'ഉറ്റസുഹൃത്തി'നോടുള്ള ട്രംപിന്റെ പിണക്കത്തിന് പിന്നിലെ ആ കാരണം?
ഡൊണാൾഡ് ട്രംപ് ഇന്ത്യക്കെതിരെ അധിക തീരുവ ചുമത്തിയതിന് കാരണങ്ങൾ സംബന്ധിച്ച് പലതരം നിരീക്ഷണങ്ങൾ വിദഗ്ദർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവന്ന ന്യൂയോർക്ക് ടൈംസിന്റെ വിശദീകരണം ഒരേസമയം രസകരവും കൗതുകമുണർത്തുന്നതുമായിരുന്നു
എന്ത് എപ്പോൾ ചെയ്യുമെന്നോ പറയുമെന്നോ ഒരു പിടിയും തരാത്ത നേതാവായിട്ടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പൊതുവെ വിലയിരുത്തപ്പെടുന്നത്. സുഹൃത്തായിരുന്നവർ ശത്രുവാകാൻ ഒരു നേരം ഇരുട്ടി വെളുക്കുന്ന സമയം പോലും ട്രംപിന് വേണമെന്നില്ല. ഇലോൺ മസ്‌ക് അതിനുള്ള ഒരുദാഹരണമാണ്. വ്യവസായിയായ ട്രംപിനെ സംബന്ധിടത്തോളം തനിക്കെന്ത് കിട്ടുന്നുവെന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് എല്ലാ ബന്ധങ്ങളും. അത് ട്രംപിന്റെ വിദേശനങ്ങളിൽ ഉൾപ്പെടെ പ്രകടവുമാണ്.
ഒരുസമയത്ത് ട്രംപിന്റെ ഉറ്റ സുഹൃത്തായി കരുതപ്പെട്ടിരുന്ന നേതാവായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ അതേ ട്രമ്പുതന്നെ ഇന്ത്യക്കെതിരെയുള്ള തീരുവ 50 ശതമാനമാക്കി വർധിപ്പിക്കുകയും ചെയ്തു. അതിനുപിന്നിലെ കാരണങ്ങൾ സംബന്ധിച്ച് പലതരം നിരീക്ഷണങ്ങൾ വിദഗ്ദർ ചൂണ്ടിക്കാട്ടിയെങ്കിലും കഴിഞ്ഞ ദിവസം പുറത്തുവന്ന ന്യൂയോർക്ക് ടൈംസിന്റെ വിശദീകരണം ഒരേസമയം രസകരണവും കൗതുകമുണർത്തുന്നതുമായിരുന്നു. ട്രംപ് പലവിധേന ആവശ്യപ്പെട്ട ഒരു കാര്യം മോദി അംഗീകരിച്ചില്ല എന്നതാണ് ഈ പിണക്കങ്ങൾക്കെല്ലാം കാരണം എന്നാണ് ടൈംസ് റിപ്പോർട്ട് പറയുന്നത്.
ഇന്ത്യയുമായുള്ള, പ്രത്യേകിച്ചും മോദിയുമായുള്ള ട്രംപിന്റെ ബന്ധം വഷളാകുന്നതിന് കാരണമായത് ജൂൺ പതിനേഴിന് ഇരുനേതാക്കളും തമ്മിൽ നടന്ന ഫോൺ കോൾ ആണെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പറയുന്നത്. ആ 35 മിനിറ്റ് ദൈർഘ്യമുള്ള ഫോൺ സംഭാഷണത്തിൽ, ട്രംപ് പറയാതെ പറഞ്ഞത് ഒരേയൊരു കാര്യമായിരുന്നു. തന്നെ നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യണം. അതിനായി ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ മധ്യസ്ഥത വഹിച്ചത് താനാണെന്ന് അംഗീകരിക്കണം. ഇവ രണ്ടിനോടും മോദി അനുകൂല സമീപനം സ്വീകരിക്കാത്തതാണ് ട്രംപിന്റെ കെറുവിന് ഹേതുവായത് എന്നാണ് റിപ്പോർട്ട് സമർത്ഥിക്കുന്നത്.
