മനുഷ്യർക്കൊപ്പം ഓടിയെത്തുമോ? ചൈനയിൽ ഹാഫ് മാരത്തണിൽ പ​ങ്കെടുത്ത് റോബോട്ടുകൾ

റോബോട്ടിക്‌സിലും നിര്‍മിത ബുദ്ധിയിലുമുള്ള ചൈനയുടെ കുതിപ്പിന്റെ തെളിവായിട്ടാണ് ഈ മത്സരത്തെ വിലയിരുത്തുന്നത്

Update: 2025-04-19 07:47 GMT

ബെയ്ജ്ങ്: മനുഷ്യനും റോബോട്ടും തമ്മില്‍ ഓട്ടമത്സരം നടത്തിയാല്‍ ആരു ജയിക്കുമെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഈ ചിന്തയ്ക്ക് ഉത്തരം കണ്ടെത്താനിറങ്ങിയിരിക്കുകയാണ് ചൈന. 21 മനുഷ്യ സാദൃശ്യമുള്ള റോബോട്ടുകളുമായി മനുഷ്യര്‍ക്കൊപ്പം 21 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍ ഓടിയാണ് ബെയ്ജിങില്‍ ചൈന ചരിത്രം കുറിച്ചത്.

വിവിധ യൂണിവേഴ്‌സിറ്റികളും റിസേര്‍ച്ച് സ്ഥാപനങ്ങളും ടെക് സ്ഥാപനങ്ങളും ആഴ്ചകളോളം നടത്തിയ തയാറെടുപ്പുകള്‍ക്കൊടുവിലാണ് മത്സരം നടന്നത്. ഇതിനു മുമ്പും ചൈനയില്‍ റോബോട്ടുകള്‍ മാരത്തണില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് മനുഷ്യര്‍ക്കൊപ്പം ഔദ്യോഗികമായി മത്സരിക്കുന്നത്.

Advertising
Advertising

റോബോട്ടിക്‌സിലും നിര്‍മിത ബുദ്ധിയിലുമുള്ള ചൈനയുടെ കുതിപ്പിന്റെ തെളിവായിട്ടാണ് ഈ മത്സരത്തെ വിലയിരുത്തുന്നത്. അതേസമയം, ചില നിരീക്ഷകർ ഇതിന്റെ പ്രായോഗികതയെക്കുറിച്ച് സംശയം പ്രകടിപ്പിക്കുന്നുണ്ട്. റോബോട്ട് മാരത്തോണ്‍ അതിന്റെ മെക്കാനിക്കല്‍ കഴിവുകളുടെയും കായികക്ഷമതയുടേയും പ്രദര്‍ശനം മാത്രമാണെന്നും നിര്‍മിത ബുദ്ധിയുടെ കാര്യമായ ഉപയോഗമോ പ്രത്യേകതയോ ഇതിലില്ലയെന്നും ഒറിഗോണ്‍ യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് റോബോട്ടിക്‌സ് വിഭാഗം പ്രൊഫസര്‍ അലന്‍ ഫേണ്‍ അഭിപ്രായപ്പെട്ടു. ചൈനീസ് കമ്പനികളധികവും റോബോട്ടുകളുടെ നടത്തത്തിലും ഓട്ടത്തിലുമൊക്കെയാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഇത് കാര്യമായ മുന്നേറ്റങ്ങളൊന്നും തന്നെ സംഭാവന ചെയ്യുന്നില്ലായെന്നും ഫേണ്‍ കൂട്ടിച്ചേര്‍ത്തു.

മാരത്തണ്‍ സുതാര്യമാക്കാൻ വേണ്ടി പ്രത്യേക നിയമങ്ങള്‍ തന്നെയുണ്ടായിരുന്നു. ബെയ്ജിങ് ഇന്നവേഷന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റോബോട്ടിക്‌സിന്റെ തിയാങോങ് അള്‍ട്രയാണ് ഏറ്റവും വേഗമേറിയ റോബോട്ട്. ഒന്നാമതായെത്തിയ വ്യക്തി ഒരു മണിക്കൂര്‍ 2 മിനുട്ടില്‍ ഓട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ തിയാങോങ് അള്‍ട്ര 2 മണിക്കൂര്‍ 40 മിനുട്ടെടുത്താണ് ഓട്ടം പൂര്‍ത്തിയാക്കിയത്. വിജയികള്‍ക്ക് യഥാക്രമം 5000 യുവാന്‍, 4000 യുവാന്‍, 3000 യുവാന്‍ എന്നിങ്ങനെ ലഭിച്ചു. ക്രിയാത്മകതയ്ക്കും കായികശേഷിക്കും പ്രത്യേക സമ്മാനവും നല്‍കി.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News