അതിജീവിക്കണം: ജീവൻ പണയപ്പെടുത്തി ശ്രീലങ്കൻ അഭയാർത്ഥികൾ ഇന്ത്യയിലേക്ക്

ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അഭയാർത്ഥികൾക്ക് ജോലി നഷ്ടപ്പെട്ടതിനാൽ നാട്ടിലേക്ക് മടങ്ങാൻ പണമില്ല

Update: 2022-04-13 12:22 GMT
Editor : afsal137 | By : Web Desk

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് നിരവധിയാളുകളാണ് ശ്രീലങ്കയിൽ നിന്നും ജീവൻ പണയപ്പെടുത്തി തമിഴ്‌നാട്ടിലേക്ക് പലായനം ചെയ്യുന്നത്. അഭയാർത്ഥി പ്രവാഹം ദക്ഷിണേന്ത്യയിൽ കനത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നു തന്നെയാണ് വിലയിരുത്തൽ. അന്താരാഷ്ട്ര കടം, കോവിഡ് വ്യാപനം, ടൂറിസ്റ്റ് മേഖലയിലെ പ്രതിസന്ധി, ജൈവ കൃഷി നയത്തിലെ അബദ്ധങ്ങൾ, ശ്രീലങ്കൻ കറൻസിയുടെ മൂല്യത്തകർച്ച തുടങ്ങിയ കാരണങ്ങളാണ് ശ്രീലങ്കയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്.

500 ശ്രീലങ്കൻ രൂപയാണ് ഒരു കിലോ അരിക്കു വില. പഞ്ചസാരയ്ക്കാണെങ്കിൽ 290 രൂപയും. കുതിച്ചുയരുന്ന പണപ്പെരുപ്പം ജനങ്ങളെ തെരുവിലറക്കി. കഴിഞ്ഞ മാസം ചില ശ്രീലങ്കക്കാർ തമിഴ്‌നാട്ടിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കവെ നടുക്കടലിൽ കുടുങ്ങി. രാമേശ്വരത്തിന് സമീപം ഹോവർക്രാഫ്റ്റ് ഉപയോഗിച്ചാണ് ഇവരെ കണ്ടെത്തിയത്. ചോദ്യം ചെയ്ത് ഇവർക്കെതിരെ മറ്റു നിയമനടപടികൾ കൈക്കൊണ്ടിരിക്കുകയാണിപ്പോൾ. ഞങ്ങൾക്ക് പാൽ വാങ്ങാൻ കഴിയുന്നില്ല, ശ്രീലങ്കയിൽ പാലിന് 1500 രൂപയാണ് വില, അവശ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വില കുതിച്ചുയർന്നത് ഞങ്ങളെ പലായനം ചെയ്യുന്നതിലേക്ക് നയിച്ചുവെന്നും ചോദ്യം ചെയ്യലിനിടെ ഒരു അഭയാർത്ഥി കുടുംബം പറഞ്ഞു. 

Advertising
Advertising

അഭയാർത്ഥികളിൽ ചിലർക്കെതിരെ ഫോറിനേഴ്സ് ആക്ട്, പാസ്പോർട്ട് ആക്ട് എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഈ അഭയാർത്ഥികൾക്ക് ജോലി നഷ്ടപ്പെട്ടതിനാൽ നാട്ടിലേക്ക് മടങ്ങാൻ പണമില്ല. ഇപ്പോൾ ശ്രീലങ്കൻ അഭയാർത്ഥികളെ പാർപ്പിച്ചിട്ടുള്ള ക്യാമ്പുകൾ തിങ്ങി നിറഞ്ഞിരിക്കുന്ന സാഹചര്യമാണുള്ളത്. ദിവസ വേതനത്തിനായി തൊഴിൽ കണ്ടെത്തുന്ന അഭയാർത്ഥികൾ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരന്തര നിരീക്ഷണത്തിലുമാണ്.

അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ശ്രീലങ്കൻ സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിനൊരുങ്ങിയിരിക്കുകയാണ് പ്രതിപക്ഷം. സർക്കാരിനെ താഴെയിറക്കാനുള്ള അവിശ്വാസ പ്രമേയത്തിൽ പ്രതിപക്ഷം ഒപ്പുവെച്ചു. മുഖ്യ പ്രതിപക്ഷമായ സമാഗി ജന ബലവേഗയയുടെ (എസ്.ജെ.ബി) അൻപതോളം അംഗങ്ങളാണ് പ്രമേയത്തിൽ ഒപ്പുവെച്ചത്. സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ബുദ്ധിമുട്ടുകൾ നേരിടുന്ന പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ ഇംപീച്ച് ചെയ്യാൻ തയ്യാറാവുമെന്നും പ്രതിപക്ഷം വെള്ളിയാഴ്ച്ച പ്രഖ്യാപിച്ചു. അവിശ്വസ പ്രമേയത്തിന് മറ്റു പ്രതിപക്ഷ അംഗങ്ങളുടെയും പിന്തുണ തേടുകയാണ് എസ്.ജെ.ബി. പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് വിവിധ പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള 40 അംഗങ്ങളാണ് ഇനിയും ഒപ്പിടേണ്ടത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News