കാഠ്മണ്ഡു: അഴിമതി തുടച്ചുനീക്കാനും ഭരണസംവിധാനം ആധുനികീകരിക്കാനുമുള്ള 100 ഇന കർമപദ്ധതിയുമായി നേപ്പാളിലെ പുതിയ സർക്കാർ. പ്രധാനമന്ത്രി ബാലേന്ദ്ര ഷായുടെ നേതൃത്വത്തിൽ ഞായറാഴ്ച ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഭരണരംഗത്ത് വൻ അഴിച്ചുപണി ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് അംഗീകാരം നൽകിയത്. പൊതുസ്ഥാപനങ്ങളെ രാഷ്ട്രീയ വിമുക്തമാക്കാനും സേവനങ്ങൾ ഡിജിറ്റലാക്കാനും ലക്ഷ്യമിടുന്നതാണ് പുതിയ പ്രഖ്യാപനങ്ങൾ
കാമ്പസുകളിൽ നിന്ന് രാഷ്ട്രീയം പുറത്തേക്ക്
നേപ്പാളിലെ വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കാൻ സർക്കാർ കർശന നടപടി പ്രഖ്യാപിച്ചു. 90 ദിവസത്തിനുള്ളിൽ സർവകലാശാലകളിൽ രാഷ്ട്രീയ വിദ്യാർഥി സംഘടനകളെ നിരോധിക്കും. പകരം രാഷ്ട്രീയേതര സ്വഭാവമുള്ള 'സ്റ്റുഡന്റ് കൗൺസിലുകൾ' നിലവിൽ വരും. കൂടാതെ, അധ്യാപകർക്കും സർക്കാർ ജീവനക്കാർക്കും രാഷ്ട്രീയ പാർട്ടികളിൽ അംഗത്വം പാടില്ലെന്നും സർവീസ് മേഖലയിലെ രാഷ്ട്രീയ ട്രേഡ് യൂണിയനുകൾ നിർത്തലാക്കുമെന്നും സർക്കാർ അറിയിച്ചു.
അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം
1991 മുതലുള്ള രാഷ്ട്രീയക്കാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സ്വത്തുവിവരങ്ങൾ അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കും. ബാങ്ക് അക്കൗണ്ടുകൾ, ഓഹരികൾ, സംശയാസ്പദമായ ഇടപാടുകൾ എന്നിവ തത്സമയം നിരീക്ഷിക്കാൻ ഡിജിറ്റൽ രജിസ്ട്രി കൊണ്ടുവരും. അഴിമതി തുറന്നുകാട്ടുന്നവർക്ക് പ്രത്യേക സംരക്ഷണം നൽകുന്ന നിയമവും പദ്ധതിയിലുണ്ട്.
ഭരണസംവിധാനം ലളിതമാക്കും
സർക്കാർ ചെലവുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ഫെഡറൽ മന്ത്രാലയങ്ങളുടെ എണ്ണം 17 ആയി കുറയ്ക്കും. പ്രവർത്തനക്ഷമമല്ലാത്ത ബോർഡുകളും കമ്മിറ്റികളും പിരിച്ചുവിടുകയോ ലയിപ്പിക്കുകയോ ചെയ്യും. ഓരോ സർക്കാർ തസ്തികയിലും കൃത്യമായ പ്രവർത്തന മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം ഉറപ്പാക്കും.
ഡിജിറ്റൽ സേവനങ്ങളിലേക്ക്
സർക്കാർ സേവനങ്ങൾക്കായി നാഷണൽ ഐഡി കാർഡ് ഏകീകൃത തിരിച്ചറിയൽ രേഖയാക്കും. പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവ പൂർണമായും ഡിജിറ്റൽ മുഖേന ലഭ്യമാക്കുന്നതോടെ ഉദ്യോഗസ്ഥരുമായുള്ള നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കാനും അഴിമതി തടയാനും സാധിക്കും.
സാമ്പത്തിക കുതിച്ചുചാട്ടം
സ്റ്റാർട്ടപ്പുകൾക്ക് രണ്ട് ദിവസത്തിനുള്ളിൽ രജിസ്‌ട്രേഷൻ നൽകും. വൻകിട നിക്ഷേപ പദ്ധതികൾക്ക് ഏകജാലക അനുമതി ഉറപ്പാക്കും. കൃഷി, ആരോഗ്യം, ഊർജം, നഗരവികസനം എന്നീ മേഖലകൾക്കും പ്രത്യേക മുൻഗണന നൽകിയിട്ടുണ്ട്. ഈ കർമപദ്ധതിയുടെ നടത്തിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് നിരീക്ഷിക്കുമെന്നും നിശ്ചിത സമയപരിധിക്കുള്ളിൽ പദ്ധതികൾ പൂർത്തിയാക്കുമെന്നും സർക്കാർ വ്യക്തമാക്കി.