1998 നവംബർ മാസത്തിലെ ഒരു പ്രഭാതം. തെക്കേ അമേരിക്കയിലെ ചിലിയിൽ നിന്ന് ഒരു യുവാവ് തന്റെ യാത്ര ആരംഭിക്കുകയാണ്. യാതൊരുവിധ വാഹനങ്ങളും ഉപയോഗിക്കാതെ, സ്വന്തം കാലുകളിൽ മാത്രം നടന്ന് ലോകം ചുറ്റി തന്റെ ജന്മനാടായ ഇംഗ്ലണ്ടിലെ ഹള്ളിൽ തിരിച്ചെത്തുക എന്നതായിരുന്നു ലക്ഷ്യം. ലക്ഷ്യസ്ഥാനത്ത് അവനെ കാത്ത് അമ്മ ആഞ്ചെലയുണ്ടായിരുന്നു. 2012ൽ യാത്ര അവസാനിപ്പിക്കാമെന്നായിരുന്നു തുടക്കത്തിലെ കണക്കുകൂട്ടൽ. എന്നാൽ, ആ നടത്തം അവസാനിക്കാൻ പിന്നെയും പതിനാല് വർഷങ്ങൾ കൂടി വേണ്ടിവരുമെന്ന് അവനന്ന് അറിഞ്ഞിരുന്നില്ല. 27 വർഷങ്ങൾക്കും 58,000 കിലോമീറ്ററുകൾക്കും ശേഷം മുൻ ബ്രിട്ടീഷ് പാരാട്രൂപ്പറായ കാൾ ബുഷ്ബി തന്റെ അമ്മയ്ക്കരികിലേക്ക്, ആ വലിയ സ്വപ്നത്തിന്റെ അവസാന ചുവടുകളിലേക്ക് കടക്കുകയാണ്.
ഡേറിയൻ ഗ്യാപ്പിലെ കാടുകളും സൈബീരിയൻ മഞ്ഞും
വെറുമൊരു നടത്തമായിരുന്നില്ല അത്. ജീവൻ പണയം വെച്ചുള്ള ഒരു പോരാട്ടം തന്നെയായിരുന്നു. പാനമയ്ക്കും കൊളംബിയയ്ക്കും ഇടയിലുള്ള കുപ്രസിദ്ധമായ ഡേറിയൻ ഗ്യാപ്പ് എന്ന കൊടുംകാട്ടിലൂടെയായിരുന്നു യാത്രയുടെ ആദ്യഘട്ടങ്ങളിലൊന്ന്. സായുധരായ ഗുണ്ടാസംഘങ്ങളുടെയും വന്യമൃഗങ്ങളുടെയും വിഹാരകേന്ദ്രമായ ആ കാട്ടിലൂടെ ജീവൻ കൈയിൽ പിടിച്ചാണ് അദ്ദേഹം നടന്നുകയറിയത്. പിന്നീട് വടക്കേ അമേരിക്ക താണ്ടി 2006ൽ ശീതീകരിച്ച ബെറിങ് കടലിടുക്ക് അദ്ദേഹം കാൽനടയായി മുറിച്ചുകടന്നു. എന്നാൽ മുന്നിൽ വെല്ലുവിളികൾ അവസാനിച്ചിരുന്നില്ല. സൈബീരിയയുടെ കൊടുംതണുപ്പിലേക്കും ശൂന്യതയിലേക്കുമാണ് അദ്ദേഹം പിന്നീട് നടന്നുകയറിയത്.
സാമ്പത്തിക മാന്ദ്യവും മെക്സിക്കൻ ദിനങ്ങളും
പ്രകൃതി മാത്രമല്ല, ലോകത്തെ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങളും ബുഷ്ബിയുടെ യാത്രയെ നിരന്തരം പരീക്ഷിച്ചു. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യം അദ്ദേഹത്തിന്റെ യാത്രയുടെ താളം തെറ്റിച്ചു. പ്രധാന സ്പോൺസർമാരെ നഷ്ടപ്പെട്ടതോടെ അദ്ദേഹം വലിയ പ്രതിസന്ധിയിലായി. കൂടാതെ, ലോകത്തിന്റെ അതിർത്തികളും വിസ നിയമങ്ങളും അദ്ദേഹത്തിന് വിലങ്ങുതടിയായി. പല രാജ്യങ്ങളിലും 180 ദിവസത്തിൽ 90 ദിവസം മാത്രമേ അദ്ദേഹത്തിന് തുടരാൻ കഴിഞ്ഞിരുന്നുള്ളൂ. നിയമങ്ങൾ പാലിക്കാനായി അദ്ദേഹം ഇടവേളകളിൽ മെക്സിക്കോയിലേക്ക് മടങ്ങി.
