'വവ്വാലുകളെപ്പോലെ ഞങ്ങൾ വിമാനത്തിൽ ആടി, വിറയൽ ഇപ്പോഴും മാറിയിട്ടില്ല': കാനഡ വിമാന അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ടവർ പറയുന്നു...

മഞ്ഞുമൂടിയ റൺവേയിൽ വിമാനം തലകീഴായി മറിയുകയായിരുന്നു. മോശം കാലാവസ്ഥയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Update: 2025-02-18 07:01 GMT
Editor : rishad | By : Web Desk

ഒട്ടാവ: കാനഡയിൽ ലാൻഡിങ്ങിനിടെ തലകീഴായി മറിഞ്ഞ ഡെൽറ്റ എയറില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ കഥകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. 80 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. 

ഇവരിൽ അധികവും ചെറിയ പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്. 18 പേര്‍ക്ക് കാര്യമായ പരിക്കുണ്ട്. ഇതില്‍ മൂന്ന് പേരുടെ  നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലാൻഡിംഗിന് മുമ്പ് അസ്വാഭാവികതയൊന്നും അനുഭവപ്പെട്ടിരുന്നില്ലെന്ന് നെല്‍സണ്‍ എന്ന യാത്രക്കാരന്‍ പറയുന്നു. 'ഞങ്ങൾ പൊടുന്നനെ ഞങ്ങളുടെ വശങ്ങളിലേക്ക് തെന്നിമാറി, തുടർന്ന് പുറകിലേക്ക് മറിഞ്ഞു, വിമാനത്തിൻ്റെ ഇടതുവശത്ത് ഒരു വലിയ തീ ഗോളം കണ്ടിരുന്നു'- അദ്ദേഹം പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും അറിയില്ലെന്നും വിറയൽ മാറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertising
Advertising

ഞങ്ങൾ വവ്വാലുകളെപ്പോലെ തലകീഴായി തൂങ്ങിക്കിടക്കുകയായിരുന്നുവെന്നാണ് വിമാനത്തിലുണ്ടായിരുന്ന പീറ്റർ കുക്കോവ് എന്ന യാത്രക്കാരി പറയുന്നത്.  'ജീവിച്ചിരിക്കുന്നതില്‍ ഇന്ന് വല്ലാത്ത സന്തോഷം തോന്നുന്നുവെന്നാണ് ഒരു  യാത്രക്കാരി പോസ്റ്റ് ചെയ്ത വീഡിയോക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

തലകീഴായി നില്‍ക്കുന്ന വിമാനത്തിൽ നിന്ന് യാത്രാക്കര്‍ പുറത്തുകടക്കുന്നതും അഗ്നിശമന സേനാംഗങ്ങൾ ഫയര്‍എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളില്‍ വ്യക്തമാണ്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:30 ഓടെ ആയിരുന്നു അപകടം. അമേരിക്കയിലെ മിനിയാപൊളിസിൽ നിന്ന് ടൊറന്റോയിലേക്കു വന്ന ഡെൽറ്റ 4819 എന്ന വിമാനമാണ് അപകടത്തിൽപെട്ടത്.

മഞ്ഞുമൂടിയ റൺവേയിൽ വിമാനം തലകീഴായി മറിയുകയായിരുന്നു. മോശം കാലാവസ്ഥയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News