തെഹ്റാൻ: രണ്ടാഴ്ചയിലേറെയായി ലോകത്തിന്റെ കണ്ണ് ഇറാനിലേക്കാണ്. പണപ്പെരുപ്പം, ഭക്ഷ്യ വിലവർധന, കറൻസി മൂല്യത്തകർച്ച തുടങ്ങിയവ ചൂണ്ടിക്കാട്ടി ആരംഭിച്ച പ്രതിഷേധം നിലവിൽ ഭരണമാറ്റ ആവശ്യത്തിലേക്ക് മാറിയിട്ടുണ്ട്. 2025 ഡിസംബറിൽ ബഹുജന പ്രക്ഷോഭമായി വ്യാപിച്ച പ്രതിഷേധത്തിനെതിരായ നടപടിയിൽ നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. പ്രക്ഷോഭക്കാർക്ക് പരസ്യ പിന്തുണയുമായെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതിഷേധം തുടരാൻ ആവശ്യപ്പെടുകയും ഇറാനിൽ സൈനിക നടപടിക്കൊരുങ്ങുകയും ഭീഷണി തുടരുകയുമാണ്. സർക്കാർ സ്ഥാപനങ്ങൾ കൈയേറണമെന്നും യുഎസ് സഹായം ഉണ്ടാകുമെന്നും ട്രംപ് പ്രക്ഷോഭകർക്ക് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. പ്രതിഷേധത്തിൽ പ്രതിപക്ഷ കക്ഷികൾക്ക് പങ്കുണ്ടെങ്കിലും അവരെ ചലിപ്പിക്കുന്ന യഥാർഥ ശക്തിയാര് എന്നതാണ് ചോദ്യം. അമേരിക്കയോ ഇസ്രായേലോ...? ഇറാനിൽ ഭരണമാറ്റം ഇരു ശക്തികൾക്കും ആവശ്യമാണെന്നിരിക്കെ ആരാണ് പ്രക്ഷോഭത്തിന് പിന്നിൽ...? പരിശോധിക്കാം...
ഇറാൻ പറയുന്നതിങ്ങനെ...
രാജ്യത്ത് പടർന്നിരിക്കുനന അശാന്തിക്കും പ്രശ്നങ്ങൾക്കും പിന്നിൽ വിദേശ രാജ്യങ്ങളാണെന്ന് ഇറാൻ ഭരണകൂടം പറയുന്നു. അത് മറ്റാരുമല്ല, അമേരിക്കയും ഇസ്രായേലുമാണെന്നാണ് ഇറാൻ ആരോപിക്കുന്നത്. കഴിഞ്ഞ ജൂണിൽ 12 ദിവസം ഈ രാജ്യത്തെ ആക്രമിച്ച അതേ ആളുകൾ ഇപ്പോൾ സാമ്പത്തിക ചർച്ചയുമായി ബന്ധപ്പെട്ട് അസ്വസ്ഥതകൾ വർധിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ ഐആഐബിയിൽ സംസാരിക്കവെ കഴിഞ്ഞദിവസം ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ പറഞ്ഞിരുന്നു.
'അവർ തങ്ങളുടെ രാജ്യത്തിനകത്ത് നിരവധി പേരെ പരിശീലിപ്പിച്ചു. പുറത്തുനിന്ന് തീവ്രവാദികളെയും കൊണ്ടുവന്നു. അവരാണ് വടക്കൻ നഗരമായ റഷ്തിൽ മാർക്കറ്റുകൾ ആക്രമിച്ചതും പള്ളികൾക്ക് തീയിട്ടതും'- പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ഇറാനിലെ പ്രതിഷേധക്കാരെ പിന്തുണയ്ക്കുന്ന വിദേശ ഇടപെടൽ ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിലാണ് പെസെഷ്കിയാന്റെ പ്രതികരണം.
