78 ടെസ്റ്റുകള്‍ നടത്തിയിട്ടും പോസിറ്റീവ്; ഒന്നര വര്‍ഷമായി കോവിഡ് ബാധിതനാണ് ഈ 56കാരന്‍

2020ല്‍ കയാസന് ആദ്യമായി കോവിഡ് സ്ഥിരീകരിക്കുമ്പോള്‍ ലുക്കീമിയയും ഇദ്ദേഹത്തെ ബാധിച്ചിരുന്നു

Update: 2022-02-17 06:07 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോവിഡ് ഒരു തവണ വന്നവരും രണ്ടും മൂന്നും തവണ ബാധിച്ചവരൊക്കെയുണ്ട്. കോവിഡ് സമയത്തുണ്ടാകുന്ന ബുദ്ധിമുട്ടുകളും രോഗം മാറിയതിനു ശേഷമുള്ള ബുദ്ധിമുട്ടുകളും വേറെ. എന്നാല്‍ മാസങ്ങളായി കോവിഡ് മാറാത്തവരുണ്ടാകുമോ? തുര്‍ക്കി സ്വദേശിയായ മുസാഫർ കയാസൻ(56) കഴിഞ്ഞ 14 മാസമായി കോവിഡ് ബാധിതനാണ്.

78 തവണ പരിശോധന നടത്തിയപ്പോഴും കയാസന്‍ പോസിറ്റീവാണെന്നുള്ളതാണ് ഏവരെയും ഞെട്ടിച്ച വസ്തുത. 2020ല്‍ കയാസന് ആദ്യമായി കോവിഡ് സ്ഥിരീകരിക്കുമ്പോള്‍ ലുക്കീമിയയും ഇദ്ദേഹത്തെ ബാധിച്ചിരുന്നു. അന്നുമുതൽ കോവിഡ് പരിശോധനക്കായി അദ്ദേഹം മിക്കവാറും എല്ലാ മാസവും ആശുപത്രിയില്‍ പോകാറുണ്ട്. പരിശോധനാഫലം എല്ലായ്പ്പോഴും പോസിറ്റീവായിരുന്നു. കോവിഡ് മുക്തനാകാത്തതുകൊണ്ട് വാക്സിനെടുക്കാനും സാധിക്കുന്നില്ല. തുര്‍ക്കിയിലെ മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ച് കോവിഡ് രോഗികള്‍ പൂര്‍ണമായും രോഗം മാറിയതിനു ശേഷമേ വാക്സിന്‍ സ്വീകരിക്കാവൂ.

ആദ്യമായി കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ കയാസന്‍ മരിച്ചുപോകുമെന്നാണ് ഡോക്ടര്‍ കരുതിയിരുന്നത്. എന്നാല്‍ 78 ടെസ്റ്റുകള്‍ക്ക് ശേഷവും അദ്ദേഹം ജീവനോടെയുണ്ട്. കൂടുതല്‍ ഉന്‍മേഷവാനായി. ന്യൂയോർക്ക് പോസ്റ്റിന്‍റെ റിപ്പോർട്ട് അനുസരിച്ച്, മുസ്സാഫർ ഒമ്പത് മാസം ആശുപത്രിയിലും അഞ്ച് മാസം ഇസ്താംബുളിലെ വീട്ടിലും ചെലവഴിച്ചു. രോഗബാധ മൂലം കുറച്ചു നാളുകളായി ഭാര്യയെയും മക്കളെയും കാണാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കയാസന്‍. ''ഞാൻ സുഖം പ്രാപിച്ചു, പക്ഷേ ഇപ്പോഴും എന്‍റെ ശരീരത്തിൽ കോവിഡിന്‍റെ അണുക്കള്‍ ഉണ്ട്. പോസിറ്റീവ് ടെസ്റ്റുകൾക്ക് എനിക്ക് നൽകിയ ഒരേയൊരു വിശദീകരണമാണിത്. എന്‍റെ പ്രിയപ്പെട്ടവരെ തൊടാൻ കഴിയാത്തതല്ലാതെ എനിക്ക് ഇവിടെ ഒരു പ്രശ്നവുമില്ല. അതു വളരെ കഠിനമാണ്. എന്‍റെ ആരോഗ്യാവസ്ഥ മൂലം വാക്സിനെടുക്കാനും സാധിക്കുന്നില്ല'' കയാസന്‍ പറഞ്ഞു.

തുർക്കിയിലെ ഏറ്റവും ദൈർഘ്യമേറിയ കോവിഡ് അണുബാധ ഉണ്ടായ വ്യക്തിയാണ് മുസാഫറെന്ന് ഡോക്ടർമാർ പറയുന്നു. ലുക്കീമിയ ബാധിച്ചതിൽ നിന്നുള്ള ദുർബലമായ പ്രതിരോധശേഷി ആകാം അദ്ദേഹത്തിന് തുടർച്ചയായി രോഗം ബാധിക്കാൻ കാരണം എന്ന് അവർ പറയുന്നു. കഴിഞ്ഞയാഴ്ച നടത്തിയ പിസിആർ പരിശോധനയിലും കയാസന്‍ പോസിറ്റീവായിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News