ഇന്ത്യ- പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന് വെടിനിർത്തൽ പ്രഖ്യാപനമുണ്ടായ മെയ് പത്തുമുതൽ ട്രംപ് അവകാശപ്പെടുന്ന കാര്യമാണ്. വ്യാപാരബന്ധം അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അതിനു ഇന്ത്യയും പാകിസ്ഥാനും വഴങ്ങി എന്നുമായിരുന്നു ട്രംപിന്റെ അവകാശവാദങ്ങൾ. ഇത് പ്രതിപക്ഷം ആയുധമാക്കിയതോടെ ബിജെപി സർക്കാരും മോദിയും പ്രതിരോധത്തിലാകുകയും ട്രംപിന്റെ വാദത്തെ തള്ളിപ്പറയുകയുമായിരുന്നു.
കേന്ദ്രസർക്കാർ പലതവണ തള്ളിയെങ്കിലും ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും പലതവണയാണ് ഇക്കാര്യം ആവർത്തിച്ചത്. അതിൽ മോദി അസ്വസ്ഥനുമായിരുന്നുവെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനിടെയാണ് G-7 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ മോദിയുമായി, ട്രംപ് ഫോൺ സംഭാഷണം നടത്തുന്നത്. ഉച്ചകോടി അവസാനിക്കുന്നതിന് മുൻപുതന്നെ, യാത്രതിരിച്ച ട്രംപ് വഴിമധ്യേയാണ് ഫോൺ സംഭാഷണം നടത്തിയത് എന്നാണ് ന്യൂയോർക് ടൈംസ് പറയുന്നത്.
ആ ഫോൺ കോളിൽ, മോദിയെ അമേരിക്കയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഒപ്പം, സംഘർഷം അവസാനിപ്പിച്ചതിൽ താൻ അഭിമാനിക്കുന്നുവെന്നും പാക്കിസ്ഥാൻ തന്നെ സമാധാന നൊബേലിനു ശുപാർശ ചെയ്യാൻ പോകുകയാണെന്നും ട്രംപ് മോദിയെ അറിയിച്ചു. ഇന്ത്യയും ഇതേകാര്യം ചെയ്യണമെന്നും ട്രംപ് ആവശ്യപ്പെട്ടു. എന്നാൽ, ഇന്ത്യ–പാക്ക് വെടിനിർത്തൽ യുഎസിന്റെ ഇടപെടലിലൂടെ ഉണ്ടായതല്ലെന്നും ഇന്ത്യയും പാക്കിസ്ഥാനും നേരിട്ട് തീരുമാനിച്ചതാണെന്നും മോദി മറുപടി നൽകുകയും ശുപാർശ ചെയ്യാനുള്ള ആവശ്യം മോദി നിരസിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്.
അതിന് ശേഷം പിന്നീടിതുവരെ ഇരുവരും തമ്മിൽ സംസാരിച്ചിട്ടില്ലെന്നും പറയുന്നുണ്ട് ടൈംസ് റിപ്പോർട്ട്. ഈ വര്ഷം അവസാനത്തോടെ ക്വാഡ് ഉച്ചകോടിക്കായി ഇന്ത്യയിലെത്താനിരുന്ന ട്രംപ്, പുതിയ സാഹചര്യത്തിൽ ആ യാത്ര ഒഴിവാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. ഇരുവരും തമ്മിലുള്ള വ്യക്തിപരമായ അടുപ്പത്തിൽ വിള്ളലുണ്ടായിരിക്കുകയാണെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിപ്ലോമാറ്റിക് ബന്ധങ്ങൾക്ക് ഉപരിയായി 'personal cult'ൽ വിശ്വസിക്കുന്ന ഇരുനേതാക്കളും തമ്മിലുള്ള അകൽച്ച, എങ്ങനെയാകും പരിഹരിക്കപ്പെടുക എന്ന ചർച്ചയിലാണ് സമൂഹമാധ്യങ്ങളിലെ ഉപയോക്താക്കൾ