ഇറാനിലെ ആഭ്യന്തര ഭീകരപ്രവർത്തനങ്ങളിൽ യുഎസും ഇസ്രായേലും പങ്കാളികളാണെന്നതിന് ഇറാന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പ്രതിഷേധക്കാർക്ക് ആയുധങ്ങൾ വിതരണം ചെയ്യുന്നതും തടവുകാരുടെ കുറ്റസമ്മതവും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ ഉടൻ പുറത്തുവിടുമെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചിരുന്നു. പ്രതിഷേധക്കാരെ വിദേശശക്തികൾ പ്രചോദിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ല. തുല്യതയുടെയും പരസ്പര ബഹുമാനത്തിന്റേയും അടിസ്ഥാനത്തിൽ അമേരിക്കയുമായി പ്രായോഗിക ചർച്ചകൾക്ക് തയ്യാറാണെന്നും അരാഗ്ചി പറഞ്ഞിരുന്നു. അമേരിക്കയും ഇസ്രായേലും ആസൂത്രണം ചെയ്ത പ്രക്ഷോഭമാണിതെന്നും ശക്തമായി നേരിടുമെന്നുമാണ് ഇറാൻ സൈന്യം വ്യക്തമാക്കിയത്. യുദ്ധത്തിന്‍റെ നടുവിലാണ് ഇറാനെന്നും ഇസ്രായേലാണ് ഇതിന് പിന്നിലെന്നുമാണ് ഇറാൻ സുപ്രിം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി പ്രതികരിച്ചത്. അതുകൊണ്ടുതന്നെ വെടിനിർത്തലിനോ സമാധാനത്തിനോ പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ആരോപണം ശരിവയ്ക്കുന്ന യുഎസ് പ്രതികരണം, ഇടപെടൽ
മറ്റൊരു രാജ്യത്ത് നേരിട്ടുള്ള സൈനിക ഇടപെടൽ നടത്തുകയും അവരെ തകർക്കുകയും ചെയ്യുന്ന അധിനിവേശ ആക്രമണത്തിന് പേരുകേട്ടവരാണ് അമേരിക്ക. ഇറാഖ് അടക്കമുള്ള രാജ്യങ്ങൾ ഉദാഹരണം. എന്നാൽ അടുത്തിടെ വെനസ്വേലയിൽ നടത്തിയതുപോലുള്ള സൈനിക ആക്രമണത്തിലൂടെ പ്രസിഡന്റിനെയടക്കം കസ്റ്റഡിയിലെടുക്കുന്ന രീതിയാണ് ഉദ്ദേശിച്ചതെങ്കിലും പെട്ടെന്നുയർന്നു വന്ന പ്രതിഷേധം മുതലെടുത്ത് അതിന് സഹായവും പിന്തുണയും നൽകി ഭരണകൂടത്തെ താഴെയിറക്കാനുള്ള നീക്കം നടത്താനാണ് അമേരിക്ക ഒരുങ്ങുന്നതെന്ന് നിലപാടുകളിൽനിന്ന് വ്യക്തം.
പ്രതിഷേധക്കാർക്കെതിരെ ഇറാന്റെ സുരക്ഷാസേന അക്രമം നടത്തിയാൽ ഇറാനെ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇറാനിൽ വ്യാപിച്ചുവരുന്ന പ്രതിഷേധങ്ങൾ തന്റെ ഭരണകൂടം നിരീക്ഷിച്ചുവരികയാണെന്നും സൈനിക നടപടി സാധ്യതകൾ ആലോചിച്ചുവരികയാണെന്നും ട്രംപ് പറഞ്ഞിരുന്നു. പ്രതിഷേധക്കാർക്ക് സഹായം എത്തിക്കൊണ്ടിരിക്കുകയാണെന്ന് ട്രംപ് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇറാനിൽ ശക്തിപ്പെടുന്ന പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അമേരിക്കയുടെ കൈസഹായം എത്രത്തോളമുണ്ടെന്ന് ട്രംപിന്റെ ഈ പ്രഖ്യാപനം അടിവരയിടുന്നു.
ബലപ്രയോഗത്തിലൂടെ ജനകീയ പ്രക്ഷോഭം അമർച്ച ചെയ്യാൻ തുനിയരുതെന്നും ആവശ്യമെങ്കിൽ ഇടപെടുമെന്നും ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു. ഏതെങ്കിലും പ്രതിഷേധക്കാരെ വധിച്ചാൽ ഇറാൻ അമേരിക്കയിൽ നിന്ന് വളരെ ശക്തമായ നടപടി പ്രതീക്ഷിക്കണമെന്നാണ് അദ്ദേഹം കഴിഞ്ഞദിവസം സിബിഎസ് ന്യൂസിനോട് പ്രതികരിച്ചത്. ഇറാനുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങൾക്ക് അമേരിക്കയുമായുള്ള വ്യാപാര ഇടപാടുകൾക്ക് ട്രംപ് 25 ശതമാനം തീരുവ ചുമത്തുകയും ചെയ്തത് പ്രതിഷേധം തുടരുന്ന രാജ്യത്തെ ഒറ്റപ്പെടുത്താനുള്ള അമേരിക്കയുടെ ഗൂഢലക്ഷ്യം വെളിവാക്കുന്നു.
ഇറാനിൽ ഇസ്രായേലി ഏജന്റുമാരുടെ സാന്നിധ്യം സ്ഥിരീകരിച്ച് മുൻ സിഐഎ ഡയറക്ടർ കൂടിയായ മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഈ മാസം ആദ്യം സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. തെരുവുകളിലെ ഓരോ ഇറാനിക്കും അവരുടെ അരികിലൂടെ നടക്കുന്ന ഓരോ മൊസാദ് ഏജന്റിനും പുതുവത്സരാശംസകൾ എന്നായിരുന്നു മൈക്ക് പോംപിയോയുടെ ട്വീറ്റ്.