'സാമ്പത്തിക തകർച്ചയിൽ എനിക്ക് എന്റെ പ്രധാന സ്പോൺസറെ നഷ്ടപ്പെട്ടു. കാര്യങ്ങൾ വീണ്ടും ട്രാക്കിലാക്കാൻ ശ്രമിക്കുന്നതിനിടയിൽ മെക്സിക്കോയാണ് എനിക്ക് അഭയം നൽകിയത്,' ബുഷ്ബി ഓർക്കുന്നു. അവിടെ ചെലവുകൾ വളരെ കുറവായിരുന്നു. അവിടുത്തെ മനുഷ്യർ സ്നേഹമുള്ളവരായിരുന്നു. ഒരു ടീ ഷർട്ടും ഷോർട്സും ഫ്ലിപ്പ് ഫ്ലോപ്പും മാത്രമായിരുന്നു തനിക്ക് അവിടെ ആവശ്യമുണ്ടായിരുന്നതെന്ന് അദ്ദേഹം പറയുന്നു. പ്രതിസന്ധികൾക്കിടയിലും തന്റെ ലക്ഷ്യത്തിൽ നിന്നും പിന്മാറാൻ അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല.
കുറയുന്ന വേഗത, പക്ഷെ തളരാത്ത മനസ്
കഴിഞ്ഞ ക്രിസ്മസിന് മുമ്പായി ഹംഗറിയിലെ ഗ്യോർ നഗരത്തിലാണ് ബുഷ്ബി എത്തിയത്. ഇപ്പോൾ ഓസ്ട്രിയൻ അതിർത്തിയിൽ നിന്നും വെറും ദിവസങ്ങൾ മാത്രം അകലെയാണദ്ദേഹം. കാലം മുന്നോട്ട് പോയതോടെ പ്രായം അദ്ദേഹത്തിന്റെ നടത്തത്തിന്റെ വേഗതയെയും ബാധിച്ചിട്ടുണ്ട്. 'മുൻപ് പ്രതിദിനം 30 കിലോമീറ്റർ വരെ നടന്നിരുന്ന ഞാൻ ഇപ്പോൾ 20-25 കിലോമീറ്ററായി കുറഞ്ഞിട്ടുണ്ട്,' അദ്ദേഹം സമ്മതിക്കുന്നു.
വരുന്ന മാർച്ചിൽ ഹംഗറി-ഓസ്ട്രിയ അതിർത്തിയിൽ നിന്നും അദ്ദേഹം തന്റെ നടത്തം പുനരാരംഭിക്കും. തുടർന്ന് ജർമനി, ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങൾ പിന്നിടണം. പിന്നീട് ഇംഗ്ലീഷ് ചാനൽ ടണലിലെ സർവീസ് പാതയിലൂടെ നടന്ന് യുകെയിലേക്ക് കടക്കാനുള്ള പ്രത്യേക അനുമതിക്കായി അധികൃതരുമായി നിർണായകമായ ചർച്ചകൾ നടത്താനിരിക്കുകയാണ് അദ്ദേഹം.
അവസാന കാൽവെയ്പ്പുകളിലേക്ക്
ഒരു മനുഷ്യായുസിന്റെ വലിയൊരു ഭാഗം പലവിധ റോഡുകളിലും കാടുകളിലും മഞ്ഞിലും ഏകാന്തതയിലും ചിലവഴിച്ച ശേഷം, ഒടുവിൽ ലക്ഷ്യസ്ഥാനത്തേക്ക് അടുക്കുമ്പോൾ കാൾ ബുഷ്ബിയുടെ ഉള്ളിൽ വല്ലാത്തൊരു ശൂന്യതയുമുണ്ട്. 'ഈ യാത്ര ഇനി അവസാനിപ്പിക്കേണ്ടതുണ്ട്, പക്ഷേ എന്റെയുള്ളിൽ സമ്മിശ്ര വികാരങ്ങളാണ്,' അദ്ദേഹം പറയുന്നു. 'ഇതൊരു പെട്ടെന്നുള്ള നിർത്തലാണ്; ഒരു ജീവിതത്തിന്റെ തന്നെ അവസാനമാണ്. ഇനി മുന്നോട്ട് എന്തെന്ന കാര്യത്തിൽ എനിക്ക് വലിയ അനിശ്ചിതത്വമുണ്ട്.'
തടസങ്ങളൊന്നുമില്ലെങ്കിൽ വരുന്ന ഒക്ടോബറിൽ അദ്ദേഹം ഹള്ളിലെ തന്റെ വീട്ടിലെത്തും. 27 വർഷങ്ങൾക്ക് മുൻപ് യാത്രയാക്കിയ അമ്മ ആഞ്ചെലയുടെ മുഖം വീണ്ടും നേരിൽ കാണും. ലോകചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത ഈ യാത്ര അവസാനിക്കുമ്പോൾ, മനുഷ്യന്റെ അചഞ്ചലമായ ഇച്ഛാശക്തിക്കും ലക്ഷ്യബോധത്തിനും മുൻപിൽ ദൂരങ്ങൾക്കും പ്രതിസന്ധികൾക്കും വഴിമാറിക്കൊടുക്കേണ്ടി വരും എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമായി കാൾ ബുഷ്ബി മാറും.