മകൻ മരിച്ചുപോയെന്ന് അച്ഛൻ പറഞ്ഞ് വിശ്വസിപ്പിച്ചു; 44 വർഷത്തിന് ശേഷം അമ്മയെ കണ്ടുമുട്ടി വിസാം മുഹമ്മദ്

''ക്ഷമിക്കണം, 20 വർഷമായി ഞാൻ നിങ്ങളെ അന്വേഷിക്കുകയായിരുന്നു, അമ്മയെ കണ്ടെത്തുമെന്ന് എപ്പോഴും വിശ്വസിച്ചിരുന്നു''

Update: 2022-12-21 16:10 GMT
Editor : afsal137 | By : Web Desk
Advertising

വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ടവരെ കണ്ടെത്തിയെന്നുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. 44 വർഷം മുമ്പ് വേർപിരിഞ്ഞ അമ്മയെയും മകനെയും ബന്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരിക്കുകയാണ് ഫേസ്ബുക്ക്. ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജോർദാൻ പൗരനായ വിസാം മുഹമ്മദ് വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട തന്റെ അമ്മയെ തിരയുന്ന കാര്യം ലോകത്തോട് വിളിച്ചു പറഞ്ഞത്.

വിവാഹമോചനത്തിലൂടെ കടന്നുപോയ ഈജിപ്ഷ്യൻ അമ്മയ്യുടെയും ജോർദാനിയൻ പിതാവിന്റെയും മകനായാണ് വിസാം മുഹമ്മദ് ജനിച്ചത്. ജനിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ, മുഹമ്മദിന് അസുഖം വന്നു. കുഞ്ഞ് ആശുപത്രിയിൽ വച്ച് മരിച്ചുവെന്ന് പറഞ്ഞ് മുഹമ്മദിന്റെ അമ്മയെ പിതാവ് വിശ്വസിപ്പിക്കുകയായിരുന്നു. വിവാഹ മോചനം നേടിയ മുഹമ്മദിന്റെ അമ്മ പിന്നീട് ഈജിപ്തിലെ കെയ്റോയിലേക്ക് മടങ്ങി. തന്റെ കുഞ്ഞ് മരിച്ചുപോയെന്ന് അവർ പൂർണമായും വിശ്വസിച്ചിരുന്നു.

അമ്മയെക്കുറിച്ച് വളരെ കുറച്ച് മാത്രമേ അറിയൂ. അമ്മ മരിച്ചുപോയെന്ന് കരുതിയിരുന്നുവെന്നും വിസാം മുഹമ്മദ് പറഞ്ഞു. അമ്മയെ കണ്ടെത്താൻ അദ്ദേഹം തുനിഞ്ഞിറങ്ങി. ഏകദേശം നാല് വർഷം മുമ്പ്, അഭിഭാഷകർക്ക് മുഹമ്മദിന്റെ അമ്മയുടെ മരണ സർട്ടിഫിക്കറ്റ് കണ്ടെത്താൻ കഴിഞ്ഞില്ല. അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് മുഹമ്മദ് വിശ്വസിച്ചു. അദ്ദേഹം അമ്മയെ കണ്ടെത്തുന്നതിനായി രണ്ട് തവണ ഈജിപ്തിലേക്ക് പറന്നു. പക്ഷെ നിരാശയായിരുന്നു ഫലം. അദ്ദേഹം അമ്മയെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിച്ചില്ല. ജോർദാനിലുള്ള മുഹമ്മദിന്റെ അമ്മായിമാരിൽ ഒരാൾ അമ്മയുടെ ചില പഴയ ഫോട്ടോകൾ കണ്ടെത്തി. അത് തന്റെ അമ്മയെ കണ്ടെത്തുന്നതിന് ഏറെ സഹായകമായെന്നാണ് വിസാം മുഹമ്മദ് പറയുന്നത്.

മുഹമ്മദിന്റെ അമ്മായി പിന്നീട് അദ്ദേഹത്തിന്റെ അമ്മയെ തിരയുന്നുവെന്ന് കാണിച്ച് ഫേസ്ബുക്കിൽ ഫോട്ടോ സഹിതം പങ്കിട്ടു. അവരുടെ ഒരു സുഹൃത്ത് ഈജിപ്ത് ആസ്ഥാനമായുള്ള 'മിസ്സിംഗ് ചിൽഡ്രൻ' എന്ന ഫേസ്ബുക്ക് ഗ്രൂപ്പുമായി ബന്ധപ്പെട്ടു. എഞ്ചിനീയറായ റാമി എൽ-ഗെബാലി എന്നയാൾ മുഹമ്മദ് തന്റെ അമ്മയെ അന്വേഷിക്കുകയാണെന്ന് വിശദീകരിച്ച് ഡിസംബർ ആറിന് ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്യുകയുമുണ്ടായി. 24 മണിക്കൂറിനുള്ളിൽ ഫേസ്ബുക്ക് പേജിന്റെ സഹായത്തോടെ മുഹമ്മദ് അമ്മയെ കണ്ടെത്തി. അമ്മയെ കാണാൻ മുഹമ്മദ് കെയ്‌റോയിലേക്ക് പറന്നു. മുഹമ്മദ് എയർപോർട്ടിൽ വെച്ച് തന്നെ അമ്മയെ കണ്ടുമുട്ടി. 'ഞാൻ മരിച്ചെന്ന് നിങ്ങൾ കരുതിയോ?' അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് മുഹമ്മദ് ചോദിച്ചു. അഛൻ തന്നെ അങ്ങനെ പറഞ്ഞു വിശ്വസിപ്പിച്ചുവെന്ന് അമ്മ മുഹമ്മദിനോട് പറഞ്ഞു. ക്ഷമിക്കണം, 20 വർഷമായി ഞാൻ നിങ്ങളെ അന്വേഷിക്കുകയായിരുന്നുവെന്ന് പറഞ്ഞ് മുഹമ്മദ് വിതുമ്പി. 'ഞാൻ എന്റെ അമ്മയെ കണ്ടെത്തുമെന്ന് എപ്പോഴും വിശ്വസിച്ചിരുന്നു'. മുഹമ്മദ് കൂട്ടിച്ചേർത്തു.


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News