'ഫലസ്തീൻ വിഷയത്തിൽ മോദി സര്‍ക്കാരിന്‍റേത് അഗാധമായ നിശബ്ദത; ധാര്‍മിക, മാനുഷിക മൂല്യങ്ങളോട് പിന്തിരിഞ്ഞു നിൽക്കുന്ന സമീപനം'; സോണിയ ഗാന്ധി

ഇസ്രായേലിന്‍റെ പ്രവൃത്തി വംശഹത്യയിൽ കുറഞ്ഞതല്ല എന്ന് കുറ്റപ്പെടുത്തി

Update: 2025-09-25 04:58 GMT
Editor : Jaisy Thomas | By : Web Desk

ഡൽഹി: ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിൽ മോദി സര്‍ക്കാരിന്‍റെ നിലപാടിനെ വിമര്‍ശിച്ച് കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി. വിഷയത്തിൽ കേന്ദ്രം അഗാധമായ നിശബ്ദത കാണിക്കുകയും ധാര്‍മിക, മാനുഷിക മൂല്യങ്ങളോട് പിന്തിരിഞ്ഞു നിൽക്കുകയും ചെയ്യുന്നുവെന്ന് ദ ഹിന്ദുവിൽ എഴുതിയ ലേഖനത്തിൽ കുറ്റപ്പെടുത്തി.

ഭരണഘടനാ മൂല്യങ്ങളോ നയതന്ത്രപരമായ താൽപര്യങ്ങളോ അല്ല, ഇസ്രായേൽ നേതാവ് ബിന്യാമിൻ നെതന്യാഹുവുമായുള്ള മോദിയുടെ വ്യക്തിപരമായ ബന്ധങ്ങളാണ് ഇന്ത്യയുടെ നിലപാട് രൂപപ്പെടുത്തിയതെന്ന് സോണിയ ചൂണ്ടിക്കാട്ടി. ഈ രീതി അംഗീകരിക്കാനാവില്ലെന്നും ഇന്ത്യയുടെ വിദേശനയത്തെ നയിക്കാൻ അതിന് കഴിയില്ലെന്നും ലേഖനത്തിൽ പറയുന്നു. യുഎസ് ഉൾപ്പെടെയുള്ള മറ്റിടങ്ങളിലും സമാനമായ സമീപനങ്ങൾ അപമാനകരമായ രീതിയിൽ അവസാനിച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പ് നൽകി.

Advertising
Advertising

ദക്ഷിണാഫ്രിക്ക, അൾജീരിയ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ വിമോചന സമരങ്ങളെ ഇന്ത്യ പിന്തുണച്ച ചരിത്രം അനുസ്മരിച്ചുകൊണ്ട്, 1988-ൽ ഇന്ത്യ ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടെന്നും എന്നാൽ 2023 ഒക്ടോബറിൽ ശത്രുത പൊട്ടിപ്പുറപ്പെട്ടതിനുശേഷം കേന്ദ്രം അതിനോട് വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്നും സോണിയ കുറിച്ചു. ഒക്ടോബര്‍ 7ലെ ആക്രമണങ്ങളെ അപലപിച്ച സോണിയ ഇസ്രായേലിന്‍റെ പ്രവൃത്തി വംശഹത്യയിൽ കുറഞ്ഞതല്ല എന്ന് കുറ്റപ്പെടുത്തി.

ഫ്രാൻസ്, യുകെ, കാനഡ, പോർച്ചുഗൽ, ആസ്ത്രേലിയ എന്നിവയുൾപ്പെടെ 150-ലധികം യുഎൻ അംഗരാജ്യങ്ങൾ ഇപ്പോൾ ഫലസ്തീനെ അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ ഇസ്രായേലുമായി ഒരു ഉഭയകക്ഷി നിക്ഷേപ കരാറിൽ ഒപ്പുവെച്ചതായും പലസ്തീനികൾക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന തീവ്ര വലതുപക്ഷ ധനമന്ത്രിക്ക് ആതിഥേയത്വം വഹിച്ചതായും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. ഫലസ്തീൻ വിഷയത്തെ വെറും വിദേശനയമായി കാണരുതെന്നും ഫലസ്തീനോടുള്ള സഹാനുഭൂതിയെ പ്രാവര്‍ത്തികമാക്കേണ്ടത് നമ്മുടെ കടമയാണെന്നും ലേഖനത്തിൽ പറയുന്നു.

അതേസമയം കഴിഞ്ഞ 20 മാസമായി ഫലസ്തീനിനെക്കുറിച്ചുള്ള ഇന്ത്യയുടെ നയം 'ലജ്ജാകരവും ധാർമിക ഭീരുത്വവുമാണ്' എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‍റാം രമേശ് ചൂണ്ടിക്കാട്ടിയിരുന്നു. 1988 നവംബറിൽ ഫലസ്തീനെ ഒരു രാജ്യമായി അംഗീകരിച്ച ലോകത്തിലെ ആദ്യത്തെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. . "ആ സമയത്തും, ഫലസ്തീൻ ജനതയുടെ ധീരമായ പോരാട്ടത്തിലുടനീളം, അന്താരാഷ്ട്ര വേദിയിൽ ശരിയായ കാര്യങ്ങൾക്കുവേണ്ടി നിലകൊണ്ടും മാനവികതയുടെയും നീതിയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും ഞങ്ങൾ ലോകത്തിന് വഴി കാണിച്ചുകൊടുത്തു" പ്രിയങ്ക എക്സിൽ കുറിച്ചു. ആസ്ത്രേലിയ, കാനഡ, യുകെ എന്നിവ മാത്രമാണ് ഇത് പിന്തുടരുന്നതെന്നും 37 വർഷം വൈകിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. "ഇതാ, കഴിഞ്ഞ 20 മാസമായി ഫലസ്തീനോടുള്ള ഇന്ത്യയുടെ നയം ലജ്ജാകരവും ധാർമിക സത്യസന്ധതയില്ലാത്തതുമാണ്. മുമ്പ് ഞങ്ങൾ സ്വീകരിച്ചിരുന്ന ധീരമായ നിലപാടിന്‍റെ വലിയൊരു കുറവാണ് ഇത് കാണിക്കുന്നത്'' എന്നാണ് പ്രിയങ്ക പറഞ്ഞത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News