'നൊന്തുപെറ്റ മകൻ ഒഴിഞ്ഞുമാറുന്നു'; വേദന പങ്കുവെച്ച് ഇസ്രായേൽ തടങ്കലിൽ നിന്ന് മോചിതയായ ഫലസ്തീനി വനിത

"താഹിറിനെ വാരിയെടുക്കാൻ ചെല്ലുമ്പോൾ അവൻ ഒഴിഞ്ഞുമാറുകയാണ്. ഇങ്ങനെയൊരു സന്ദർഭം ഞാൻ ഓർത്തിരുന്നില്ല. ഇത് വേദനാജനകമാണ്.'

Update: 2025-01-21 16:15 GMT
Editor : André | By : Web Desk

ജനീൻ: ബന്ദി കൈമാറ്റത്തിന്റെ ഭാഗമായി ഇസ്രായേൽ തടവറയിൽ നിന്നു മോചിതയായ തന്നെ സ്വന്തം മകൻ തിരിച്ചറിയുന്നില്ലെന്ന വേദന പങ്കുവച്ച് ഫലസ്തീനി വനിത. വെസ്റ്റ് ബാങ്കിലെ ജനീനു സമീപമുള്ള കുഫുർദാൻ ഗ്രാമത്തിലെ നിദയാണ് രണ്ടു വർഷത്തോളം നീണ്ട തടവുകാലത്തിനു ശേഷം കുടുംബത്തിൽ തിരിച്ചെത്തിയപ്പോഴുള്ള കരളലിയിക്കുന്ന അനുഭവം പങ്കുവച്ചത്. മോചനത്തിന്റെ സന്തോഷത്തിൽ, മൂന്നു വയസ്സുകാരനായ മകനെ ആലിംഗനം ചെയ്യാൻ ചെന്നപ്പോൾ മകൻ തന്നെ തിരിച്ചറിഞ്ഞില്ലെന്നും അടുത്തുവരാൻ കൂട്ടാക്കുന്നില്ലെന്നും നിദ പറയുന്നു.

'തടങ്കലിലായിരുന്ന രണ്ടുവർഷക്കാലം എന്റെ മകൻ താഹിറിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നതാണ് അവൻ എന്നെ തിരിച്ചറിയാതിരിക്കാൻ കാരണം. താഹിറിനെ വാരിയെടുക്കാൻ ചെല്ലുമ്പോൾ അവൻ ഒഴിഞ്ഞുമാറുകയാണ്. മാതാപിതാക്കളിൽ നിന്ന് വിട്ടുകഴിയുന്ന കൊച്ചുകുട്ടികൾ അവരെ തിരിച്ചറിയില്ല എന്നത് സ്വാഭാവികമായിരിക്കാം; പക്ഷേ, ഇങ്ങനെയൊരു സന്ദർഭം ഞാൻ ഓർത്തിരുന്നില്ല. ഇത് വേദനാജനകമാണ്.' - നിദ പറയുന്നു.

Advertising
Advertising

2023 ഒക്ടോബർ ഏഴിന് പിടികൂടിയ ബന്ദികളെ ഹമാസ് കൈമാറിയതിനു പകരമായി ഇസ്രായേൽ വിട്ടയച്ച ഫലസ്തീനി തടവുകാരിലൊരാളാണ് നിദ. ഇവർക്കൊപ്പം ഇസ്രായേൽ സൈന്യം പിടികൂടി ഭർത്താവ് മുഹമ്മദ് ഇപ്പോഴും തടങ്കലിലാണ്.

'താഹിറിനു പുറമെ പെൺമക്കളായ സീലയെയും സദനെയും വിട്ടാണ് എനിക്ക് പോകേണ്ടി വന്നത്. ഞാൻ പോകുന്ന സമയത്ത് സദൻ ഹൈസ്‌കൂളിലായിരുന്നു. സ്വന്തം മാതാവ് കൂടെയില്ലാതെ അവൾക്ക് സ്‌കൂളിൽ പോകാൻ ഒരുങ്ങേണ്ടി വരുമെന്ന് ഞാൻ സ്വപ്‌നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.' - അൽ അറബി ടെലിവിഷൻ റിപ്പോർട്ടറുമായി സംസാരിക്കവെ നിദ കൂട്ടിച്ചേർക്കുന്നു.

മാതാവിനെയും പിതാവിനെയും ഇസ്രായേൽ സൈന്യം പിടികൂടിയ ശേഷം മുത്തശ്ശിയുടെയും മാതൃസഹോദരിയുടെയും സംരക്ഷണയിലാണ് താഹിർ വളർന്നത്.

നിദയുടെ ഭർത്താവിന്റെ തടങ്കൽ കാലാവധി ഇസ്രായേൽ മൂന്നുതവണയാണ് പുതുക്കിയത്. നിലവിലെ കാലാവധി അടുത്ത ഏപ്രിൽ 17-നാണ് അവസാനിക്കുന്നത്. നിലവിലെ തടവുകാരുടെ കൈമാറ്റത്തിൽ ഉൾപ്പെട്ടില്ലെങ്കിൽ ഏപ്രിലിൽ എങ്കിലും അദ്ദേഹം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനു വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണെന്നും നിദ പറയുന്നു.

Full View

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News