ഒരു ജനതയുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ ട്രംപിന് എന്ത് അധികാരം? : ഇറാന്‍ പ്രസിഡൻ്റ് പെസഷ്‌കിയാന്‍
'ഇറാന്‍ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്. യുദ്ധം ആഗ്രഹിക്കുന്നില്ല. യുഎസിനെതിരെയും ഇസ്രായേലിനെതിരെയും നടത്തുന്നത് സ്വയം പ്രതിരോധം'
തെഹ്‌റാന്‍: ഒരു ജനതയുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് യാതൊരു അധികാരവും ഇല്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാന്‍. തങ്ങളുടെ ആണവ അവകാശം ഇറാന്‍ പ്രയോജനപ്പെടുത്താന്‍ പാടില്ലെന്ന് പറയാനും ട്രംപിന് അവകാശമില്ല -പെസഷ്‌കിയാന്‍ പറഞ്ഞു.
'ഇറാന്റെ ആണവ അവകാശങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ട്രംപ് പറയുന്നു. പക്ഷേ എന്ത് കുറ്റത്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് ട്രംപ് പറയുന്നില്ല. ഒരു രാജ്യത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കാന്‍ ട്രംപ് ആരാണ്?' -പെസഷ്‌കിയാന്‍ ചോദിച്ചു. ഇറാനും യുഎസും തമ്മിലുള്ള ചര്‍ച്ചകള്‍ വീണ്ടും പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് പെസഷ്‌കിയാന്റെ പ്രതികരണം.
ഇറാന്‍ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്ന് പെസഷ്‌കിയാന്‍ പറഞ്ഞു. യുദ്ധം ആഗ്രഹിക്കുന്ന രാഷ്ട്രമല്ല. യുഎസിനെതിരെയും ഇസ്രായേലിനെതിരെയും ഇറാന്‍ നടത്തുന്നത് സ്വയം പ്രതിരോധമാണ്. യുഎസും ഇസ്രായേലും ഇറാനിലെ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളെയും ആക്രമിക്കുകയാണ്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇറാനെ ആക്രമിച്ചിരുന്നില്ലെങ്കില്‍ അവര്‍ ഇതിനകം ആണവായുധം വികസിപ്പിക്കുമായിരുന്നുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പറഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ അത് ജൂത ജനതയുടെ ഒടുക്കത്തിന്റെ തുടക്കം ആകുമായിരുന്നുവെന്നും നെതന്യാഹു പ്രതികരിച്ചു.
പശ്ചിമേഷ്യയില്‍ നാളുകളുടെ ഇടവേളക്ക് ശേഷം വീണ്ടും സംഘര്‍ഷ സാഹചര്യം കനക്കുകയാണ്. ഇറാനും യുഎസും തമ്മില്‍ നേരത്തെ നിശ്ചയിച്ച രണ്ടാംവട്ട സമാധാന ചര്‍ച്ചക്കുള്ള സാധ്യതകള്‍ നിലവിലെ സാഹചര്യത്തില്‍ മങ്ങിയിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതവും പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്.