ഹോർമുസിൽ അമേരിക്കൻ പൈലറ്റുമാരെ രക്ഷിച്ച ഇന്ത്യൻ ബുദ്ധികേന്ദ്രം; ആരാണ് വിഭവ് അൽത്തേക്കർ?

കടലിൽ അകപ്പെട്ട് രണ്ട് മണിക്കൂറോളം കഴിഞ്ഞ പൈലറ്റുമാരെ 'കോർസെയർ' എന്ന സ്വയം നിയന്ത്രിത ബോട്ടാണ് സുരക്ഷിതമായി കരയിലെത്തിച്ചത്

Update: 2026-06-11 05:13 GMT

വാഷിംഗ്‌ടൺ: ഹോർമുസ് കടലിടുക്കിൽ തകർന്നുവീണ യുഎസ് സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്ററിലെ പൈലറ്റുമാരെ ഡ്രോൺ ബോട്ട് ഉപയോഗിച്ച് രക്ഷിച്ച് അമേരിക്കൻ നാവികസേന. ഇറാനിയൻ സൈന്യത്തിന്റെ ആക്രമണത്തെ തുടർന്നാണ് ഹെലികോപ്റ്റർ തകർന്നുവീണത്. കടലിൽ അകപ്പെട്ട് രണ്ട് മണിക്കൂറോളം കഴിഞ്ഞ പൈലറ്റുമാരെ 'കോർസെയർ' എന്ന സ്വയം നിയന്ത്രിത ബോട്ടാണ് സുരക്ഷിതമായി കരയിലെത്തിച്ചത്. അമേരിക്കൻ സൈന്യം മനുഷ്യരില്ലാത്ത ഒരു ഡ്രോൺ ബോട്ട് വിദൂര നിയന്ത്രണത്തിലൂടെ ഉപയോഗിച്ച് കടലിൽ രക്ഷാപ്രവർത്തനം നടത്തുന്നത് ചരിത്രത്തിലാദ്യമായാണ്.

അമേരിക്കൻ നാവികസേനയുടെ കീഴിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡ്രോണുകൾ കൈകാര്യം ചെയ്യുന്ന 'ടാസ്ക് ഫോഴ്സ് 59'ന്റെ ഭാഗമാണ് കോർസെയർ. 24 അടി നീളമുള്ള ഈ ബോട്ട് ഡീസലിലാണ് പ്രവർത്തിക്കുന്നത്. മണിക്കൂറിൽ 35 നോട്ട് വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന കോർസെയറിന് ഒറ്റത്തവണ 1000 നോട്ടിക്കൽ മൈലിലധികം ദൂരപരിധിയുണ്ട്. നിർമിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ ബോട്ടിന് ഏകദേശം 1000 പൗണ്ട് ഭാരം വഹിക്കാനുള്ള ശേഷിയുമുണ്ട്.

Advertising
Advertising

ടെക്സാസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'സരോണിക് ടെക്നോളജീസ്' എന്ന ഡിഫൻസ് ടെക്നോളജി കമ്പനിയാണ് ഈ ഡ്രോൺ ബോട്ട് വികസിപ്പിച്ചെടുത്തത്. കമ്പനിയുടെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ വിഭവ് അൽത്തേക്കർ എന്ന ഇന്ത്യൻ വംശജനാണ് കോർസെയറിന്റെ പ്രവർത്തനങ്ങൾക്ക് പിന്നിലെ പ്രധാന ബുദ്ധികേന്ദ്രം. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിങ് പഠനം പൂർത്തിയാക്കിയ ഇദ്ദേഹം ഓട്ടോണമസ് സിസ്റ്റംസ്, മാരിടൈം ടെക്നോളജി തുടങ്ങിയ മേഖലകളിൽ വിദഗ്ധനാണ്. സരോണിക്കിന് മുൻപ് 'ആൻഡുറിൽ' എന്ന കമ്പനിയിൽ പ്രവർത്തിച്ചിരുന്ന വിഭവ്, റോയൽ ഓസ്ട്രേലിയൻ നാവികസേനയുടെ 'ഗോസ്റ്റ് ഷാർക്ക്' ഡ്രോൺ അന്തർവാഹിനി പദ്ധതിയിലും സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

2022 സെപ്റ്റംബറിൽ ഓസ്റ്റിനിലാണ് സരോണിക് ടെക്നോളജീസ് സ്ഥാപിതമായത്. മുൻ യുഎസ് നേവി സീൽ ഉദ്യോഗസ്ഥനായ ഡിനോ മാവ്റൂക്കാസ്, വിഭവ് അൽത്തേക്കർ, ഡഗ് ലാംബർട്ട്, റോബ് ലേമാൻ എന്നിവർ ചേർന്നാണ് കമ്പനി ആരംഭിച്ചത്. അത്യാധുനിക ഡ്രോൺ ബോട്ടുകൾ നിർമിക്കുന്നതിനായി 392 മില്യൺ ഡോളറിന്റെ കരാറാണ് കമ്പനിക്ക് അമേരിക്കൻ നാവികസേനയുമായിട്ടുള്ളത്. മനുഷ്യ ജീവനുകൾ രക്ഷിക്കുന്നതിനും സമുദ്ര സുരക്ഷാ പ്രവർത്തനങ്ങൾക്കും ഈ സ്വയം നിയന്ത്രിത ബോട്ടുകൾ എത്രത്തോളം സഹായകമാണെന്നാണ് ഹോർമുസ് കടലിടുക്കിലെ പുതിയ രക്ഷാപ്രവർത്തനം തെളിയിക്കുന്നത്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News