ഇറാൻ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇയെ വധിക്കുക തന്നെയാണ് ലക്ഷ്യം: ഇസ്രായേൽ പ്രതിരോധമന്ത്രി

അമേരിക്ക ഇസ്രായേലിന് നൽകിവരുന്ന സഹായത്തിന് നന്ദിയുണ്ടെന്നും ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞു.

Update: 2025-06-19 13:17 GMT

തെൽ അവീവ്: ഇറാൻ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇയെ വധിക്കുമെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്‌സ്. ഇറാൻ ഏകാധിപതിയുമായി ചർച്ചയില്ല. ഖാംനഇ ജീവിച്ചിരിക്കരുത്. അമേരിക്ക ഇസ്രായേലിന് നൽകിവരുന്ന സഹായത്തിന് നന്ദിയുണ്ടെന്നും കാറ്റ്‌സ് പറഞ്ഞു.

ഇറാൻ ആക്രമണത്തിൽ ഇസ്രായേലിലെ സൊറോക്കോ സൈനിക ആശുപത്രിയിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. മിസൈൽ ആക്രമണത്തിൽ വലിയ നഷ്ടം സംഭവിച്ചതായി ആശുപത്രി ഡയറക്ടർ ജനറൽ ശ്ലോമി കോഡേഷ് പറഞ്ഞു. ഇതിന് പിന്നാലെയാണ് ഖാംനഇയെ വധിക്കുമെന്ന പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.

ഇസ്രായേലിനെ നശിപ്പിക്കുമെന്ന് ഖാംനഇ തുറന്നുപറഞ്ഞതാണ്. ആശുപത്രികൾ ആക്രമിക്കാൻ അദ്ദേഹം വ്യക്തിപരമായി നിർദേശം നൽകിയതാണ്. ഇസ്രായേലിനെ തകർക്കുന്നത് ഒരു നേട്ടമായാണ് ഖാംനഇ കാണുന്നത്. അങ്ങനെയൊരാളെ ഇനി നിലനിൽക്കാൻ അനുവദിക്കില്ലെന്നും കാറ്റ്‌സ് തെൽ അവീവിൽ മാധ്യമങ്ങളോട് പറഞ്ഞു.

Advertising
Advertising

ഹോളോകോസ്റ്റിന്റെ സമയത്ത് ഇസ്രായേൽ എന്ന രാഷ്ട്രം നിലനിന്നിരുന്നുവെങ്കിൽ, ശക്തമായ ഇസ്രായേൽ പ്രതിരോധ സേന നിലനിന്നിരുന്നുവെങ്കിൽ ജൂത വിദ്വേഷിയായ ഹിറ്റ്ലറെ പിടികൂടാൻ ഐഡിഎഫിനെ ബങ്കറിലേക്ക് അയക്കാനും ജൂതന്മാരെ ഉന്മൂലനം ചെയ്യാനുള്ള അദ്ദേഹത്തിന്റെ പദ്ധതി പരാജയപ്പെടുത്താനും കഴിയുമായിരുന്നു. കൃത്യമായി പറഞ്ഞാൽ ഖാംനഇ ആധുനിക ഹിറ്റ്ലറാണെന്നും കാറ്റ്‌സ് പറഞ്ഞു.

അതിനിടെ ഇസ്രായേലിലേക്കുള്ള മുഴുവൻ ഫ്‌ളൈറ്റുകളും ബ്രിട്ടീഷ് എയർലൈൻസ് റദ്ദാക്കി. നവംബർ ആദ്യ ആഴ്ച വരെയുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. മേഖലയിലെ പ്രതിസന്ധി നീണ്ടുനിന്നേക്കുമെന്ന സൂചനയാണ് ദീർഘകാലത്തേക്കുള്ള ഫ്‌ളൈറ്റ് റദ്ദാക്കൽ നൽകുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News