14-ാം വയസിൽ ഞെട്ടിച്ച് മരണം; സ്ഥിരീകരിക്കാതെ പിതാവ്-കനേഡിയൻ റാപ്പർ ലിൽ ടേയുടെ വിയോഗത്തിൽ ദുരൂഹത

22 വയസുള്ള റാപ്പറായ സഹോദരനും ലിൽ ടേയ്‌ക്കൊപ്പം മരിച്ചതായി റിപ്പോർട്ടുണ്ട്

Update: 2023-08-10 10:39 GMT
Editor : Shaheer | By : Web Desk

ലില്‍ ടേ

ഒട്ടാവ: ലക്ഷക്കണക്കിന് ആരാധകരുള്ള കനേഡിയൻ കൗമാര റാപ്പർ ലിൽ ടേ മരിച്ചതായി റിപ്പോർട്ട്. 14-ാം വയസിലാണ് സോഷ്യൽ മീഡിയ താരം കൂടിയായ ലിൽ ടേ എന്ന ക്ലയർ ഹോപ്പിന്റെ അന്ത്യം. അതേസമയം, മകളുടെ മരണത്തെക്കുറിച്ചു വിവരമില്ലെന്ന പ്രതികരണവുമായി പിതാവ് ക്രിസ്റ്റഫർ ജെ. ഹോപ്പ് രംഗത്തെത്തിയത് സംഭവത്തിൽ കൂടുതൽ ദുരൂഹതയ്ക്കിടയാക്കിയിട്ടുണ്ട്.

ലില്ലിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണു മരണവാർത്ത ആദ്യം പ്രത്യക്ഷപ്പെടുന്നത്. അത്യധികം ഹൃദയവ്യഥയോടെയാണ് ഞങ്ങളുടെ പ്രിയപ്പെട്ട ക്ലയറിന്റെ നാടകീയവും അപ്രതീക്ഷിതവുമായ മരണവാർത്ത പുറത്തുവിടുന്നതെന്ന് ഇൻസ്റ്റഗ്രാം കുറിപ്പിൽ അറിയിച്ചു. വിവരിക്കാനാകാത്ത വേദനയും അസഹനീയമായ നഷ്ടവും പ്രകടിപ്പിക്കാൻ ഞങ്ങൾക്കു വാക്കുകളില്ല. ഒട്ടും പ്രതീക്ഷിക്കാത്ത സംഭവമാണിത്. ഞങ്ങളെല്ലാം ഞെട്ടലിലാണ്. അവളുടെ സഹോദരന്റെ മരണം ഞങ്ങളുടെ സങ്കടം സങ്കൽപിക്കാനാകാത്ത തരത്തിൽ ഇരട്ടിയാക്കിയിരിക്കുകയാണ്.'-ബന്ധുക്കൾ പോസ്റ്റ് ചെയ്തതെന്നു കരുതപ്പെടുന്ന ഇൻസ്റ്റഗ്രാം കുറിപ്പിൽ തുടർന്നു.

Advertising
Advertising

ഈ അതീവ ദുഃഖവേളയിൽ സ്വകാര്യത മാനിക്കണമെന്നും പോസ്റ്റിൽ ആവശ്യപ്പെട്ടു. ക്ലയറിന്റെയും സഹോദരന്റെയും മരണത്തിൽ അന്വേഷണം നടക്കുകയാണ്. ക്ലയർ എന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ടാകും. അവളെ ഇഷ്ടപ്പെടുന്നവർക്കും അറിയുന്നവർക്കുമെല്ലാം അപരിഹാര്യമായ വിടവായിരിക്കും ഈ അഭാവമെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിൽ കൂട്ടിച്ചേർത്തു.

ക്ലയർ ഹോപ്പിന്റെ സഹോദരനും റാപ്പറുമായ ജേസൻ ടിയാനും കഴിഞ്ഞ ദിവസം മരിച്ചതായാണ് റിപ്പോർട്ട്. ക്ലയറിനൊപ്പം തന്നെയാണ് 22കാരനായ ജേസന്റെയും മരണവിവരം പുറത്തുവരുന്നത്. ഇതോടെയാണ് മരണത്തിൽ കൂടുതൽ ദുരുഹൂത ശക്തമാകുന്നത്.

സംഭവത്തിൽ തനിക്കിപ്പോൾ പ്രതികരിക്കാനാകില്ലെന്നാണു പിതാവ് ക്രിസ്റ്റഫർ ജെ. ഹോപ്പ് ന്യൂയോർക്ക് പോസ്റ്റിനോട് വ്യക്തമാക്കിയത്. താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റിനെക്കുറിച്ച് അറിവില്ലെന്നും അദ്ദേഹം അറിയിച്ചു. ഇക്കാര്യത്തിൽ ഒന്നും പറയാനില്ലെന്നും ഹോപ്പ് വ്യക്തമാക്കി.

കാനഡയിൽ ജനിച്ച ക്ലയർ ഹോപ്പ് ലോസ് ആഞ്ചൽസിലായിരുന്നു താമസം. 2018ലാണ് സോഷ്യൽ മീഡിയയിൽ താരമാകുന്നത്. കറന്‍സി കെട്ടുകളും വമ്പന്‍ ആഡംബര വസ്തുക്കളുമായി വിഡിയോ ചെയ്തു വലിയ വിവാദവും സൃഷ്ടിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ മാത്രം 34 ലക്ഷത്തോളം ഫോളോവർമാരുണ്ട്. ഏഴാം വയസിൽ സ്വന്തമായി രചിച്ച റാപ്പുകൾ ആലപിച്ചാണ് ക്ലയർ ശ്രദ്ധ നേടുന്നത്.

Summary: Mystery over the death news of the teen rapper and social media sensation Lil Tay

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News