വാർത്താസമ്മേളനത്തിനിടെ കഴുത്തിൽ കുത്തേറ്റു; ദ.കൊറിയൻ പ്രതിപക്ഷ നേതാവ് ഗുരുതരാവസ്ഥയിൽ

വാർത്താസമ്മേളനം നടക്കുന്നതിനിടെ ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടാണ് അക്രമി ലീ ജേ മ്യൂങ്ങിനെ സമീപിച്ചത്

Update: 2024-01-02 03:39 GMT
Editor : Shaheer | By : Web Desk

കുത്തേറ്റ് നിലത്ത് വീണ ലീ ജേ മ്യൂങ്

സിയോൾ: കഴുത്തിൽ കുത്തേറ്റ് ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവ് ഗുരുതരാവസ്ഥയിൽ. പ്രധാന പ്രതിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് പാർട്ടി ഓഫ് കൊറിയ തലവൻ ലീ ജേ മ്യൂങ്ങിനാണു കൊറിയൻ തുറമുഖ നഗരമായ ബൂസാനിൽ വാർത്താസമ്മേളനത്തിനിടെ കുത്തേറ്റത്. അക്രമിയെ സംഭവസ്ഥലത്തുവച്ചു തന്നെ അറസ്റ്റ് ചെയ്തു.

പ്രാദേശിക സമയം ഇന്നു രാവിലെയായിരുന്നു സംഭവം. ബൂസാനിലെ നിർദിഷ്ട വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലത്ത് നടത്തിയ സന്ദർശനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലീ. ഇതിനിടെ അനുയായിയെന്ന വ്യാജേന ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടാണ് അക്രമി എത്തിയത്. തുടർന്ന് കൈയിൽ കരുതിയിരുന്ന ആയുധം കൊണ്ട് കഴുത്തിൽ കുത്തുകയായിരുന്നു. രക്തംവാർന്നു നിലത്തു വീണ ലീ മ്യൂങ്ങിനെ മിനിറ്റുകളെടുത്താണ് ആശുപത്രിയിലെത്തിച്ചത്. കഴുത്തിന്റെ ഇടത്തേ ഭാഗത്ത് ഒരു സെന്റി മീറ്റർ ആഴത്തിൽ മുറിവുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Advertising
Advertising

ലീ ജേ മ്യൂങ്

50നും 60നും ഇടയിൽ പ്രായം തോന്നിക്കുന്നയാളാണ് അക്രമിയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ലീയുടെ ചിത്രം അടങ്ങിയ പേപ്പർ കൊണ്ടുള്ള കിരീടം അണിഞ്ഞായിരുന്നു ഇയാൾ എത്തിയത്. മാധ്യമപ്രവർത്തകർക്കിടയിൽ നിലയുറപ്പിച്ചിരുന്ന ഇയാൾ മുന്നിൽനിന്നാണു കുത്തിയത്. അക്രമിയെ ഉടൻ തന്നെ കീഴടക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

2022ൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തലനാരിഴയ്ക്കാണ് ലീ ജേ മ്യൂങ് തോറ്റത്. 0.73 ശതമാനം വോട്ടിന്റെ വ്യത്യാസത്തിലായിരുന്നു ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിന്റെ വിജയം. ഇത്രയും ഇഞ്ചോടിഞ്ചു പോരാട്ടം രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായായിരുന്നു. 2027ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ലീ മത്സരിക്കുമെന്നാണ് അറിയുന്നത്.

Summary: South Korea opposition leader Lee Jae-myung stabbed in neck in Busan

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News