അഫ്ഗാനിസ്ഥാനിൽ 97 ശതമാനത്തിലധികം ആളുകൾ ഭക്ഷ്യക്ഷാമം അനുഭവിക്കുന്നു: യു.എൻ

അഫ്ഗാന്റെ വരുമാനത്തിൽ ഏകദേശം മൂന്നിലൊന്ന് കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് ലോകബാങ്ക് കണ്ടെത്തലുകളെ ഉദ്ധരിച്ച് അഫ്ഗാൻ പത്രം റിപ്പോർട്ട് ചെയ്തിരുന്നു

Update: 2022-05-06 14:40 GMT
Editor : afsal137 | By : Web Desk
Advertising

കാബൂൾ: അഫ്ഗാനിസ്ഥാനിലെ 97 ശതമാനം ആളുകളും കടുത്ത പട്ടിണിയാൽ ഭക്ഷ്യക്ഷാമത്തോടു പൊരുതുകയാണെന്ന് ഐക്യ രാഷ്ട്ര സംഘടന. പ്രതിസന്ധിയോടു മല്ലിടുന്ന അഫ്ഗാൻ ജനതയ്ക്ക് ഇനിയെപ്പോളാണ് അടുത്ത ഭക്ഷണം കഴിക്കാൻ സാധിക്കുകയെന്ന് പ്രവചിക്കാൻ കഴിയില്ലെന്നും യു.എൻ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ ഖാമ പ്രസ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2020 സെപ്റ്റംബറിനെ അപേക്ഷിച്ച് 2022 ൽ പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായെന്നും യു.എൻ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിനു ശേഷം ജീവിതച്ചെലവും ഭക്ഷണ വിലയും കുതിച്ചുയർന്നെന്നാണ് വിലയിരുത്തൽ. താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം അഫ്ഗാന്റെ വരുമാനത്തിൽ ഏകദേശം മൂന്നിലൊന്ന് കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് ലോകബാങ്ക് കണ്ടെത്തലുകളെ ഉദ്ധരിച്ച് അഫ്ഗാൻ പത്രം റിപ്പോർട്ട് ചെയ്തിരുന്നു.

2022 മാർച്ചിൽ, അഫ്ഗാനിസ്ഥാനിലെ യുണൈറ്റഡ് നേഷൻസ് വേൾഡ് ഫുഡ് പ്രോഗ്രാം കാബൂളിലെ 376,139 പേർക്ക് ഭക്ഷണവും സാമ്പത്തിക സഹായം നൽകിയെന്നും, ഈദ് സമയത്ത് സഹായിച്ചവരുടെ ഏറ്റവും പുതിയ കണക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു. ലോകമെമ്പാടുമുള്ള മുസ്‌ലിമുകൾ പെരുന്നാൾ ആഘോഷിച്ചപ്പോൾ മിക്ക അഫ്ഗാനികൾക്കും ഈദുൽ ഫിത്തർ തങ്ങളുടെ കുടുംബത്തെ പോറ്റാനുള്ള പോരാട്ടത്തിന്റെ മറ്റൊരു ദിനമായിരുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. അമേരിക്കയുൾപ്പടെയുള്ള ലോകരാജ്യങ്ങൾ താലിബാനെതിരെ ഉപരോധം ഏർപ്പെടുത്തിയത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെന്നന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News