ഇസ്രായേലിന്റെ വെളിപ്പെടുത്തൽ...
ഇസ്രായേലിന്റെ ചില ഏജന്റുമാർ ഇപ്പോഴും ഇറാനിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് തീവ്ര വലതുപക്ഷ മന്ത്രിയായ അമിഷായ് ഏലിയാഹു വെളിപ്പെടുത്തിയത്. “ഞങ്ങൾ ജൂണിൽ റൈസിങ് ലയൺ എന്ന പേരിലുള്ള ആക്രമണം നടത്തിയത് ഇറാന്റെ മണ്ണിൽ ചെന്നാണ്. ഒരു ആക്രമണത്തിന് എങ്ങനെ അടിത്തറയിടണമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ഞങ്ങളുടെ ചില ആളുകൾ ഇപ്പോഴും അവിടെ പ്രവർത്തിക്കുന്നുണ്ടെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു“- അമിഷായ് ഏലിയാഹു കഴിഞ്ഞയാഴ്ച ആർമി റേഡിയോയോട് പറഞ്ഞു.
ഇറാനിലെ പ്രതിഷേധക്കാർക്ക് ആയുധം നൽകിയതിനു പിന്നിൽ വിദേശ ഏജന്റുമാരാണെന്ന് നെതന്യാഹുവിനെ പിന്തുണയ്ക്കുന്ന ചാനൽ-14 ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഇതാണ് ഇറാൻ സുരക്ഷാ സേനയിലെ അംഗങ്ങളുടെ മരണത്തിലേക്ക് നയിച്ചത്. ഇതിനോടകം 100ലേറെ ഇറാൻ സുരക്ഷാ സേനാംഗങ്ങളാണ് ഇറാനിൽ പ്രക്ഷോഭകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 1000ലേറെ പ്രതിഷേധക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ജൂണിൽ നടത്തിയ ആക്രണത്തിന് ആഴ്ചകൾ മുമ്പുതന്നെ ഇറാനിലേക്കും അവിടുത്തെ സുരക്ഷാ ശൃംഖലകളിലേക്കും ഇസ്രായേൽ ഏജന്റുമാർ നുഴഞ്ഞുകയറിയിരുന്നു. ഇതാണ് പിന്നീട് സൈനിക മേധാവിയുടെയടക്കം വധത്തിലേക്ക് നടന്ന ആക്രമണം എളുപ്പമാക്കിയതെന്നായിരുന്നു റിപ്പോർട്ടുകൾ. ഇറാന്റെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരി, ഇസ്‌ലാമിക് റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി എന്നിവരടക്കം നിരവധി സൈനികരാണ് അന്നത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
മൊസാദ് ഇറാനിലെ പ്രതിഷേധങ്ങളുടെ തിരശ്ശീലയ്ക്ക് പിന്നിൽ സജീവമാണെന്നാണ് തന്റെ അനുമാനമെന്ന് ലണ്ടനിലെ കിങ്സ് കോളജിലെ അധ്യാപകനും ഇസ്രായേലി ഇന്റലിജൻസ് പ്രവർത്തനങ്ങളെക്കുറിച്ച് എഴുതുകയും ചെയ്യുന്ന അഹ്രോൺ ബ്രെഗ്മാൻ പറഞ്ഞു. അവിടെ ഇസ്രായേൽ ഉദ്യോഗസ്ഥർ അസാധാരണമാംവിധം നിശബ്ദരാണ്. സംസാരിക്കരുതെന്നും പങ്ക് ഒരു തരത്തിലും വ്യക്തമാവരുതെന്നും കൃത്യമായ നിർദേശങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നീക്കത്തിന്റെ ലക്ഷ്യം
