മിസൈൽ പോലെ കുത്തനെ പതിച്ചു, വൻ തീഗോളമായി; ഫ്ലോറിഡയിൽ വിമാനം തകർന്ന് ഒമ്പത് മരണം

ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്കും വീടുകൾക്കും തൊട്ടടുത്തായിട്ടാണ് വിമാനം പതിച്ചത്

Update: 2026-11-02 02:25 GMT

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിലുണ്ടായ വിമാനാപകടത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. ടെക്സാസിൽ നിന്ന് ബഹാമാസിലേക്ക് പുറപ്പെട്ട സ്വകാര്യ ബിസിനസ് ജെറ്റ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് 1:50ഓടെ ഫ്ലോറിഡയിലെ പാൽം ബീച്ച് കൗണ്ടിയിൽ ക്രെസ്റ്റ്ഹേവന് സമീപമുള്ള ജനവാസ മേഖലയിൽ വിമാനം തകർന്നുവീഴുകയായിരുന്നു. മിസൈൽ പോലെ കുത്തനെ പതിച്ച വിമാനം വലിയൊരു തീഗോളമായി പൊട്ടിത്തെറിച്ചു.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മാർ-എ-ലാഗോ റിസോർട്ടിൽ നിന്നും ഏകദേശം ഒൻപത് മൈൽ അകലെയായി തിരക്കേറിയ റോഡരികിലാണ് അപകടം. ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്കും വീടുകൾക്കും തൊട്ടടുത്തായിട്ടാണ് പതിച്ചതെങ്കിലും കേടുപാടുകളൊന്നും ഉണ്ടായിട്ടില്ല. റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്.

Advertising
Advertising

യാത്രക്കാരുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി എക്സ് പ്ലാറ്റ്‌ഫോമിലൂടെ സ്ഥിരീകരിച്ചു. കടകളും ഭക്ഷണശാലകളും നിറഞ്ഞ ആറുവരി പാതയായ മിലിട്ടറി ട്രെയ്ലിലാണ് അപകടമുണ്ടായതെന്ന് പാൽം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. ഈ പ്രദേശം ഒഴിവാക്കാനും മറ്റ് വഴികൾ ഉപയോഗിക്കാനും യാത്രക്കാരോട് നിർദേശിച്ചിട്ടുണ്ട്.

പാം ബീച്ച് കൗണ്ടി ഫയർ റെസ്ക്യൂ വിഭാഗം അപകടത്തെ  'വൻ ദുരന്തമായി' പ്രഖ്യാപിച്ചു. വിമാനത്തിന്റെ ഉടമസ്ഥതയെക്കുറിച്ചും യാത്രക്കാരുടെ വിശദാംശങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമായിവരുന്നതേയുള്ളൂ. അപകടത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Writer - അതുല്യ സെബാസ്റ്റ്യൻ

contributor

Editor - അതുല്യ സെബാസ്റ്റ്യൻ

contributor

By - അതുല്യ സെബാസ്റ്റ്യൻ

contributor

Similar News