'വംശഹത്യയ്ക്ക് ധനസഹായം നൽകുന്നത് നിർത്തുക'; ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന് മുന്നില്‍ ഫലസ്തീന്‍ അനുകൂലികളുടെ പ്രതിഷേധം; 200 പേര്‍ അറസ്റ്റില്‍
ജ്യൂയിഷ് വോയിസ് ഫോര്‍ പീസ് തുടങ്ങിയ സംഘടനയില്‍ നിന്നുള്ളവരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്
ന്യൂയോര്‍ക്ക്: ഗസ്സയിലെ ഇസ്രായേൽ യുദ്ധത്തിന് യുഎസ് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫലസ്തീന്‍ അനുകൂലികള്‍ തിങ്കളാഴ്ച ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തി. 200-ലധികം പ്രകടനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
ജ്യൂയിഷ് വോയിസ് ഫോര്‍ പീസ് തുടങ്ങിയ സംഘടനയില്‍ നിന്നുള്ളവരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ലോവർ മാൻഹട്ടനിലെ വാൾസ്ട്രീറ്റിന് സമീപമുള്ള എക്‌സ്‌ചേഞ്ചിൻ്റെ ഐക്കണിക് കെട്ടിടത്തിന് മുന്നിൽ അണിനിരന്ന പ്രതിഷേധക്കാര്‍ ' "ഗസ്സയെ ജീവിക്കാൻ അനുവദിക്കൂ,വംശഹത്യയ്ക്ക് ധനസഹായം നൽകുന്നത് നിർത്തുക" എന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധക്കാര്‍ സ്റ്റോക്ക് എക്സ്ചേഞ്ചിനുള്ളിൽ കയറിയില്ലെങ്കിലും പ്രധാന കെട്ടിടത്തിന് പുറത്ത് സ്ഥാപിച്ചിരുന്ന പൊലീസ് സുരക്ഷാ വേലി മറികടന്നു. 500 ഓളം പ്രകടനക്കാർ പങ്കെടുത്തതായി പ്രതിഷേധവുമായി ബന്ധപ്പെട്ട ജൂത ഗ്രൂപ്പുകൾ പറഞ്ഞു. എന്നാല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഇതിനോട് പ്രതികരിച്ചിട്ടില്ല. അമേരിക്കൻ പ്രതിരോധ കരാറുകാരോടും ആയുധ നിർമാതാക്കളോടും പ്രതിഷേധക്കാർ രോഷം പ്രകടിപ്പിച്ചു.
ലബനാനിലെ ഇസ്രായേല്‍ ആക്രമണത്തിനെതിരെയും പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി. "നൂറുകണക്കിന് ജൂതന്മാരും സുഹൃത്തുക്കളും ചേര്‍ന്ന് ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന് മുന്നില്‍ അണിനിരന്നിരിക്കുകയാണ്. അമേരിക്ക ഇസ്രായേലിനെ ആയുധമാക്കുന്നതും വംശഹത്യയിൽ നിന്ന് ലാഭം കൊയ്യുന്നതും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു'' ജ്യൂയിഷ് വോയിസ് ഫോര്‍ പീസ് എക്സില്‍ കുറിച്ചു. എന്നാല്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വംശഹത്യ ആരോപണങ്ങൾ നിഷേധിക്കുന്ന ഇസ്രായേൽ, ഗസ്സയിലെ തങ്ങളുടെ സൈനിക പ്രവർത്തനങ്ങൾ ഹമാസിനെ ലക്ഷ്യമിടുന്നതായി പറയുന്നു.