Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ദമസ്‌കസ്: സിറിയയിലെ ദേവാലയത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 63 പേര്‍ക്ക് പരുക്കേറ്റു. ഡമാസ്‌കസിലെ മാര്‍ ഏലിയാസ് ദേവാലയത്തിലാണ് സ്‌ഫോടനമുണ്ടായത്. ഡിസംബറില്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയ ശേഷം ഡമാസ്‌കസില്‍ നടക്കുന്ന ആദ്യ ചാവേര്‍ ആക്രമണമാണിത്.
ഭീകരസംഘടനയായ ഐഎസാണ് ചാവേര്‍ ആക്രമണത്തിനു പിന്നിലെന്നും ചര്‍ച്ചില്‍ പ്രവേശിച്ച ചാവേര്‍ തുടരെ വെടിയുതിര്‍ത്ത ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും സിറിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആക്രമണം നടക്കുന്ന സമയത്ത് ദേവാലയത്തില്‍ കുര്‍ബാന നടക്കുകയായിരുന്നുവെന്ന് സിറിയയിലെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിഡിയോയില്‍ ദേവാലയത്തിനുള്ളില്‍ മൃതദേഹങ്ങള്‍ കാണാം.
തകര്‍ന്ന ജനാലകളുടെ ചില്ലുകള്‍, പൊട്ടിയ കസേരകള്‍, തുടങ്ങി അപകത്തിന് ശേഷമുള്ള ദൃശ്യങ്ങള്‍ വിഡിയോയില്‍ കാണുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാനും പ്രദേശം സുരക്ഷിതമാക്കാനും എമര്‍ജന്‍സി ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിറിയയുടെ സിവില്‍ ഡിഫന്‍സ് പറഞ്ഞു.