ബംഗ്ലാദേശില്‍ ഇടത് പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടി; മത്സരിച്ച 182 സീറ്റില്‍ 180ലും കെട്ടിവെച്ച പണം പോലും കിട്ടിയില്ല

തെരഞ്ഞെടുപ്പില്‍ വിജയം നേടിയ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ (ബിഎന്‍പി) സഖ്യത്തില്‍ മൂന്ന് ഇടതുപക്ഷ പാര്‍ട്ടികളാണുണ്ടായിരുന്നത്

Update: 2026-02-17 03:04 GMT

Representational Image

ധാക്ക: ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റ് ഇടതുപാര്‍ട്ടികള്‍. രണ്ട് സഖ്യങ്ങളിലുമായി ആകെ 182 സീറ്റില്‍ ഇടത് കക്ഷികള്‍ മത്സരിച്ചെങ്കിലും 180 സീറ്റിലും കെട്ടിവെച്ച പണം പോലും നഷ്ടമായി. 0.36 ശതമാനം മാത്രമാണ് ഈ സീറ്റുകളിലെ ആകെ വോട്ട് വിഹിതം.

തെരഞ്ഞെടുപ്പില്‍ വിജയം നേടിയ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ (ബിഎന്‍പി) സഖ്യത്തില്‍ മൂന്ന് ഇടതുപക്ഷ പാര്‍ട്ടികളാണുണ്ടായിരുന്നത്. സിറ്റിസണ്‍സ് യൂണിറ്റി പാര്‍ട്ടി, ബംഗ്ലാദേശ് റെവല്യൂഷണറി വര്‍ക്കേഴ്‌സ് പാര്‍ട്ടി, മാസ് സോളിഡാരിറ്റി മൂവ്‌മെന്റ് എന്നിവ. മാസ് സോളിഡാരിറ്റി മൂവ്‌മെന്റ് പിന്നീട് പ്രത്യേകമായാണ് മത്സരിച്ചത്. ഈ മൂന്ന് പാര്‍ട്ടികളില്‍ നിന്നും ആകെ 35 സ്ഥാനാര്‍ഥികള്‍ മത്സരിച്ചതില്‍ മാസ് സോളിഡാരിറ്റി മൂവ്മെന്റിന്റെ ചീഫ് കോര്‍ഡിനേറ്റര്‍ ജോനായദ് സാകി മാത്രമാണ് വിജയിച്ചത്. മറ്റ് സ്ഥാനാര്‍ഥികള്‍ക്ക് ആര്‍ക്കും കെട്ടിവച്ച തുക പോലും നേടാന്‍ കഴിഞ്ഞില്ല. അതാത് മണ്ഡലങ്ങളില്‍ ഇവരുടെ ആകെ വോട്ട് വിഹിതം വെറും 0.19 ശതമാനം മാത്രമാണ്.

Advertising
Advertising

ഇടതുപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഡെമോക്രാറ്റിക് യുണൈറ്റഡ് ഫ്രണ്ട് 147 സീറ്റുകളില്‍ മത്സരിച്ചു. ഇതില്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബംഗ്ലാദേശ് (സിപിബി) 63 സീറ്റുകളില്‍ നേടിയത് വെറും 0.08 ശതമാനം വോട്ടാണ്. സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ബംഗ്ലാദേശ് 36 സീറ്റുകളില്‍ 0.05 ശതമാനം വോട്ടും, സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ബംഗ്ലാദേശ് (മാര്‍ക്‌സിസ്റ്റ്) 33 സീറ്റുകളില്‍ 0.02 ശതമാനം വോട്ടും, ബംഗ്ലാദേശ് ജാതിയ സമാജ്താന്ത്രിക് ദള്‍ 15 സീറ്റുകളില്‍ 0.02 ശതമാനം വോട്ടുമാണ് നേടിയത്. ഈ സഖ്യത്തിന്റെ ആകെ വോട്ട് വിഹിതം 0.17 ശതമാനമാണ്.

മറ്റൊരു ഇടത് പാര്‍ട്ടിയായ ബംഗ്ലാദേശ് ലേബര്‍ പാര്‍ട്ടി മത്സരിച്ചത് ജമാഅത്തെ ഇസ്‌ലാമി നേതൃത്വം നല്‍കിയ മുന്നണിയുടെ ഭാഗമായാണ്. എന്നാല്‍, ഇവര്‍ക്കും സീറ്റൊന്നും ലഭിച്ചില്ല. ബംഗ്ലാദേശ് അവാമി ലീഗ് നയിക്കുന്ന 14 പാര്‍ട്ടികളുടെ സഖ്യത്തിലെ നിരവധി ഇടതുപക്ഷ പാര്‍ട്ടികള്‍ ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പിന്റെ ഭാഗമായില്ല. ശൈഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

2024-ലെ ജൂലൈ റെവല്യൂഷനെ തുടര്‍ന്ന് ശൈഖ് ഹസീന പുറത്തായതിനുശേഷം നടന്ന ആദ്യ ജനാധിപത്യ തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയാണ് വന്‍ വിജയം നേടിയത്. 209 സീറ്റിലാണ് ബിഎന്‍പി വിജയിച്ചത്. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി 68 സീറ്റും നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി ആറ് സീറ്റും നേടി. നിയുക്ത പ്രധാനമന്ത്രി താരീഖ് റഹ്മാന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News