യുദ്ധഭൂമിയിൽ യഹ്‍യ സിൻവാർ; ദൃശ്യങ്ങൾ പുറത്തുവിട്ട് അൽ ജസീറ

സിൻവാർ കൊല്ലപ്പെട്ട അപ്പാർട്ട്മെന്റിലേക്ക് ദിവസവും നിരവധി പേരാണ് എത്തുന്നത്

Update: 2025-01-25 05:54 GMT

ഗസ്സ സിറ്റി: കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്‍യ സിൻവാറിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് അൽ ജസീറ. ഗസ്സയിലെ യുദ്ധത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

സിൻവാർ സൈനിക വേഷം ധരിച്ച്, ഊന്നുവടി ഉപയോഗിച്ച് യുദ്ധഭൂമിയിലൂടെ നടക്കുന്നത് കാണാം. തിരിച്ചറിയാതിരിക്കാനായി ശരീരം പുതപ്പുകൊണ്ട് മൂടിയിട്ടുണ്ട്.

സിൻവാർ കഴിഞ്ഞ കെട്ടിടത്തിന്റെ ചുവരിൽ ‘നോർത്ത്’ എന്ന ഹീബ്രു വാക്ക് ഗ്രാഫിറ്റി ചെയ്തിരിക്കുന്നതും ദൃശ്യത്തിലുണ്ട്. സിൻവാർ അവിടെ എത്തുന്നതിന് മുമ്പ് ഇസ്രായേലി സൈനികർ ആ വീട്ടിൽ പ്രവർത്തിച്ചിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

Advertising
Advertising

ടി-ഷർട്ട് ധരിച്ച സിൻവാർ ഒരു റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റിലൂടെ നടക്കുന്നതും റഫയിലെ തെൽ അൽ സുൽത്താൻ ബറ്റാലിയന്റെ കമാൻഡർ മഹ്മൂദ് ഹംദാനോടൊപ്പം തറയിൽ ഇരിക്കുന്നതും അവരുടെ മുന്നിലുള്ള മാപ്പിലേക്ക് ചൂണ്ടിക്കാട്ടി ദൗത്യങ്ങൾ വിഭാവനം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. കൂടാതെ ഇസ്രായേലി ടാങ്കറും സൈനികരെയും സിൻവാർ നോക്കിനിൽക്കുന്നതും ഇതിൽ കാണാം. ‘രക്തമണിഞ്ഞ കരങ്ങളോരൊന്നും സ്വാതന്ത്ര്യത്തിന്റെ ചുവന്ന കവാടങ്ങള്‍ തുറക്കും’ എന്ന് സിവൻവാർ കാമറയിൽ നോക്കി പറയുന്നുണ്ട്.

2023 ഒക്ടോബർ 7ന് രാവിലെ 6.30ന് ആക്രമണം ആരംഭിക്കാനുള്ള ഉത്തരവിൽ സിൻവാർ ഒപ്പിട്ടതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. 2024 ഒക്ടോബർ 16നാണ് യഹ്‍യാ സിൻവാർ കൊല്ലപ്പെടുന്നത്. റഫയിൽ തകർന്ന അപ്പാർട്ട്മെന്റിൽ വെച്ചായിരുന്നു ആക്രമണം.

കഴിഞ്ഞ ഞായറാഴ്ച വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നശേഷം, സിൻവാർ കൊല്ലപ്പെട്ട അപ്പാർട്ട്മെന്റ് സന്ദർശിക്കാൻ നിരവധി പേരാണ് എത്തുന്നതെന്ന് കെട്ടിട ഉടമ അഷ്റഫ് അബൂ താഹ പറഞ്ഞു. സിൻവാർ അവസാനമായി ഇരുന്നിരുന്ന കസേര ദേശീയതയുടെ പ്രതീകമായി മാറിയിട്ടുണ്ട്. താനും മകനും വീടിന്റെ അവശിഷ്ടങ്ങൾക്ക് മുകളിൽ ഈ ഇരിപ്പിടവും അദ്ദേഹത്തിന്റെ വസ്ത്രവും സ്ഥാപിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ താൽ അൽ സുൽത്താൻ എന്നതിന് പകരം താൽ അൽ സിൻവാർ എന്നാണ് ആളുകൾ ഇപ്പോൾ വിളിക്കുന്നതെന്നും അഷ്റഫ് അബൂ താഹ കൂട്ടിച്ചേർത്തു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News