ഫലസ്​തീനികളുടെ ജീവിതം പറയുന്ന ‘നോ അതർ ലാൻഡി’ന്​ ഓസ്​കർ

ഇസ്രായേൽ സൈന്യത്തിൽനിന്ന് ത​​ങ്ങളുടെ വീടുകൾ സംരക്ഷിക്കുന്ന ഫലസ്​തീനികളുടെ പോരാട്ടമാണ്​ പ്രമേയം

Update: 2025-03-03 09:27 GMT

ലോസ്​ ഏഞ്ചൽസ്​: ഇസ്രായേൽ സൈന്യത്തിൽനിന്ന് തങ്ങളുടെ വീടുകൾ സംരക്ഷിക്കാൻ പോരാടുന്ന ഫലസ്തീനികളുടെ കഥ പറയുന്ന 'നോ അദർ ലാൻഡ്' എന്ന ചിത്രത്തിന് മികച്ച ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിനുള്ള ഓസ്കർ പുരസ്​കാരം. ഇസ്രായേലി-ഫലസ്തീൻ ചലച്ചിത്ര പ്രവർത്തകരുടെ സഹകരണത്തിൽ പുറത്തിറങ്ങിയ ചിത്രം പോർസലൈൻ വാർ, ഷുഗർകെയ്ൻ, ബ്ലാക്ക് ബോക്സ് ഡയറീസ്, സൗണ്ട്ട്രാക്ക് ടു എ കപ്പ് ഡി'ഇറ്റാറ്റ് എന്നിവയെയാണ്​ മറികടന്നത്​.

2019നും 2023നും ഇടയിലാണ്​ ‘നോ അദർ ലാൻഡി’​െൻറ ചി​ത്രീകരണം നടക്കുന്നത്​. വെസ്റ്റ് ബാങ്കിന്റെ തെക്കേ അറ്റത്ത്​ സൈനിക പരിശീലന മേഖലയായി ഉപയോഗിക്കാൻ ഇസ്രായേൽ സൈന്യം പൊളിച്ചുമാറ്റുന്ന തന്റെ ജന്മനാടായ ‘മസാഫർ യാത്ത’ക്ക് വേണ്ടി​ ആക്ടിവിസ്റ്റ് ബാസൽ അദ്ര നടത്തുന്ന പോരാട്ടമാണ്​ ഈ ചിത്രത്തിലൂടെ പറയുന്നത്​. ഇസ്രായേലി സൈന്യത്തി​െൻറ അറസ്റ്റ് ഭീഷണിയെ മറികടന്നായിരുന്നു അദ്ദേഹത്തി​െൻറ പോരാട്ടം. ജൂത-ഇസ്രായേലി പത്രപ്രവർത്തകനായ യുവാൽ എബ്രഹാമുമായി സൗഹൃദത്തിലാകുന്നതോടെ അദ്രയുടെ പോരാട്ടവും മസാഫർ യാത്തക്കാരുടെ ദുരിതവും ലോകമറിഞ്ഞു​.

Advertising
Advertising

പതിറ്റാണ്ടുകളായി ഫലസ്തീനികൾ അനുഭവിച്ചുവരുന്ന കഠിനമായ യാഥാർഥ്യത്തെയാണ് 'നോ അദർ ലാൻഡ്' പ്രതിഫലിപ്പിക്കുന്നതെന്ന് അവാർഡ് സ്വീകരിച്ചുകൊണ്ട് അദ്ര പറഞ്ഞു. ‘ഏകദേശം രണ്ട് മാസം മുമ്പ് ഞാൻ ഒരു പിതാവായി. എന്റെ മകൾക്ക് ഞാൻ ഇപ്പോൾ ജീവിക്കുന്ന അതേ ജീവിതം നയിക്കേണ്ടി വരരുത്​ എന്നാണ് എന്റെ ആഗ്രഹം. കുടിയേറ്റം, അക്രമം, വീട് തകർക്കൽ, നിർബന്ധിത കുടിയിറക്കൽ എന്നിവയെ എപ്പോഴും ഭയപ്പെടുന്ന എന്റെ സമൂഹം എല്ലാ ദിവസവും ഇസ്രായേലി അധിനിവേശത്തിൽ ജീവിക്കുകയും അനുഭവിക്കുകയും ചെയ്യുന്നു’ -അദ്ര പറഞ്ഞു.

ഫലസ്തീൻ ജനതയോടുള്ള വംശീയ ഉന്മൂലനം തടയാനും അനീതി അവസാനിപ്പിക്കാനും ഗൗരവമായ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം ലോകത്തോട് ആഹ്വാനം ചെയ്തു. നിറഞ്ഞ കയ്യടികളോടെയാണ്​ അദ്രയുടെ വാക്കുകളെ സദസ്സ്​ വരവേറ്റത്​.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News