ഗസ്സയിൽ നിന്നുള്ള ഇസ്രായേൽ പിൻമാറ്റം;​ ദക്ഷിണാഫ്രിക്കയുടെ പരാതിയിൽ അന്താരാഷ്​ട്ര ക്രിമിനൽ കോടതിയിൽ ഇന്ന്​ വാദം തുടങ്ങും

വടക്കൻ, തെക്കൻ ഗസ്സകളിൽ വ്യാപക ആക്രമണം ഇസ്രായേൽ തുടരുകയാണ്​. ഇന്നലെ മാത്രം 60 പേർ കൊല്ലപ്പെട്ടു. ഇതോടെ ആകെ മരണ സംഖ്യ 35,233 ആയി.

Update: 2024-05-16 01:11 GMT
Advertising

ഹേ​ഗ്: ഗസ്സയിൽ നിന്നുള്ള ഇസ്രായേൽ പിൻമാറ്റം ആവശ്യപ്പെട്ട്​ ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിൽ അന്താരാഷ്​ട്ര ക്രിമിനൽ കോടതിയിൽ ഇന്ന്​ വാദം ആരംഭിക്കും. വംശഹത്യാ കേസിൽ റഫക്കു നേരെയുള്ള ഇസ്രായേലിന്റെ പുതിയ ആക്രമണത്തെ ചോദ്യം ചെയ്​ത്​ ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിലാണ്​ അന്താരാഷ്​ട്ര ക്രിമിനൽ കോടതി ഇന്നും നാളെയും വാദം കേൾക്കുക. റഫ ആക്രമണം വംശഹത്യക്ക്​ ആക്കം കൂട്ടുന്ന സാഹചര്യമാണെന്നും അടിയന്തരമായി ഗസ്സയിൽ നിന്ന്​ മടങ്ങാൻ ഇസ്രായേലിനെ ​പ്രേരിപ്പിക്കണമെന്നും ദക്ഷിണാഫ്രിക്ക വാദിക്കും. ഈജിപ്​ത്​ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിൽ കക്ഷി ചേരുമെന്ന്​ അറിയിച്ചിട്ടുണ്ട്​.

അതേസമയം, ഇന്നലെ ചേർന്ന ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭായോഗം കോടതിക്കു മുമ്പാകെ നിലപാട്​ വാദിക്കാൻ സംഘത്തെ അയക്കാൻ തീരുമാനിച്ചു. ആത്മരക്ഷാർഥമുള്ള ഗസ്സ യുദ്ധത്തിൽ നിന്ന്​ ഇസ്രായേലിനെ തടയാൻ ഒരു കോടതിക്കും അധികാരമില്ലെന്ന്​ നെതന്യാഹു അവകാശപ്പെട്ടു. ഫലസ്​തീന്​ യു.എന്നിൽ പൂർണ അംഗത്വ പദവി നൽകാനുള്ള നീക്കം അംഗീകരിക്കില്ലെന്നും ഇസ്രായേൽ പറഞ്ഞു.

അതേസമയം, വടക്കൻ, തെക്കൻ ഗസ്സകളിൽ വ്യാപക ആക്രമണം ഇസ്രായേൽ തുടരുകയാണ്​. ഇന്നലെ മാത്രം 60 പേർ കൊല്ലപ്പെട്ടു. ഇതോടെ ആകെ മരണ സംഖ്യ 35,233 ആയി. ജബാലിയ ക്യാമ്പിനു സമീപം നടത്തിയ ബോംബാക്രമണത്തിൽ ഒമ്പത് ഇസ്രായേൽ സൈനികരെ വധിച്ചതായി ഹമാസ്​ സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്​സ്​ അറിയിച്ചു.

1948ൽ ഫലസ്​തീൻ മണ്ണിൽ നിന്ന്​ ജനങ്ങൾ ആട്ടിയോടിക്കപ്പെട്ടതിന്റെ 76-ാം വാർഷിക ദിനം കൂടിയായിരുന്നു ഇന്നലെ. എല്ലാ പ്രതികൂലതകൾക്കിടയിലും ലോകമൊന്നടങ്കമുള്ള യുവത ഫലസ്​തീൻ പ്രശ്​നം ഏറ്റെടുത്തത്​ ആവേശകരമാണെന്ന്​ ഹമാസ്​ രാഷ്​ട്രീയകാര്യ മേധാവി ഇസ്​മാഈൽ ഹനിയ്യ പറഞ്ഞു. യുദ്ധത്തിന്റെ എട്ടാം മാസത്തിലും ഹമാസ്​ പേരാളികൾക്കു മുന്നിൽ ഇസ്രായേൽ സൈന്യം പതറുകയാണെന്നും ഹനിയ്യ വ്യക്തമാക്കി.

റഫ ആക്രമണത്തെ തുടർന്നുളള ഭിന്നതക്കിടയിലും ഒരു ബില്യൻ ഡോളറിന്റെ ആയുധങ്ങൾ ഇസ്രായേലിന്​ കൈമാറാൻ തീരുമാനിച്ചിരിക്കുകയാണ്​ അമേരിക്ക. ഇത്തരം നീക്കങ്ങളിൽ നിന്ന്​ ബൈഡൻ പിൻവാങ്ങണമെന്ന്​ അമേരിക്കൻ പ്രതിനിധി സഭാംഗം ഇൽഹാൻ ഒമർ ആവശ്യപ്പെട്ടു.

അതിനിടെ, യുദ്ധാനന്തരം ഗസ്സയിൽ ഇസ്രായേൽ നിയന്ത്രണത്തിലുള്ള സർക്കാർ വേണമെന്ന നെതന്യാഹുവിന്റെ വാദം തള്ളി പ്രതിരോധ മന്ത്രി യോവ്​ ഗാലന്റ് രംഗത്തുവന്നു. ഹമാസ്​ അല്ലാത്ത ഫലസ്​തീൻ സർക്കാരാണ്​ ഗസ്സയിൽ വരേണ്ടതെന്ന്​ ഗാലന്റ്​ പറഞ്ഞു. എന്നാൽ ഗസ്സയിൽ ഫലസ്​തീൻ അതോറിറ്റിയുടെ ഭരണവും അംഗീകരിക്കാനാവില്ലെന്ന്​ നെതന്യാഹു പ്രതികരിച്ചു. നിരവധി സൈനികർ കൊല്ലപ്പെടുമ്പോൾ സർക്കാർ മന്ത്രിമാർ വാദപ്രതിവാദത്തിൽ ഏർപ്പെടുകയാണെന്ന്​ പ്രതിപക്ഷ തനേതാവ്​ യായിർ ലാപിഡ്​ കുറ്റപ്പെടുത്തി.

അതേസമയം, റഫ ആക്രമണത്തോടെ വഷളായ ഈജിപ്​ത്​ ബന്ധം പുനഃസ്ഥാപിക്കാൻ ഇസ്രായേൽ സംഘം കെയ്റോയിൽ എത്തിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ഉയർന്ന സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരാണ്​ സംഘത്തിലുള്ളതെന്നാണ്​ റിപ്പോർട്ട്​. ഗസ്സയിലേക്ക്​ അടിയന്തരമായി സഹായം ഉറപ്പാക്കാനുള്ള നീക്കം ഉണ്ടായില്ലെങ്കിൽ കൂട്ടമരണം ഉറപ്പാണെന്ന്​ യു.എൻ ഏജൻസികൾ മുന്നറിയിപ്പ്​ നൽകി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News