അഫ്ഗാനിലെ പ്രധാന അതിർത്തി പ്രദേശങ്ങൾ പിടിച്ചടക്കി താലിബാൻ
അഫ്ഗാനിസ്താനില്‍നിന്ന് ഇറാനിലേക്കുള്ള പ്രധാന വ്യാപാരപാതയായ ഇസ്‍ലാം ഖാലയും തുർക്ക്‌മെനിസ്താനിലേക്കുള്ള രണ്ട് വ്യാപാരപാതകളിലൊന്നായ തോർഗണ്ടിയുമാണ് താലിബാൻ നിയന്ത്രണത്തിലാക്കിയത്
യുഎസ് സൈന്യം സമ്പൂർണമായി പിന്മാറിയതിനു പിറകെ അഫ്ഗാനിസ്താനിൽ നിയന്ത്രണമുറപ്പിക്കാനുള്ള നീക്കം ശക്തമാക്കി താലിബാൻ. ദിവസങ്ങളായി തുടരുന്ന സൈനിക നീക്കത്തില്‍ രാജ്യത്തെ പ്രധാന അതിർത്തി പ്രദേശങ്ങൾ പിടിച്ചടക്കിയതായി താലിബാൻ വൃത്തങ്ങൾ അവകാശപ്പെട്ടു.
ഇറാൻ, തുർക്ക്മെനിസ്താന്‍ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന നഗരങ്ങളാണ് താലിബാൻ നിയന്ത്രണത്തിലാക്കിയിരിക്കുന്നത്. ഇറാൻ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഇസ്‍ലാം ഖാലയും തുർക്ക്മെനിസ്താന്‍റെ തൊട്ടടുത്തുള്ള തോര്‍ഗണ്ടിയുമാണ് സംഘം പിടിച്ചടക്കിയത്. അതിർത്തിയിലെ കസ്റ്റംസ് ഓഫീസിലെ അഫ്ഗാൻ പതാക താലിബാൻ സൈന്യം അഴിക്കുന്നതിന്റെ വിഡിയോദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Iranian media have widely shared this video, reportedly showing Taliban fighters taking down the flag of Afghanistan at the Islam Qala border crossing. pic.twitter.com/2s1SBeOoTq
— Kian Sharifi (@KianSharifi) July 9, 2021
യുഎസ്-നാറ്റോ സൈന്യത്തിന്റെ പിന്മാറ്റത്തോടെ അഫ്ഗാന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള നീക്കം സജീവമാക്കിയിരിക്കുകയാണ് താലിബാൻ. രാജ്യത്തെ 85 ശതമാനം ഭാഗവും തങ്ങളുടെ നിയന്ത്രണത്തിലാക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം താലിബാൻ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ഈ വാദം അഫ്ഗാൻ സർക്കാർ തള്ളിക്കളഞ്ഞിട്ടുണ്ട്. അഫ്ഗാനിലെ 400 ജില്ലകളിൽ ഭൂരിഭാഗവും താലിബാൻ പിടിച്ചടക്കിയതായി മറ്റൊരു റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ഇതും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടില്ല.
ഹെറാത് പ്രവിശ്യയിലെ അതിർത്തി പ്രദേശങ്ങളായ ഇസ്‍ലാം ഖാല, തോര്‍ഗണ്ടി നഗരങ്ങൾ നഷ്ടപ്പെട്ട കാര്യം അഫ്ഗാൻ അധികൃതർ സമ്മതിച്ചിട്ടുണ്ട്. അഫ്ഗാനിൽനിന്ന് ഇറാനിലേക്കുള്ള പ്രധാന വ്യാപാരപാതയാണ് ഇസ്‍ലാം ഖാല. തോർഗണ്ടി തുർക്ക്‌മെനിസ്താനിലേക്കുള്ള രണ്ട് വ്യാപാരപാതകളിലൊന്നും. പ്രതിമാസം 20 മില്യൻ ഡോളറിന്റെ വരുമാനമാണ് ഇസ്‍ലാം ഖായിലൂടെയുള്ള വ്യാപാരംവഴി സർക്കാരിന് ലഭിച്ചുകൊണ്ടിരുന്നത്. അതിനാല്‍, സർക്കാരിനെ സംബന്ധിച്ചിടത്തോളം വൻ തിരിച്ചടിയാണ് രണ്ട് അതിർത്തിനഗരങ്ങളുടെയും നഷ്ടം.
ഇസ്‍ലാം ഖാലയും തോർഗണ്ടിയും തിരിച്ചുപിടിക്കാനുള്ള നീക്കം ആരംഭിച്ചതായി അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം വക്താവ് താരിഖ് അരിയാൻ അറിയിച്ചു. അതിർത്തിസേന അടക്കം മുഴുവൻ സുരക്ഷാ വിഭാഗങ്ങളും മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും രണ്ടു നഗരങ്ങളും തിരിച്ചുപിടിക്കാനുള്ള നീക്കം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ദിവസങ്ങൾക്കുമുൻപാണ് അഫ്ഗാനിസ്താനിലെ ബാഗ്രാം സൈനികതാവളം ഉപേക്ഷിച്ച് യുഎസ് സൈനികർ നാട്ടിലേക്കു തിരിച്ചത്. സെപ്റ്റംബർ 11 ആക്രമണത്തിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായായി അഫ്ഗാനിൽനിന്നുള്ള സമ്പൂർണ പിന്മാറ്റമുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായായിരുന്നു സൈനികർ കൂട്ടത്തോടെ അഫ്ഗാൻ വിട്ട് നാടണഞ്ഞത്.