തീകരണമാണ്'- ഒപ്പിട്ടവർ ചൂണ്ടിക്കാട്ടി. 'ഒരു ജീവൻ നശിപ്പിക്കുന്നത് ഒരു ലോകത്തെ മുഴുവൻ നശിപ്പിക്കുന്നതിന് തുല്യമാണെന്നാണ് പണ്ഡിതർ പഠിപ്പിച്ചത്. ഈ വെടിനിർത്തൽ അധിനിവേശത്തിന്റെയും വർണവിവേചനത്തിന്റെയും അവസാനത്തിലേക്ക് നീങ്ങുന്നതുവരെ ഞങ്ങൾ വിശ്രമിക്കില്ല'- അവർ വിശദമാക്കി.

വാഷിങ്ടൺ പോസ്റ്റ് പോൾ പ്രകാരം 61 ശതമാനം യുഎസ് ജൂതന്മാരും ഗസ്സയിൽ ഇസ്രായേൽ യുദ്ധക്കുറ്റകൃത്യങ്ങൾ നടത്തിയെന്ന് വിശ്വസിക്കുന്നു. 39 ശതമാനം പേർ ​ഗസ്സയിലേത് വംശഹത്യയാണെന്ന് വ്യക്തമാക്കുന്നു. അമേരിക്കയിലെ പൊതുജനങ്ങളിൽ 45 ശതമാനവും ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്ന് ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യൂഷനോട് പറഞ്ഞു. ആഗസ്റ്റിൽ നടന്ന ക്വിന്നിപിയാക് സർവേയിൽ 77 ശതമാനനം ഡെമോക്രാറ്റുകൾ ഉൾപ്പെടെ യുഎസ് വോട്ടർമാരിൽ പകുതിയും ഇതേ നിലപാടുള്ളവരാണെന്നും കണ്ടെത്തി.

2023 ഒക്ടോബർ ഏഴിന് ശേഷമാരംഭിച്ച ​ഗസ്സ വംശഹത്യയിൽ ഇതുവരെ 67,173 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 20,000ലേറെയും കുട്ടികളാണ്. 1,67,000ലേറെ പേർക്ക് പരിക്കേറ്റു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന സമാധാന പദ്ധതി പ്രകാരം നടന്ന മധ്യസ്ഥ ചർച്ചയ്ക്ക് ശേഷം വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇത് ലംഘിച്ച് ​ഗസ്സയിൽ ഇപ്പോഴും കുരുതി തുടരുകയാണ് ഇസ്രായേൽ.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News