'ഇങ്ങോട്ട് വരേണ്ട'; ഇസ്രായേലി മന്ത്രിമാരായ ബെൻ ഗിവറിനും സ്‌മോട്രിച്ചിനും വിലക്കേർപ്പെടുത്തി നെതർലാൻഡ്‌സ്

ഇസ്രായേലിലെ ദേശീയ സുരക്ഷാമന്ത്രിയാണ് ഇതാമര്‍ ബെന്‍ ഗിവര്‍. സ്മോട്രിച്ചാവട്ടെ ധനമന്ത്രിയും

Update: 2025-07-29 08:30 GMT
Editor : rishad | By : Web Desk

ആംസ്റ്റര്‍ഡാം: ഇസ്രായേലിലെ തീവ്രവലതുപക്ഷ നേതാക്കളും മന്ത്രിമാരുമായ ബെന്‍ ഗിവറിനെയും ബെസലേൽ സ്മോട്രിച്ചിനെയും നെതര്‍ലാന്‍ഡ്സില്‍ പ്രവേശിക്കുന്നതിന് വിലക്ക്. ഗസ്സയിലെ ഇസ്രായേലിന്റെ വംശഹത്യയില്‍ പ്രതിഷേധിച്ചാണ് നെതര്‍ലാന്‍ഡ്സിന്റെ നടപടി.

രാജ്യത്തെ ഇസ്രായേലി അംബാസിഡറെ വിളിച്ചുവരുത്തി ഗസ്സ അതിക്രമത്തില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇസ്രായേലിലെ ദേശീയ സുരക്ഷാമന്ത്രിയാണ് ഇതാമര്‍ ബെന്‍ ഗിവര്‍. സ്മോട്രിച്ചാവട്ടെ ധനമന്ത്രിയും. ഗസ്സയില്‍ വംശീയ ഉന്മൂലനത്തിനുള്ള ആഹ്വാനം, കുടിയേറ്റക്കാരായ ഇസ്രായേലികളെ ഫലസ്തീന്‍ ജനതയ്ക്കെതിരെ തിരിയാന്‍ പ്രേരിപ്പിക്കല്‍ തുടങ്ങിയവയാണ് വിലക്കിന് കാരണങ്ങളായി നെതർലാൻഡ്‌സ് വിദേശകാര്യ മന്ത്രി കാസ്പർ വാൽഡെകാമ്പ് തിങ്കളാഴ്ച പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നത്.

Advertising
Advertising

അതേസമയം നെതര്‍ലാന്‍ഡ്സിന്റെ വിലക്കില്‍ പ്രതികരണവുമായി  ബെന്‍ഗിവര്‍ രംഗത്ത് എത്തി. യൂറോപ്പിൽ നിന്ന് മുഴുവൻ തന്നെ വിലക്കിയാലും രാജ്യത്തിനുവേണ്ടി പ്രവർത്തിക്കുന്നത് തുടരുമെന്നും ഹമാസിനെ തകര്‍ക്കുമെന്നും എക്സിലെഴുതിയ കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി. അതേസമയം സ്മോട്രിച്ചിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം വന്നിട്ടില്ല. ഇസ്രായേലി നടപടികള്‍ക്കെതിരെ നെതര്‍ലാന്‍ഡ്സ് നേരത്തെയും രംഗത്ത് എത്തിയിരുന്നു.

ഗവേഷകർക്കുള്ള ധനസഹായം ഭാഗികമായി നിർത്തിവെയ്ക്കാനുള്ള യൂറോപ്യൻ യൂണിയൻ നിർദേശത്തെ തന്റെ സർക്കാർ പിന്തുണയ്ക്കുന്നുണ്ടെന്ന് ഡച്ച് പ്രധാനമന്ത്രി ഡിക്ക് ഷൂഫ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഗസ്സയിലേക്ക് സഹായം എത്തിക്കാനുള്ള യൂറോപ്യൻ യൂണിയന്റെ പദ്ധതിക്ക് തുരങ്കംവെക്കുന്ന ഇസ്രായേലിന്റെ നടപടിയേയും നെതർലാൻഡ് വിമർശിച്ചിരുന്നു. ഇതാണ് നയമെങ്കിൽ ഏകപക്ഷീയമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും ഡച്ച് പ്രധാനമന്ത്രി നല്‍കിയിരുന്നു. ഇതിനിടെ ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യാ പദ്ധതികളെ രൂക്ഷമായി വിമർശിച്ച്​ നെതർലാന്‍റിന് പുറമെ ഡെൻമാർക്കും രംഗത്തെത്തി. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News