പ്രക്ഷോഭം സംബന്ധിച്ചും സൈനിക ഇടപെടൽ നീക്കം സംബന്ധിച്ചുമുള്ള ട്രംപിന്റെ പ്രതികരണങ്ങളും ഇസ്രായേലിന്റെ വെളിപ്പെടുത്തലും ഇറാനിലെ നിലവിലെ പ്രതിസന്ധിക്ക് പിന്നിൽ ഇരു രാജ്യങ്ങളും തന്നെയാണെന്ന ആരോപണങ്ങൾ ശരിവയ്ക്കുന്നു. ഭരണവിരുദ്ധ പ്രതിഷേധങ്ങൾക്കെതിരായ ഇറാൻ ഭരണകൂട നീക്കത്തിനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന ട്രംപിന്റെ ആവർത്തിച്ചുള്ള ഭീഷണി ഇറാനിലെ ഭരണമാറ്റമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും വ്യക്തം. 1979ലെ ഇറാൻ വിപ്ലവത്തിന് ശേഷം അധികാരത്തിലിരിക്കുന്ന പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ കീഴിലുള്ള ഭരണം അവസാനിപ്പിച്ച്, പകരം തങ്ങളുടെ സ്വന്തം ആളെ അവരോധിക്കാനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നതെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഇറാനിയൻ സർക്കാരിനെ നേരിട്ട് വെല്ലുവിളിക്കുകയും ഇറാനികളോട് നഗരകേന്ദ്രങ്ങൾ പിടിച്ചെടുക്കാൻ ആഹ്വാനം നടത്തുകയും ചെയ്യുന്ന റെസ പെഹ്‌ലവിയെയോ അതുപോലെ മറ്റേതെങ്കിലും നേതാവിനെയോ ഇറാന്റെ അധികാരക്കസേരയിൽ എത്തിക്കാനാണ് യുഎസും ഇസ്രായേലും ലക്ഷ്യമിടുന്നതെന്നും പറയപ്പെടുന്നു. ഷാഹ് ഭരണകൂടത്തിന്റെ പതനത്തോടെ പതിറ്റാണ്ടുകളായി പ്രവാസിയായിരുന്ന ഇറാനിലെ അവസാന ഷാ ആയിരുന്ന മുഹമ്മദ് റെസ പെഹ്‌ലവിയുടെ മകനാണ് പതിറ്റാണ്ടുകളായി അമേരിക്കയിൽ കഴിയുന്ന റെസ പെഹ്‌ലവി. വർഷങ്ങളായി ഇറാന്റെ ഭരണത്തിൽ നോട്ടമിട്ടിരിക്കുകയാണ് റെസ പെഹ്‌ലവി.
വർഷങ്ങളായി ഇസ്രായേലിനെ പിന്തുണയ്ക്കുന്ന റെസ പെഹ്‌ലവി ഇറാനിലെ ഭരണമാറ്റത്തിന് പാശ്ചാത്യ, ഇസ്രായേലി പിന്തുണ നേടാൻ പലഘട്ടങ്ങളിലും ശ്രമിച്ചിട്ടുള്ളയാളാണ്. 2023 ഏപ്രിലിൽ ഭാര്യയോടൊത്ത് ഇസ്രായേൽ സന്ദർശിച്ചതിനുശേഷം അവരുടെ ഇസ്രായേൽ അനുകൂല നിലപാട് കൂടുതൽ വ്യക്തമായിരുന്നു. സന്ദർശനത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ഇന്റലിജൻസ് മന്ത്രി ഗില ഗാംലിയലും അവരെ സ്വീകരിക്കുകയും ആതിഥേയത്വം വഹിക്കുകയും ചെയ്തു. കൂടാതെ ജൂണിൽ ഇറാന്റെ ആണവ കേന്ദ്രങ്ങളെ ആക്രമിച്ച ഇസ്രായേലിന്റെയും അമേരിക്കയുടേയും ആക്രമണങ്ങളെ റെസ പെഹ്‌ലവി പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
ഇറാനിയൻ റിയാലിന്റെ മൂല്യം ഇടിഞ്ഞതിൽ പ്രതിഷേധിച്ച് ഡിസംബർ 28ന് തലസ്ഥാനമായ തെഹ്റാനിലെ ഗ്രാൻഡ് ബസാറിലെ വ്യാപാരികൾ കടകൾ അടച്ചിട്ടതോടെയാണ് പ്രതിഷേധം രാജ്യത്ത് ആരംഭിച്ചത്. പിന്നാലെ പ്രതിഷേധം മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ജീവിതച്ചെലവ് കുതിച്ചുയരുകയാണെന്നും എല്ലാത്തിനും വിലക്കയറ്റമാണെന്നും ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികളുള്‍പ്പെടെ തെരുവുകളിലേക്ക് ഇറങ്ങിയതോടെ പ്രക്ഷോഭമായി. തുടർന്ന് പ്രക്ഷോഭത്തിന്റെ മാനം മാറുകയും ഭരണമാറ്റം ഉൾപ്പെടെ ഉന്നയിക്കപ്പെടുകയും ചെയ്തതോടെ കൂടുതൽ ശക്തമാവുകയും സുരക്ഷാ സേനയുമായുള്ള വെടിവെപ്പില്‍ വരെ കാര്യങ്ങളെത്തുകയും ചെയ്തു. ഇതോടെയാണ്, അമേരിക്കൻ ഇടപെടലുണ്ടായതും.