'ഹൂതികള്‍ക്ക് സാറ്റലൈറ്റ് ദൃശ്യങ്ങള്‍ കൈമാറി'; ചെങ്കടൽ ആക്രമണത്തിന് റഷ്യൻ സഹായം

ഹൂതി ഭീഷണി ചെറുക്കാൻ അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തിൽ രൂപീകരിച്ച നാവികസഖ്യ സൈന്യം പരാജയമാണെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്

Update: 2024-10-25 15:08 GMT
Editor : Shaheer | By : Web Desk

മോസ്‌കോ/സൻആ: ചെങ്കടലിലെ കപ്പൽ ആക്രമണത്തിന് ഹൂതികൾക്ക് റഷ്യൻ സഹായം ലഭിക്കുന്നുവെന്ന് റിപ്പോർട്ട്. ചരക്കു കപ്പലുകളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ റഷ്യ ഹൂതികൾക്കു കൈമാറുന്നുണ്ടെന്ന് 'വാൾസ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ വിരുദ്ധ നീക്കത്തിന്റെ ഭാഗമായി ചെങ്കടലിനു പിന്നാലെ അറബിക്കടലിലും ഹൂതികൾ ആക്രമണം കടുപ്പിക്കുന്നതിനിടെയാണു പുതിയ വിവരം പുറത്തുവരുന്നത്.

രണ്ട് മുതിർന്ന യൂറോപ്യൻ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചാണ് വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്. ഇസ്രായേലിലേക്കുള്ള ചരക്കുമായി പോകുന്ന കപ്പലുകൾക്കുനേരെ ഹൂതികൾ ആക്രമണം പ്രഖ്യാപിച്ചതിനു ശേഷം റഷ്യ സാറ്റലൈറ്റ് ദൃശ്യങ്ങൾ കൈമാറിയെന്നാണു വെളിപ്പെടുത്തൽ. ഇറാൻ റെവല്യൂഷനറി ഗാർഡ് മുഖേനെയാണു വിവരങ്ങൾ കൈമാറുന്നതെന്നാണ് ഒരു വൃത്തം പറയുന്നത്.

Advertising
Advertising

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കു തിരിച്ചടിയായാണ് ഹൂതികൾ ചെങ്കടൽ ആക്രമണം പ്രഖ്യാപിച്ചത്. പശ്ചിമേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതയാണു ചെങ്കടൽ. കഴിഞ്ഞ ഒരു വർഷത്തിനിടെ നൂറിലേറെ കപ്പലുകളെ ഹൂതികൾ ആക്രമിച്ചിരുന്നു. രണ്ട് കപ്പലുകൾ കടലിൽ മുക്കുകയും ചെയ്തു. നാല് നാവികർ കൊല്ലപ്പെട്ടു. ഒരു കപ്പൽ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ നടന്ന കപ്പൽ റാഞ്ചലിൽ പിടിയിലായ നാവികർ ഇപ്പോഴും മോചിതരായിട്ടില്ലെന്നാണു വിവരം.

ഹൂതി ആക്രണത്തെ തുടർന്ന് ഇസ്രായേലിൽ വൻ നഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സമുദ്രപാതയിലൂടെ ചരക്കുഗതാഗതം ഏറെക്കുറെ തടസപ്പെട്ടിരിക്കുകയാണ്. പല കപ്പലുകളും കി.മീറ്ററുകളോളം ചുറ്റിത്തിരിഞ്ഞ് മറ്റു പാതകളിലൂടെയാണ് ഇപ്പോൾ ഗതാഗതം നടത്തുന്നത്. സുരക്ഷാ ഭീഷണിയെ തുടർന്ന് നിരവധി കപ്പലുകൾ ഇസ്രായേലിലേക്കുള്ള ചരക്കുഗതാഗതം നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഹൂതി ഭീഷണി ചെറുക്കാൻ അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തിൽ രൂപീകരിച്ച നാവികസഖ്യ സൈന്യം പരാജയമാണെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്.

Summary: Russia provided Houthis with tracking data to target ships in Red Sea — report

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News