മരുന്നും ഭക്ഷണവുമില്ല; മരണമുഖത്ത് ഗസ്സ കമാൽ അദ്‌വാൻ ആശുപത്രിയിലെ നൂറുകണക്കിന് രോഗികൾ

ആശുപത്രി ജീവനക്കാരെ കേന്ദ്രീകരിച്ച് ഇസ്രായേൽ ഡ്രോണുകൾ ബോംബാക്രമണം നടത്തുന്നുവെന്ന് ആശുപത്രി ഡയറക്ടർ

Update: 2024-12-05 02:38 GMT
Editor : ശരത് പി | By : Web Desk

ഗസ്സ സിറ്റി: വടക്കൻ ഗസ്സയിലെ ബെയ്ത്‌ലാഹിയയിൽ ഇസ്രായേൽ ഉപരോധവും ആക്രമണവും കനത്തതോടെ മരണമുഖത്തുള്ളത് കമാൽ അദ്‌വാൻ ആശുപത്രിയിൽ ചികിത്സയിലുള്ള നൂറുകണക്കിന് രോഗികൾ. ആക്രമണത്തിനൊപ്പം മരുന്നും ഭക്ഷണവും അവശ്യ സേവനങ്ങളും ഇവർക്ക് നിഷേധിച്ചിരിക്കുകയാണ്. ഇത് അഞ്ചാം തവണയാണ് ഇസ്രായേൽ ആശുപത്രിക്ക് നേരെ ആക്രമണം നടത്തുന്നതെന്ന് ആശുപത്രിയുടെ ഡയറക്ടർ ഡോ. ഹുസാം അബു സഫിയ പറഞ്ഞു. ഇസ്രായേലി ഡ്രോണുകളാണ് ആശുപത്രിക്ക് നേരെ ആക്രമണമഴിച്ചുവിടുന്നത്. ആശുപത്രിയിലെ മെഡിക്കൽ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് ഡ്രോണുകൾ ആക്രമണം നടത്തുന്നത്. ഷാർപ്‌നൽ ചീളുകളടങ്ങിയ ബോംബുകളാണ് ഇസ്രായേൽ പ്രയോഗിക്കുന്നതെന്നും ഡയറക്ടർ പറഞ്ഞു. നിരവധി ആളുകൾക്കാണ് ഷാർപ്‌നൽ ചീളുകളേറ്റ് പരിക്കേറ്റത്. ആശുപത്രിയിലെ മൂന്ന് ജീവനക്കാർക്ക് ഗുരുതരമായി പരിക്കേറ്റെന്നും ഒരാളെ ആശുപത്രിയുടെ തകർന്ന ഓപ്പറേഷൻ തീയറ്ററിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയാണെന്നും ഡയറക്ടർ കൂട്ടിച്ചേർത്തു.

Advertising
Advertising

അൽഔദ ആശുപത്രിയിലും സ്ഥിതി സമാനമാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയിൽ കഴിഞ്ഞ ദിവസം വിവിധ ആക്രമണങ്ങളിലായി 76 പേർ കൂടി കൊല്ലപ്പെട്ടിരുന്നു. മവാസി ക്യാമ്പിൽ നടന്ന ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 20 പേരാണ് കൊല്ലപ്പെട്ടത്.

ഇതിനിടെ സൈനിക നടപടി ശക്തമാക്കിയതോടെ, ഹമാസ് ബന്ദിമോചനത്തിന് തയാറാകാനുള്ള സാധ്യത വർധിച്ചുവെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞു. മുമ്പൊരിക്കലും ഇല്ലാത്തവിധം ബന്ദിമോചന കരാറിന് വഴിയൊരുങ്ങുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. മൂന്നു മാസങ്ങൾക്ക് മുമ്പ് ഗസ്സയിലെ ഖാൻ യൂനുസിൽ നിന്ന് ആറ് ബന്ദികളുടെ മൃതദേഹങ്ങൾ ലഭിച്ചതായി ഇസ്രായേൽ സൈനിക വക്താവ് വെളിപ്പെടുത്തി. ഇവരെ ജീവനോടെ രക്ഷിക്കാൻ കഴിഞ്ഞില്ല. എന്നാൽ ഇസ്രായേൽ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് തുറന്നു പറയാൻ അദ്ദേഹം തയാറായില്ല.

അതിനിടെ, യു.എൻ പൊതുസഭയിൽ ഇസ്രായേലിനെതിരെ രണ്ട് പ്രമേയങ്ങൾക്ക് അനുകൂലമായി ലഭിച്ച വലിയ പിന്തുണയെ അറബ്, മുസ്‌ലിം രാജ്യങ്ങൾ സ്വാഗതം ചെയ്തു. ഫലസ്തീനിലെ അധിനിവേശം ഇസ്രായേൽ അവസാനിപ്പിക്കണമെന്നും സിറിയൻ ഗോലാനിൽ നിന്നും ഇസ്രായേൽ പിന്മാറണമെന്നുമുള്ള യു.എൻ ജനറൽ അസംബ്ലി പ്രമേയങ്ങളെയാണ് ഇന്ത്യ ഉൾപ്പെടെ ഭൂരിഭാഗം രാജ്യങ്ങളും പിന്തുണച്ചത്. 193 അംഗ സഭയിൽ 157 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News