87 ദിവസത്തെ നിരാഹാര സമരം: ഫലസ്തീന്‍ നേതാവ് ഇസ്രായേല്‍ ജയിലില്‍ മരിച്ചു

കുറ്റപത്രം പോലുമില്ലാതെ 12 തവണ ഖാദര്‍ അദ്നാനെ ഇസ്രായേല്‍ തടവിലാക്കിയിരുന്നു.

Update: 2023-05-03 05:45 GMT

ജറുസലേം: ഫലസ്തീനി തടവുകാരന്‍ ഖാദര്‍ അദ്നാന്‍ ഇസ്രായേലിലെ ജയിലില്‍ നിരാഹാര സമരത്തിനിടെ മരിച്ചു. നിരാഹാര സമരം 87ആം ദിവസത്തില്‍ എത്തിയപ്പോഴാണ് മരണം. കുറ്റപത്രം പോലുമില്ലാതെ 12 തവണ അദ്നാനെ ഇസ്രായേല്‍ തടവിലാക്കിയിരുന്നു.

ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദ് ഗ്രൂപ്പിന്‍റെ ഭാഗമായിരുന്നു അദ്നാന്‍. ഫെബ്രുവരി 5ന് അറസ്റ്റ് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് നിരാഹാര സമരം തുടങ്ങിയത്. അദ്‌നാന്‍ 1999ലാണ് ആദ്യമായി ഇസ്രായേലില്‍ തടവിലായത്. പലവട്ടം കുറ്റപത്രമോ വിചാരണയോ ഇല്ലാതെ തടവിലാക്കപ്പെട്ടു. 2015ല്‍ 55 ദിവസം അദ്നാന്‍ ജയിലില്‍ നിരാഹാര സമരം നടത്തി. അധിനിവേശ വെസ്റ്റ്ബാങ്ക് സ്വദേശിയാണ് അദ്നാന്‍.

Advertising
Advertising

"സംഭവിച്ചത് വളരെ അപകടകരമായ കാര്യമാണ്. ഇസ്രായേൽ സർക്കാരും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിറും ഈ കൊലപാതകത്തിന് വ്യക്തിപരമായി ഉത്തരവാദികളാണ്. 87 ദിവസമായി നിരാഹാര സമരം നടത്തുന്ന, ഒരു വൈദ്യസഹായവും ലഭിക്കാത്ത വ്യക്തി എപ്പോള്‍ വേണമെങ്കിലും മരിക്കുമെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു എന്നതിനാലാണ് ഞാനിതിനെ കൊലപാതകമെന്ന് വിളിക്കുന്നത്. ഖാദർ അദ്‌നാനെ ഒരു കുറ്റവും ചുമത്താതെ അറസ്റ്റ് ചെയ്തു. ഫാഷിസമാണ് ഇസ്രായേലില്‍ നടക്കുന്നത്. മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്ന രാജ്യമാണ് ഇസ്രായേൽ"- ഫലസ്തീൻ മുന്‍ വാര്‍ത്താ വിനിമയ മന്ത്രിയും ഫലസ്തീൻ നാഷണൽ ഇനിഷ്യേറ്റീവ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയുമായ മുസ്തഫ ബർഗൂതി പറഞ്ഞു.

മരണാസന്നനാണ് അദ്നാനെന്നും അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നും ഫിസിഷ്യൻസ് ഫോർ ഹ്യൂമൻ റൈറ്റ്‌സ് ഇസ്രായേൽ എന്ന സംഘടനയിലെ ഡോക്ടര്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ജയിലില്‍ അദ്നാനെ സന്ദര്‍ശിച്ചതിനു ശേഷമാണ് ഡോക്ടര്‍ ഇക്കാര്യം പറഞ്ഞത്. അതേസമയം അദ്നാന്‍ ചികിത്സ തേടാന്‍ വിസമ്മതിച്ചു എന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം.


Summary- Palestinian prisoner Khader Adnan has died in an Israeli prison after nearly three months on a hunger strike, Israeli prison officials said.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News